'ഇത്രയധികം സുരക്ഷയുള്ള സ്ഥലത്ത് 300 കിലോ ആര്‍.ഡി.എക്സ് എങ്ങനെയെത്തി'? പുല്‍വാമ ഭീകരാക്രമണ വാര്‍ഷികത്തില്‍ കേന്ദ്രത്തിന് നേരെ ചോദ്യങ്ങളുമായി ഭൂപേഷ് ബാഗേല്‍
ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ കേന്ദ്ര സര്‍ക്കാരിന് നേരെ ചോദ്യങ്ങളുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയ്ക്ക് പിന്നിലാരെന്ന് കേന്ദ്രം ഉത്തരം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ചോദ്യമുന്നയിച്ചത്.
‘പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെ ഞാന്‍ ബഹുമാനിക്കുന്നു. അവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നു. എന്നാല്‍ ഒരു ചോദ്യം. ഉന്നത സുരക്ഷയൊരുക്കിയിരിക്കുന്ന സ്ഥലത്ത് 300 കിലോ ആര്‍.ഡി.എക്സ് എത്തിയത് എങ്ങനെ? ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരായിരുന്നു?’, ബാഗേല്‍ ട്വീറ്ററിലെഴുതി.
2018 ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. പട്ടാളക്കാര്‍ സഞ്ചരിച്ച് ട്രക്കിലേക്ക് ബോംബ് നിറച്ച കാറുമായി ചാവേര്‍ ആക്രമണം നടക്കുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിന് തിരിച്ചടിയായി പാകിസ്താനിലെ ജയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകള്‍ ഇന്ത്യ ആക്രമിക്കുകയും തുടര്‍ന്ന് ഇന്ത്യ പാകിസ്താന്‍ യുദ്ധത്തിലേക്ക് വരെ കാര്യങ്ങളെത്തുമെന്ന ആശങ്ക പരക്കുകയും ചെയ്തിരുന്നു.
അതേ സമയം ബാലാക്കോട്ടില്‍ ബി.ജെ.പി സര്‍ക്കാര്‍ അവകാശപ്പെടുന്ന തരത്തിലുള്ള ആക്രമണങ്ങളോ തീവ്രവാദികള്‍ കൊല്ലപ്പെടലോ ഉണ്ടായിട്ടില്ലെന്ന് പാകിസ്താന്‍ അറിയിച്ചിരുന്നു.
രാജ്യാന്തര വാര്‍ത്ത ഏജന്‍സികളും സമാനമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. ബാലാക്കോട്ട് ആക്രമണത്തില്‍ നൂറുകണക്കിന് തീവ്രവാദികളെ കൊലപ്പെടുത്താനായി എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടത്.