ലോകത്തെവിടെയായാലും മനുഷ്യാവകാശ പോരാട്ടം ഏറെ അപകടം പിടിച്ചതാണ്. ഏറ്റവും ഭീകരമായ തോതില്‍ അധികാരം കയ്യാളുന്ന അല്‍ സൗദ് രാജ കുടുംബത്തിന്റെ സമഗ്രാധിപത്യത്തിനെതിരാവുമ്പോള്‍ അത് അതക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ വെച്ചുള്ള പോരാട്ടവുമാകുന്നു.
പ്രതികൂലമായ ഈ ഘടകങ്ങളെല്ലാം പാടെ അവഗണിച്ച ധീരനായ പോരാളിയായിരുന്നു ഇന്നലെ തടവിലായിരിക്കെ തന്നെ മരണപ്പെട്ട 69 കാരനായ അബ്ദുല്ലാ അല്‍ ഹാമിദ്. മരണപ്പെട്ടു എന്ന് പറയുന്നതിന് പകരം കൊല്ലപ്പെട്ടു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ജീവിതത്തിലുടനീളം സ്വതന്ത്രമായി ആശയാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ ഭരണകൂടം നിരന്തരം വേട്ടയാടി. ഒടുവില്‍ തക്ക സമയത്ത് അനിവാര്യമായ ചികില്‍സ നിഷേധിച്ച് അബ്ദുല്ലയെ രക്തസാക്ഷിത്വത്തിലേക്ക് വേഗത്തില്‍ എത്തിക്കുകയായിരുന്നു.
1950 ല്‍ സൗദിയിലെ ബുറൈദയില്‍ ജനിച്ച അബ്ദുല്ല മികച്ച കവിയും അറബി സാഹിത്യത്തിലും ഭാഷയിലും ഇസ്ലാമിലുമെല്ലാം അഗാധ പാണ്ഡിത്യത്തിനുടമയുമായിരുന്നു. നിരവധി പുസ്തകങ്ങളും ലേഖനങ്ങളും അബ്ദുല്ലയുടേതായി വന്നു. പക്ഷേ എല്ലാത്തിന്റെയും അടിസ്ഥാനം നീതിബോധത്തിലധിഷ്ഠിതമായ വിശാല മാനവിക മൂല്യങ്ങളായിരുന്നു. അബ്ദുല്ലയുടെ മതവും രാഷ്ട്രീയവും സാഹിത്യവുമെല്ലാം മാലയുടെ മുത്തുകള്‍ പോലെ ഈ മൂല്യങ്ങളുടെ ചുറ്റും ചേര്‍ന്നു നിന്നു.
അബ്ദുല്ലയുടെ വീക്ഷണങ്ങള്‍ എപ്പോഴും പുരോഗമനപരവും പലപ്പോഴും വിപ്ലവകരവുമായിരുന്നു. കണിശമായ യുക്തിയും നീതി ബോധവുമായിരുന്നു തന്റെ മത, രാഷ്ട്രീയ വീക്ഷണങ്ങള്‍ക്ക് അബ്ദുല്ല അടിസ്ഥാനമാക്കിയത്. മുസ്ലിങ്ങളുടെ നിര്‍ബന്ധ ദാന ധര്‍മ്മമായ ‘സകാത്’ പരമ്പരാഗത സങ്കല്‍പങ്ങള്‍ക്കനുസരിച്ച് പാവപ്പെട്ടവര്‍ക്ക് മാത്രം നല്‍കുന്നതിന് പകരം ശാസ്ത്ര, നിയമ, സങ്കേതിക പ്രതിഭകള്‍ക്കും നല്‍കണമെന്നദ്ദേഹം അഭിപ്രായപ്പെട്ടത് ഒരുദാഹരണം. അത് വഴി മുസ്ലിം രാജ്യങ്ങള്‍ക്ക് ഈ മേഖലയില്‍ മുന്നേറാമെന്നദ്ദേഹം തിരിച്ചറിഞ്ഞു.
അബ്ദുല്ലയുടെ മതവും ലോക വീക്ഷണവും ഒരൊറ്റ ഉദ്ധരണിയിലൂടെ സംഗ്രഹിക്കാം, ‘ഇസ്ലാമിലെ ശൂറാ സങ്കല്‍പം പരസ്പരം ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതി, മനുഷ്യാവകാശങ്ങള്‍, കുറ്റാരോപിതന്റെ അവകാശങ്ങള്‍, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, സമത്വവും സ്വാതന്ത്രവും തുടങ്ങിയ കാര്യങ്ങളെ പറ്റി മത പണ്ഡിതരും നിയമജ്ഞരും കൂടുതല്‍ എഴുതാന്‍ തുടങ്ങിയാല്‍ രാജ്യങ്ങള്‍ കൂടുതല്‍ ഭക്തി സാന്ദ്രവും ശക്തവും ആവില്ലേ ? നഖം വെട്ടുന്നതിനെ പറ്റിയും പല്ല് തേക്കുന്ന മിസ്‌വാക്കിനെ പറ്റിയും എഴുതിയതിന്റെ പത്തിലൊന്നെങ്കിലും ഇക്കാര്യങ്ങളെ പറ്റി എഴുതിയിരുന്നെങ്കില്‍!’
ജിഹാദിന്റെ ഏറ്റവും വികല വ്യാഖ്യാനം ലോകത്തുടനീളം പ്രചാരണം നേടിയ ഒരു ഘട്ടത്തില്‍ തന്നെ ‘ജിഹാദ് സില്‍മി’ അഥവാ സമാധാനപരമായ ജിഹാദ് എന്ന വ്യാഖ്യാനം ശക്തമായി മുന്നോട്ട് വെച്ചു. പറയുക മാത്രമല്ല, അബ്ദുല്ലയും കൂട്ടരും തങ്ങളുടെ ഏറ്റവും സമാധാനപരമായ രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ ഇത് പ്രായോഗികമായി കാണിച്ച് തരിക കൂടി ചെയ്തു.
ഇസ്ലാമിന്റെ ഏറ്റവും തീവ്രവും സങ്കുചിതവുമായ ഒരു വ്യാഖ്യാനം ഭരണകൂടത്തിന്റെ ശക്തമായ പിന്തുണയോടെ നില്‍ക്കുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന നാട്ടില്‍ തന്നെ അബ്ദുല്ലയും കൂട്ടരും അതേ ഇസ്ലാമിന്റെ ബദല്‍ വ്യാഖ്യാനം അവതരിപ്പിച്ചു, ജീവന്‍ പണയം വെച്ച് അതിനായി പോരാടി.
നീതി ബോധത്തേയും മനുഷ്യാവകാശങ്ങളേയും ശക്തിപ്പെടുത്താന്‍ സമാധാനപരമായ ജിഹാദ് വേണമെന്നവര്‍ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. സമാധാനപരമായി സംഘടിക്കുന്നതും രാഷ്ട്രീയ ശബ്ദം മുഴക്കുന്നതുമെല്ലാം ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളില്‍ പെടുന്നതാണ് എന്നദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന്റെ തോന്ന്യാസങ്ങള്‍ക്ക് സമ്മതം നിര്‍മിക്കുന്ന ഏര്‍പ്പാടിലേര്‍പ്പെട്ട സൗദിയിലെ മുഖ്യധാരാ സലഫീ പണ്ഡിതന്‍മാരുടെ നിലപാടിന് കടക വിരുദ്ധമായ സമീപനമായിരുന്നു ഈ വിഷയത്തില്‍ അബ്ദുല്ലയുടേത്.
ഭരണകൂടത്തിന് അനുകൂലമായി മാറുന്ന രീതിയിലുള്ള അടിസ്ഥാന രഹിതമായ ഭിന്നിപ്പുകള്‍ക്കും ചേരിതിരിവുകള്‍ക്കുമപ്പുറം വിശാല മൂല്യങ്ങള്‍ക്കായി അബ്ദുല്ലയും കൂട്ടരും നില കൊണ്ടു. ശിയാ-സുന്നി, ഇസ്ലാമിസ്റ്റ്-ലിബറല്‍, സൗദി-കുടിയേറ്റക്കാര്‍ തുടങ്ങിയ ദ്വന്ദ്വങ്ങള്‍ക്കപ്പുറമുള്ള ചിന്തകള്‍ അബ്ദുല്ല ശക്തമായി മുന്നോട്ട് വെച്ചു.
പ്രമുഖ സൗദി വിമതയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ വിസിറ്റിംഗ് പ്രൊഫസറുമായ മദാവി അല്‍ റഷീദിന്റെ അബ്ദുല്ലയെ പറ്റിയുള്ള നിരീക്ഷണം പ്രസക്തമാണ്, ‘മനുഷ്യാവകാശങ്ങള്‍ പുറത്ത് നിന്നുള്ള ആശയങ്ങളായി കാണാതെ തങ്ങളുടെ മത പശ്ചാത്തലത്തിലൂടെ വിശദീകരിക്കാന്‍ അബ്ദുല്ലക്ക് സാധിച്ചു. പുതിയ ആശയങ്ങളായി കരുതപ്പെടുന്ന മനുഷ്യാവകാശങ്ങളും, ഭീകരവല്‍ക്കരിക്കപ്പെട്ട ഒരു നീതിന്യായ സമ്പ്രദായത്തിനും രാജഭരണത്തിനുമെതിരായ പ്രതിരോധവുമെല്ലാം പാരമ്പര്യവുമായി ബന്ധപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു’.
സ്വാഭാവികമായും അബ്ദുല്ലയുടെ എഴുത്തിലേയും ചിന്തയിലേയും ‘അപകടം’ അല്‍ സൗദ് ഭരണകൂടം കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. നിരവധി തവണ അദ്ദേഹത്തെയും കൂട്ടരേയും അവര്‍ ജയിലിലടച്ചു. സമാന ആശയക്കാരുമായി ചേര്‍ന്ന് 1993 ല്‍ ‘കമ്മിറ്റി ഫോര്‍ ദി ഡിഫന്‍സ് ഓഫ് ലജിറ്റമേറ്റ് റൈറ്റ്‌സ് (CDLR)’ സ്ഥാപിച്ചപ്പോഴായിരുന്നു ആദ്യ അറസ്റ്റ്.
തൊണ്ണൂറുകളില്‍ തന്നെ മൂന്ന് തവണയായി പല വര്‍ഷങ്ങള്‍ ജയിലില്‍ കഴിയേണ്ടി വന്നെങ്കിലും അബ്ദുല്ല പിന്‍മാറിയില്ല. 2003 ല്‍ രാജ്യത്തെ അറിയപ്പെടുന്ന പണ്ഡിതരും പ്രതിഭകളും ചേര്‍ന്ന നൂറോളം പേര്‍ സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും രാജഭരണ സമ്പ്രദായത്തില്‍ കാതലായ മാറ്റവും ആവശ്യപ്പെട്ട് എഴുതിയപ്പോള്‍ അബ്ദുല്ലയുടെ പേരും അതിലുണ്ടായിരുന്നു. സ്വാഭാവികമായും അറസ്റ്റും വേട്ടയാടലുകളും പിന്തുടര്‍ന്നു. പലരേയും പിന്നീട് ഇനി ആവര്‍ത്തിക്കില്ലെന്ന ഉറപ്പില്‍ ഭരണകൂടം തുടര്‍ നടപടികളില്‍ നിന്നൊഴിവാക്കിയെങ്കിലും അബ്ദുല്ല അങ്ങനെയുള്ള ഉറപ്പുകളൊന്നും നല്‍കാന്‍ തയ്യാറായിരുന്നില്ല.
2004 ല്‍ വീണ്ടും തീര്‍ത്തും സമാധാന പരമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. തുടര്‍ന്ന് 7 വര്‍ഷത്തേക്ക് ജയിലിലേക്കയച്ചു. 2005 ല്‍ അധികാരമേറ്റ അബ്ദുല്ലാ രാജാവ് നല്‍കിയ പൊതു മാപ്പിന്റെ ഫലമായി പുറത്തിറങ്ങിയെങ്കിലും അഭിപ്രായങ്ങള്‍ മൂടി വെക്കാന്‍ അബ്ദുല്ല തയ്യാറായില്ല. സ്വാഭാവികമായും അറസ്റ്റുകളും ജയില്‍വാസവും വീണ്ടും വന്നു.
2009 ല്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ മുഹമ്മദ് അല്‍ ഖഹതാനിയെ പോലുള്ളവരുമായി ചേര്‍ന്ന് അറബിയില്‍ ‘ഹാസം’ എന്നും ഇംഗ്ലീഷില്‍ ACPRA എന്നും അറിയപ്പെട്ടിരുന്ന മനുഷ്യാവകാശ സംഘടന രൂപീകരിച്ചു. 1948 ലെ യു.എന്‍ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു സംഘടനയുടെ സൈദ്ധാന്തിക അടിത്തറയായി സ്വീകരിച്ചത്. വിചാരണയും കുറ്റപത്രവുമൊന്നുമില്ലാതെ സൗദി തടവില്‍ നരകിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു പ്രധാന ലക്ഷ്യം.
തുടക്കം മുതല്‍ സംഘടനയും അതിന്റെ നേതാക്കളും വേട്ടയാടപ്പെടുകയും പലരും അറസ്റ്റിലാകുകയും ചെയ്തു. 2012 ജൂണില്‍ അബ്ദുല്ലയും അറസ്റ്റിലായി. പതിവ് പോലെയുള്ള വിചാരണാ പ്രഹസനങ്ങള്‍ക്കൊടുവില്‍ 11 വര്‍ഷത്തേക്ക് ശിക്ഷിച്ചു. ഈ കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പാണ് ഇപ്പോള്‍ മരണപ്പെടുന്നത്. ഗുരുതരമായ അസുഖങ്ങള്‍ ഉള്ള അബ്ദുല്ലക്ക് ഡോക്ടര്‍മാര്‍ മാസങ്ങള്‍ക്ക് മുമ്പേ അടിയന്തിര ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നെങ്കിലും ഭരണകൂടം ബോധപൂര്‍വ്വം ചികിത്സ വൈകിച്ച് അബ്ദുല്ലയെ മരണത്തിന് വിട്ടു കൊടുക്കുകയായിരുന്നുവെന്നാണ് ആക്റ്റിവിസ്റ്റുകള്‍ ആരോപിക്കുന്നത്.
ഫഹദ്, അബ്ദുല്ല, സല്‍മാന്‍ എന്നിങ്ങനെ പൊതുവേ വ്യത്യസ്ത രീതിയില്‍ വിലയിരുത്തപ്പെടാറുള്ള മൂന്ന് രാജാക്കന്‍മാരുടെ ഭരണ കാലത്താണ് അബ്ദുല്ല പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതും അതിന്റെ പേരില്‍ നിരന്തരം വേട്ടയാടപ്പെടുന്നതും. ഇതില്‍ അവസാന കാലഘട്ടമാണെങ്കില്‍ ഫലത്തില്‍ രാജാവിന് പകരം മുഹമ്മദ് ബിന്‍ സല്‍മാനാണ് അധികാര കേന്ദ്രം.
ശ്രദ്ധേയമായ കാര്യം മൂന്ന് പേരുടെ ഭരണ കാലത്തും ഒരേ പോലെ തടവറയും വേട്ടയാടലുമാണ് അബ്ദുല്ല നേരിടേണ്ടി വന്നത്. ഈ ഭരണകൂടങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ആയുധങ്ങളും നല്‍കി വന്നിരുന്ന പാശ്ചാത്യ ഭരണകൂടങ്ങള്‍ക്കും ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ ഒരിക്കലും പ്രശനമായിരുന്നില്ല. അതാണ് അല്‍ സൗദിന്റെ പ്രവര്‍ത്തനത്തിന്റെ മോഡസ് ഓപ്പരാണ്ടിയും പശ്ചിമേഷ്യന്‍ ജിയോ പൊളിറ്റിക്‌സും. ഭരിക്കുന്നത് ആരായാലും മനുഷ്യാവകാശത്തോടും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടുമുള്ള സമീപനം തുല്യമായ അളവില്‍ ക്രൂരമാണ്, മനുഷ്യത്ത വിരുദ്ധവും.
ഇപ്പോള്‍ പരിഷ്‌കരണ നടപടികളുടെയും സ്ത്രീകളുടെ അവകാശങ്ങളുടേയും പേരില്‍ പാശ്ചാത്യ സമൂഹത്തെ കയ്യിലെടുത്തിരുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെയാണ് അതിനായി വാദിച്ചിരുന്ന മുഴുവന്‍ ആക്റ്റിവിസ്റ്റുകളേയും ജയിലിലടച്ചിടുന്നത്. സല്‍മാന്‍ അല്‍ ഔദയും ലൗജേന്‍ അല്‍ ഹത് ലൂലുമെല്ലാം അടങ്ങുന്ന ഒരു വന്‍ നിര രാഷ്ട്രീയ പോരാളികള്‍ ജയിലിലാണ്. ലൈംഗികാതിക്രമം അടക്കമുള്ള കൊടിയ പീഡനമാണ് ഇവര്‍ നേരിടുന്നതെന്ന് ആക്റ്റിവിസ്റ്റുകളും വിസില്‍ ബ്ലോവര്‍മാരും ആരോപിക്കുന്നു. ആംനസ്റ്റി അടക്കമുള്ള സംഘടനകള്‍ നിരന്തരം ഇവര്‍ക്കായി വാദിക്കുന്നുണ്ടെങ്കിലും പെട്രോ ഡോളറിനെ നേരിടാനുള്ള കരുത്തില്ലാത്തതിനാല്‍ എവിടെയുമെത്താതെ പോകുന്നു.
ഈ ഭീകര ഭരണകൂടത്തിനെതിരെ പോരാടുന്നവര്‍ എണ്ണത്തില്‍ വളരെ കുറവായിരിക്കും എന്നത് സ്വാഭാവികം. പക്ഷേ അറേബ്യന്‍ മരുഭൂമിയിലെ മരുപ്പച്ച പോലെയാണവര്‍. ഏത് പ്രതികൂല സാഹചര്യത്തേയും നേരിടാനുള്ള അത്ഭുതകരമായ കരുത്ത് കാണിക്കാനും വലിയൊരു ആവാസ വ്യവസ്ഥയിലെ നിര്‍ണായക കണ്ണിയാവാനും അവര്‍ക്ക് സാധിക്കുന്നുണ്ട്. അബ്ദുല്ല അല്‍ ഹാമിദിനെ പോലെ ഈ മരുപ്പച്ചകളെ അടയാളപ്പെടുത്തിയ പോരാളികള്‍ അധികമുണ്ടാവില്ല.
ആദരാജ്ഞലികള്‍! നാളത്തെ ലോകം ഓര്‍മിക്കുന്ന സൗദി നാമങ്ങള്‍ നിങ്ങളെ പോലുള്ളവരുടേതായിരിക്കും, നിങ്ങളെ വേട്ടയാടിയവരുടേതാവില്ല !
വിവരങ്ങള്‍ക്ക് കടപ്പാട്: Middleeasteye, Twitter