| Saturday, 5th September 2020, 1:30 pm

അരുണ്‍ മിശ്ര, വിശാല്‍ മിശ്ര; അറിയണം സംഘപരിവാര്‍ ബന്ധം ആരോപിക്കപ്പെടുന്ന ഈ ന്യായാധിപ സഹോദരന്‍മാരുടെ ചരിത്രം

ഷഫീഖ് താമരശ്ശേരി

ഏറെ വിവാദങ്ങള്‍ ബാക്കിയാക്കി ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീം കോടതിയില്‍ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ ഉന്നതരും അധികാര രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളെക്കുറിച്ച് സമീപകാലത്ത് നിരവധി ചര്‍ച്ചകള്‍ രൂപംകൊണ്ടിരുന്നു. ഇതിലെല്ലാം വളരെ കാര്യമായി ഉയര്‍ന്നുവന്ന ഒരു പേരായിരുന്നു അരുണ്‍ മിശ്ര. കോടതിമുറികളിലെ രാഷ്ട്രീയ സ്വാധീനങ്ങളുടെ പേരില്‍, പ്രത്യേകിച്ചും സംഘപരിവാറിന് വേണ്ടി നീതിന്യായ സംവിധാനങ്ങളെ അട്ടിമറിച്ചു എന്ന ആരോപണങ്ങളിലൂടെ ഏറെ വിമര്‍ശിക്കപ്പെട്ട ന്യായാധിപനാണ് അദ്ദേഹം.

അരുണ്‍ മിശ്ര

അരുണ്‍ മിശ്ര സുപ്രീം കോടതിയില്‍ നിന്നും പടിയിറങ്ങുമ്പോള്‍, ഇനി സുപ്രീം കോടതിയിലേക്കെത്തിയേക്കാവുന്ന ജഡ്ജിമാരുടെ കൂട്ടത്തിലുള്ള ഒരു പേര് നിലവില്‍ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയും അരുണ്‍ മിശ്രയുടെ സഹോദരനുമായ വിശാല്‍ മിശ്രയുടേതാണ്. വിശാല്‍ മിശ്രയാകട്ടെ സംഘപരിവാര്‍ അനുകൂലമായ പരസ്യ നിലപാടുകളുടെ പേരില്‍ അരുണ്‍ മിശ്രയേക്കാള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ന്യായാധിപനാണ്. അധികാര രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി നിയമവും നീതിയും വളച്ചൊടിച്ചുവെന്ന പേരില്‍ വിമര്‍ശിക്കപ്പെടുന്ന മിശ്ര സഹോദരന്‍മാരെക്കുറിച്ച് നാം കൂടുതല്‍ അറിയേണ്ടതുണ്ട്.

വിശാല്‍ മിശ്ര

2020 ഫെബ്രുവരി മാസം. സുപ്രീം കോടതി ജഡ്ജി അരുണ്‍ മിശ്രയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ അദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ തല മുണ്ഡനം ചെയ്യുന്ന ഒരു ചടങ്ങ് നടക്കുന്നു. ചടങ്ങില്‍ അതിഥികളായെത്തിയ ചില വിശിഷ്ട വ്യക്തികളെ കണ്ട് സദസ്സ് അമ്പരന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ, പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരെല്ലാം ഒരു കൊച്ചുകുട്ടിയുടെ തല മുണ്ഡനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത് എങ്ങിനെയെന്ന് ഏവര്‍ക്കും അത്ഭുതമായി തോന്നിയേക്കാം. എന്നാല്‍ അസാധാരണമായ രീതിയില്‍ ഈ വിശിഷ്ടാതിഥികളെയെല്ലാം തന്റെ വീട്ടിലെത്തിക്കുന്നതിനുള്ള ചില സവിശേഷതകള്‍ അരുണ്‍ മിശ്രയ്ക്കുണ്ടായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാവുക.

ഫെബ്രുവരി മാസത്തില്‍ തന്നെ നടന്ന ഒരു അന്തര്‍ദേശീയ ജുഡീഷ്യല്‍ സമ്മേളനത്തില്‍ അരുണ്‍ മിശ്ര നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ബഹമുഖ പ്രതിഭയും വിശ്വവിഖ്യാതനായ ധിഷണാശാലിയുമാണെന്നായിരുന്നു. കക്ഷി രാഷ്ട്രീയ വ്യവസ്ഥ ശക്തമായി നില്‍ക്കുന്ന ഒരു രാജ്യത്ത് നിക്ഷ്പക്ഷമായി നിലകൊള്ളേണ്ട കോടതിയുടെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍, ഭരണാധികാരികളെ പുകഴ്ത്തിയും പിന്തുണച്ചും പരസ്യമായി രംഗത്ത് വരുന്നത് നീതിന്യായ സംവിധാനങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതിന് കാരണമാകുമെന്ന് അന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

സമീപകാലത്ത് നിരവധി കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് രാജ്യം ആവര്‍ത്തിച്ചാവര്‍ത്തിച്ചുകേട്ട പേരാണ് അരുണ്‍ മിശ്ര. മധ്യപ്രദേശ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായിരുന്ന ഹര്‍ഗോവിന്ദ് ജി. മിശ്രയുടെ മകനാണ് അദ്ദേഹം. 1998 ല്‍ തന്റെ നാല്‍പ്പത്തിമൂന്നാമത്തെ വയസ്സില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബാര്‍ കൗണ്‍സില്‍ ചെയര്‍മാനായി മാറിയതോടെയാണ് അരുണ്‍ മിശ്ര ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. വര്‍ഷങ്ങളോളം മധ്യപ്രദേശ് ഹൈക്കോടതിയിലും പിന്നീട് രാജസ്ഥാന്‍ ഹൈക്കോടതിയിലും, ശേഷം കൊല്‍ക്കത്ത ഹൈക്കോടതിയിലുമെല്ലാം ജഡ്ജിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു.

2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് തൊട്ടുപിറകെയാണ് അരുണ്‍ മിശ്രയെ സ്ഥാനക്കയറ്റം നല്‍കി സുപ്രീം കോടതിയില്‍ നിയമിക്കുന്നത്. പിന്നീടങ്ങോട്ട് വിരമിക്കുന്നത് വരെ അദ്ദേഹത്തിന് സുപ്രീം കോടതിയില്‍ നിര്‍ണായകമായ സ്വാധീനമുണ്ടായിരുന്നു. പ്രമാദമായിരുന്ന ഒട്ടനേകം കേസ്സുകള്‍, വിധിന്യായങ്ങള്‍ എല്ലാം അരുണ്‍ മിശ്രയിലൂടെ കടന്നുപോയി. വിവിധ ചീഫ് ജസ്റ്റിസുമാരുടെ കാലയളവുകളില്‍ അതീവ രാഷ്ട്രീയപ്രാധാന്യമുള്ള പല കേസ്സുകളും കൈകാര്യം ചെയ്തത് അരുണ്‍ മിശ്രയായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കേസുകളില്‍ പോലും പലപ്പോഴും വിധിന്യായം എഴുതിയതും അരുണ്‍ മിശ്രയായിരുന്നു.

നരേന്ദ്ര മോദിക്കെതിരായ 25 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ട സഹാറ ബിര്‍ള കേസ്സ്, ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങളടങ്ങിയ സഞ്ജീവ് ഭട്ടിന്റെ പരാതി, അമിത് ഷാ പ്രതിചേര്‍ക്കപ്പെട്ടിരുന്ന സൊഹ്‌റാബുദ്ദീന്‍ ഷെയ്ക് – കൗസര്‍ബി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിധി പറയാനിരിക്കെ ജഡ്ജ് ലോയ കൊല്ലപ്പെട്ട സംഭവത്തിലെ തുടരന്വേഷണം തുടങ്ങി ഒട്ടനേകം കേസുകള്‍ കൈകാര്യം ചെയ്യാനായി അരുണ്‍ മിശ്ര നിയോഗിക്കപ്പെട്ടിരുന്നു.

2018ല്‍ സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ കോടതിക്ക് പുറത്തിറങ്ങി വാര്‍ത്താസമ്മേളനം നടത്തിയത് രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിലെ ആദ്യസംഭവമായിരുന്നു. ജഡ്ജ് ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹരജി അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിലേക്ക് അന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര പോസ്റ്റ് ചെയ്തതാണ് മറ്റ് നാല് മുതിര്‍ന്ന ജഡ്ജിമാരെ അസ്വസ്ഥരാക്കിയത്.

അരുണ്‍ മിശ്രയേക്കാള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ സുപ്രീം കോടതിയിലുണ്ടായിരിക്കെ അവരെ മറികടന്നുകൊണ്ട് ഇത്തരമൊരു നിര്‍ണായക കേസ് മിശ്രയിലെത്തിയതിന് പിന്നിലെ താത്പര്യങ്ങളെക്കുറിച്ചായിരുന്നു അന്ന് വിമര്‍ശനങ്ങളുയര്‍ന്നത്. വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയില്‍ നിന്ന് ജഡ്ജ് ലോയ കേസ് മാറ്റപ്പെട്ടുവെങ്കിലും ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ലോയ കേസില്‍ അന്വേഷണം വേണ്ടതില്ല എന്ന് തന്നെ തീരുമാനിക്കുകയായിരുന്നു.

സുപ്രീം കോടതി ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം

അരുണ്‍ മിശ്രയുടെ വിധിന്യായങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെട്ട ഒട്ടനേകം കേസുകള്‍ ഇക്കാലയളവിലുണ്ടായിരുന്നു. 2013ല്‍ ആദിത്യ ബിര്‍ല ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ആദിത്യ ബിര്‍ല ഗ്രൂപ്പ് പലര്‍ക്കും കൈക്കൂലി നല്‍കിയതിന്റെ വിവരങ്ങള്‍ കണ്ടെടുത്തിരുന്നു. അതില്‍ അക്കാലത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയ്ക്ക് ആദിത്യ ബിര്‍ല ഗ്രൂപ്പ് 25 കോടി രൂപ കൈക്കൂലി നല്‍കിയതിന്റെ തെളിവുകളുമുണ്ടായിരുന്നു. ഈ കേസും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് വന്നത്. അരുണ്‍ മിശ്ര അന്ന് പറഞ്ഞത് ഏതെങ്കിലും ചില കടലാസുകളുടെ അടിസ്ഥാനത്തില്‍ ഭരണഘടനാ ചുമതല വഹിക്കുന്ന ഉന്നതര്‍ക്കെതിരെ അന്വേഷണ ഉത്തരവിടാന്‍ കോടതിയ്ക്ക് സാധിക്കില്ല എന്നാണ്.

സഞ്ജീവ് ഭട്ടിന്റെ കേസ്സാണ് മറ്റൊരു ഉദാഹരണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കസ്റ്റഡി കൊലപാതകത്തിന്റെ പേരില്‍ ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിനെ ചോദ്യം ചെയ്തുകൊണ്ട് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കാര്യത്തില്‍ പുനരന്വേഷണം വേണ്ട എന്ന് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിക്കുകയായിരുന്നു എന്നത് ഒരു കാര്യം. ഇതിനിടെ നടന്ന ഏറെ ഗൗരവതരമായ മറ്റൊരു കാര്യം കൂടിയുണ്ട്.

സഞ്ജീവ് ഭട്ട്

2002ലെ ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്ക് അന്വേഷിക്കണമെന്നും കലാപത്തിന് ഒത്താശ ചെയ്ത മോദിയുടെ നിര്‍ദ്ദേശങ്ങള്‍ താനടക്കമുള്ള ഒരു യോഗത്തിലാണ് മുന്നോട്ടുവെച്ചതെന്നും കാണിച്ച് സഞ്ജീവ് ഭട്ട് ഐ.പി.എസ് നല്‍കിയ ഹരജിയും അരുണ്‍ മിശ്രയുടെ ബെഞ്ച് തള്ളുകയായിരുന്നു.

ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്ത ഇരകളുടെ കേസ് പരിഗണിച്ചുകൊണ്ടിരിക്കുന്ന ഗുജറാത്തിലെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ തുഷാര്‍ മേത്ത, കേസിലെ പ്രതികളുടെ അഭിഭാഷകര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്ന ആരോപണവും സുപ്രീം കോടതിയ്ക്ക് മുമ്പാകെ സഞ്ജീവ് ഭട്ട് ഉന്നയിച്ചിരുന്നു. ഇതിന്റെ തെളിവുകളായ ഇ-മെയിലുകളും സഞ്ജീവ് ഭട്ട് കോടതിക്ക് മുമ്പാകെ ഹാജരാക്കി.

എന്നാല്‍ ഇവ പരിശോധിച്ച അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞത് ഇതൊന്നും നീതിന്യായ സംവിധാനത്തെ അട്ടിമറിക്കുന്ന ഒരു പ്രക്രിയയായി കാണാനാവില്ല എന്നാണ്. ഒരു നിയമ ഉദ്യേഗസ്ഥന്‍ കോടതിയില്‍ ഫയലുകള്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് മറ്റ് നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തുന്നത് ഒരു തെറ്റല്ല എന്ന രീതിയില്‍ വളരെ ലളിതമായായിരുന്നു മിശ്ര ഈ വിഷയത്തെക്കുറിച്ച് കോടതിയില്‍ പ്രതികരിച്ചത്. കുറ്റാരോപിതനായ തുഷാര്‍ മേത്ത ഇന്ന് രാജ്യത്തിന്റെ സോളിസിറ്ററി ജനറല്‍ ആയി സുപ്രീം കോടതിയിലുണ്ട് എന്നത് മറ്റൊരു കാര്യം.

തുഷാര്‍ മേത്ത

അദാനി ഗ്രൂപ്പിനെതിരായ ആറോളം പ്രധാന കേസുകള്‍, ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണ കേസ്, മെഡിക്കല്‍ കോളേജ് കോഴക്കേസ്, ഭീമ കൊറേഗാവ് കേസുകളിലെ ജാമ്യാപേക്ഷകള്‍, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം, സര്‍ക്കാറിലേക്കുള്ള കുടിശ്ശിക അടയ്ക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ആവശ്യപ്പെടുന്ന വിധി തുടങ്ങി ഏറ്റവുമൊടുവില്‍ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസ്സിലെ വിധി വരെ ഒട്ടനേകം കേസ്സുകളില്‍ ഭരണ പാര്‍ട്ടിയായ ബി.ജെ.പിയുടെ താത്പര്യങ്ങള്‍ക്കനുകൂലമായ അരുണ്‍ മിശ്രയുടെ വിധി നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

അരുണ്‍ മിശ്രയുടേതിന് സമാനമായ വഴികള്‍ തന്നെയാണ് അദ്ദേഹത്തിന്റെ സഹോദരന്‍ വിശാല്‍ മിശ്രയുടേതും. 2019ലാണ് 45 വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പ് മധ്യപ്രദേശ് ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്ന വിശാല്‍ മിശ്ര ഹൈക്കോടതി ജഡ്ജാക്കുന്നത്. ഹൈക്കോടതി ജഡ്ജായിരിക്കാന്‍ നാല്‍പത്തിയഞ്ച് വയസ് പൂര്‍ത്തിയാകണം എന്ന നിയമം നിലനില്‍ക്കെയാണ് ഈ വ്യവസ്ഥകളെ മറികടന്ന് വിശാല്‍ മിശ്രയെ ജഡ്ജിയായി നിയമിച്ചത്. ഇത് രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും ആരോപണങ്ങളുയര്‍ന്നിരുന്നു.

നേരത്തെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആശംസകള്‍ നേര്‍ന്നും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടും നവമാധ്യമങ്ങളില്‍ തന്റെ രാഷ്ട്രീയ അനുഭാവം വ്യക്തമാക്കിക്കൊണ്ട് രംഗത്ത് വന്നിരുന്നയാളാണ് വിശാല്‍ മിശ്ര.

വിശാല്‍ മിശ്രയുടെ മുസ്ലിം വിരുദ്ധതയും ബി.ജെ.പി അനുഭാവവും വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റുകള്‍ വേറെയുമുണ്ടായിരുന്നു. അദ്ദേഹം തന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നെഹ്റു കുടുംബത്തെ മുസ്ലിങ്ങളായാണ് അവതരിപ്പിക്കുന്നത്. ഈ പോസ്റ്റില്‍ നെഹ്‌റു കുടുംബത്തിലുള്ളവരുടെ പേരിനൊപ്പം യഥാര്‍ത്ഥ പേര്, മാതാപിതാക്കളുടെ പേര് എന്നിങ്ങനെ പട്ടിക തരംതിരിച്ച് നല്‍കിയിരുന്നു. ഇവര്‍ക്ക് മുസ്‌ലിം പേരുകള്‍ നല്‍കിക്കൊണ്ട് നെഹ്റു കുടുംബം മുസ്ലിങ്ങളാണെന്ന് സ്ഥാപിച്ചെടുക്കാനായിരുന്നു വിശാല്‍ മിശ്ര ശ്രമിച്ചത്. കുടുംബവേരുകള്‍ മുസ്‌ലിം പശ്ചാത്തലത്തിലായതുകൊണ്ട് നെഹ്‌റു കുടുംബം ഹിന്ദുക്കളെ വെറുക്കുവെന്നായിരുന്നു വിശാല്‍ മിശ്ര ഈ വ്യാജ പോസ്റ്റിന്റെ പിന്‍ബലത്തില്‍ ആരോപിച്ചത്.

വിശാല്‍ മിശ്ര

ബി.ജെ.പി അനൂകൂല നിലപാടുകളിലൂടെ വിശാല്‍ മിശ്രയും ഉടന്‍ തന്നെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അങ്ങനെ സംഭവിച്ചാല്‍ അടുത്ത പതിനാറ് വര്‍ഷം അദ്ദേഹം സുപ്രീം കോടതിയിലുണ്ടാകും. തീര്‍ച്ചയായും അതുവഴി സംഘപരിവാറിന് തങ്ങളുടെ തല്‍പരനായ ഒരാളെ ഇന്ത്യയുടെ പരമോന്നത ന്യായാധിപനായി മാറ്റാന്‍ കഴിയുമെന്നുമുള്ള നിരീക്ഷണങ്ങളും പുറത്തുവരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more