| Monday, 11th October 2021, 7:04 pm

ബിന്‍ ലാദനോളം ഭീകരനെന്ന് അമേരിക്ക മുദ്ര കുത്തിയ പാക് ആണവ ബോംബിന്റെ പിതാവ്; ആരായിരുന്നു അബ്ദുല്‍ ഖദീര്‍ ഖാന്‍

നീതു രമമോഹന്‍

പാകിസ്ഥാന്‍ ആണവ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന അബ്ദുല്‍ ഖദീര്‍ ഖാന്‍ വിടവാങ്ങിയതിന് പിന്നാലെ ആണവായുധങ്ങള്‍ക്കായി രാജ്യങ്ങള്‍ തമ്മില്‍ നടന്ന മത്സരങ്ങളുടെയും ചാരപ്രവര്‍ത്തികളുടെയും ചരിത്രം ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണ്. ഒരുകാലത്ത് ഒസാമ ബിന്‍ ലാദനോളം അപകടകാരിയായ മനുഷ്യനെന്ന് സി.ഐ.എ മുദ്ര കുത്തിയ, പാകിസ്ഥാന്‍ തങ്ങളുടെ നാഷണല്‍ ഹീറോയായി ആരാധിക്കുകയും എന്നാല്‍ പിന്നീട് ആണവ രഹസ്യങ്ങള്‍ ചോര്‍ത്തിയ കുറ്റത്തിന്റെ പേരില്‍ അതേ പാക്കിസ്ഥാന്‍ ഭരണകൂടം തടവിലിടുകയും ചെയ്ത അബ്ദുല്‍ ഖദീറിന്റെ വിവാദങ്ങളൊഴിയാത്ത ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത്.

ആരാണ് അബ്ദുല്‍ ഖദീര്‍ ഖാന്‍? ആണവായുധ രംഗത്തെ പാകിസ്ഥാന്റെ വളര്‍ച്ചയും ഖാന്റെ ജീവിതവും ഒഴിച്ചുകൂടാനാകാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയപ്പെടുന്നത് എന്തുകൊണ്ടാണ്? ആണവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടിട്ട് പോലും ഇന്നും പാക്കിസ്ഥാന്റെ ആദരവും അംഗീകാരവും ഖദീര്‍ ഖാന് ലഭിക്കുന്നതെങ്ങനെ? പാശ്ചാത്യരാജ്യങ്ങള്‍ ഖാനെ ഭീകരനായ മനുഷ്യനെന്ന് മുദ്ര കുത്താനിടയായ സാഹചര്യമെന്തായിരുന്നു? നമുക്ക് പരിശോധിക്കാം

ന്യൂക്ലിയര്‍ ഫിസിസിസ്റ്റും മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറുമായിരുന്ന അബ്ദുല്‍ ഖദീര്‍ ഖാന്‍ എന്ന എ.ക്യു ഖാന്‍ അവിഭക്ത ഇന്ത്യയിലായിരുന്നു ജനിച്ചത്. 16ാം വയസ്സ് വരെ ഇന്ത്യയില്‍ ജീവിച്ച അദ്ദേഹം, വിഭജനത്തിന് ശേഷം 1952ല്‍ കുടുംബത്തോടൊപ്പം പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. പാക്കിസ്ഥാനിലെത്തിയ ഖാന്‍ കറാച്ചി സര്‍വകലാശാലയിലെ പഠനത്തിന് ശേഷം പിന്നീട് ഉപരിപഠനത്തിനായി ജര്‍മനിയിലേക്കും അവിടെ നിന്ന് നെതര്‍ലാന്‍ഡ്‌സിലേക്കും പോയി. നെതര്‍ലാന്‍ഡ്‌സില്‍ നിന്നാണ് എ.ക്യു. ഖാന്‍ ആണവശാസ്ത്രജ്ഞനായുള്ള തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.

അബ്ദുല്‍ ഖദീര്‍ ഖാന്‍

പാകിസ്ഥാന്റെ ആണവ പദ്ധതികളുടെ ഭാഗമായതോടെയാണ് എ.ക്യു. ഖാന്റെ കരിയറിലും ജീവിതത്തിലും വലിയ വഴിത്തിരിവുകള്‍ സംഭവിക്കുന്നത്. പിന്നീടങ്ങോട്ട് തന്റെ മരണം വരെ എ. ക്യു ഖാന്‍ വിവാദങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞുനിന്നു.

സുള്‍ഫിക്കര്‍ അലി ഭൂട്ടോ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന സമയത്താണ് എ.ക്യു. ഖാന്‍ പാക് ആണവപദ്ധതികളുടെ ഭാഗമാകുന്നത്. ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പാകിസ്ഥാന്‍ പരാജയപ്പെടുകയും ഇന്ത്യ ആണവശക്തിയായി വളര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന സമയമായിരുന്നു അത്. അതുകൊണ്ട് തന്നെ ഖാന്റേതു പോലുള്ള ഒരു ‘ആണവ തലച്ചോറ്’ ആ ഘട്ടത്തില്‍ പാകിസ്ഥാന് ആവശ്യമായിരുന്നു. പിന്നീടങ്ങോട്ടുള്ള എ.ക്യു. ഖാന്റെ ജീവിതവും ആണവരംഗത്തെ പാകിസ്ഥാന്റെ വളര്‍ച്ചയും ഏകദേശം ഒരേ ദിശയിലായിരുന്നുവെന്ന് തന്നെ പറയാം.

പാകിസ്ഥാനെ ലോകത്തെ ആദ്യ ഇസ്ലാമിക് ആണവശക്തിയായി വളര്‍ത്തിയതിലും രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയതിലും ഖാന് വലിയ പങ്കുണ്ട്. ഇസ്ലാമാബാദിന് സമീപത്തുള്ള കഹൂതയില്‍ പാകിസ്ഥാനിലെ ആദ്യ ആണവ പാര്‍ക്ക് സ്ഥാപിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഖാനായിരുന്നു. 1998 മെയ് മാസത്തിലാണ് പാകിസ്ഥാന്‍ അവരുടെ ആദ്യ ആണവപരീക്ഷണം നടത്തുന്നത്. ഇന്ത്യ പൊക്രാന്‍ ആണവ പരീക്ഷണം നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇതും.

ഇന്ത്യയോളം തന്നെ വലിയ ആണവശക്തിയായി പാകിസ്ഥാന്‍ വളരാന്‍ കാരണം ഈ പരീക്ഷണവും അതിന് പിന്നില്‍ നിന്ന എ.ക്യു ഖാനും ആണെന്നാണ് പാകിസ്ഥാന്‍ വിശ്വസിക്കുന്നത്. ലോകത്തെ ഏഴാമത്തെ വലിയ ആണവശക്തിയായി പാകിസ്ഥാന്‍ ഉയരാന്‍ കാരണമായതും ഈ പരീക്ഷണങ്ങളായിരുന്നു. ഇന്ത്യക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്താനും ഇത് പാകിസ്ഥാനെ സഹായിച്ചതായി അവിടുത്തെ ഭരണകൂടം വിശ്വസിക്കുന്നു.

ഒരു നാഷണല്‍ ഹീറോ പരിവേഷത്തിലേക്കാണ് ഖാന്‍ ഇതിലൂടെ എത്തിയത്. പാകിസ്ഥാന്‍ തെരുവിലെ ചുമരുകളിലും മതിലുകളിലും വാഹനങ്ങളുടെ പിറകിലും ഖാന്റെ മുഖം ആളുകള്‍ വരച്ചിട്ടു. പാക് ജനത അവരുടെ വ്യക്തിയാരാധന പ്രകടമാക്കിയ സമയം കൂടിയായിരുന്നു ഇത്. ഒരു ആണവശാസ്ത്രജ്ഞന് ലഭിക്കാവുന്നതിലപ്പുറം പ്രശസ്തിയും ജനസ്വീകാര്യതയും അബ്ദുല്‍ ഖദീര്‍ ഖാന് ലഭിച്ചു.

പിന്നീടുള്ള വര്‍ഷങ്ങളില്‍ പാകിസ്ഥാന്‍ അവരുടെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ പുരസ്‌കാരങ്ങളായ നിഷാന്‍-ഇ-ഇംതിയാസ് (ഓര്‍ഡര്‍ ഓഫ് എക്സലന്‍സ്), മൊഹ്സിന്‍-ഇ-പാകിസ്ഥാന്‍ എന്നിവ നല്‍കി ഖാനെ ആദരിച്ചിട്ടുണ്ട്.

അബ്ദുല്‍ ഖദീര്‍ ഖാന്‍

പാകിസ്ഥാന് അവരുടെ ദേശീയ ഐക്കണെ നഷ്ടമായി എന്നായിരുന്നു ഖാന്റെ മരണത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്. അബ്ദുല്‍ ഖദീര്‍ ഖാന്‍ നല്‍കിയ സംഭാവനകള്‍ പാകിസ്ഥാന്‍ ഒരിക്കലും മറക്കില്ല എന്ന് പ്രസിഡണ്ട് ആരിഫ് അല്‍വിയും പറഞ്ഞു. എന്നാല്‍ ദേശീയ പുരുഷനായും ദേശസ്‌നേഹിയായും വാഴ്ത്തപ്പെട്ട അബ്ദുല്‍ ഖദീര്‍ ഖാന് ഒരു ഒറ്റുകാരന്റേയും പാകിസ്ഥാന്റെ ആണവരഹസ്യങ്ങള്‍ ചോര്‍ത്തിയ ദേശവിരുദ്ധന്റേയും മറ്റൊരു ചിത്രം കൂടിയുണ്ട്.

പാകിസ്ഥാന്റെ ആണവ രഹസ്യങ്ങളും ആണവ സാങ്കേതികവിദ്യയും ഉത്തരകൊറിയ, ഇറാന്‍, ലിബിയ എന്നീ രാജ്യങ്ങളുമായി നിയമവിരുദ്ധമായി പങ്കുവെച്ചതും പാക്കിസ്ഥാന്‍ ആരാധനയോടെ കൊണ്ടുനടന്ന ഖാന്‍ തന്നെയായിരുന്നു. ഉത്തരകൊറിയ ഇന്ന് വലിയ ആണവശക്തിയായി വളര്‍ന്നതില്‍ അബ്ദുല്‍ ഖദീര്‍ ഖാന്റെ പങ്ക് എന്നും ചര്‍ച്ചാവിഷയമാണ്.

അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ ഭരണകൂടമായിരുന്നു പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന് ഇത് സംബന്ധിച്ച തെളിവുകള്‍ കൈമാറിയത്. ആണവായുധങ്ങള്‍ നിര്‍മിക്കേണ്ടതിന്റെ ഡിസൈന്‍ ഖാന്‍ ലിബിയയ്ക്ക് കൈമാറിയിരുന്നു. ഇതിന്റെ തെളിവുകള്‍ സി.ഐ.എ ശേഖരിച്ചിരുന്നു. ഖാന്‍ ഒറ്റയ്ക്കായിരുന്നോ അതോ പാക് ഭരണകൂടത്തിന്റെ പിന്തുണയോടെയായിരുന്നോ ഇതൊക്കെ ചെയ്തിരുന്നത് എന്നത് സംബന്ധിച്ച് ഇന്നും വ്യത്യസ്താഭിപ്രായങ്ങളുണ്ട്.

എന്തായാലും ഈ കുറ്റങ്ങളുടെ പേരില്‍ 2004ല്‍ ഖാനെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തു. രാജ്യമാകെ വലിയ കോളിളക്കമുണ്ടാക്കിയ സംഭവം കൂടിയായിരുന്നു ഇത്. പിന്നീട് ദേശീയ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച ഖാന്‍ കുറ്റം ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ചു. തുടര്‍ന്ന് പര്‍വേസ് മുഷറഫ് ഖാന് മാപ്പ് അനുവദിക്കുകയും ചെയ്തു. എന്നാല്‍ 2009 വരെ ഖാന് വീട്ടുതടങ്കലില്‍ തന്നെ കഴിയേണ്ടി വന്നു.

അതേസമയം ആണവ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ ഖാനെ പാകിസ്ഥാന്‍ കൈകാര്യം ചെയ്ത രീതിയെ യൂറോപ്യന്‍ രാജ്യങ്ങളില്‍ പലരും വിമര്‍ശിച്ചിരുന്നു. പാകിസ്ഥാന്‍ ഖാന്‍ ചെയ്ത കുറ്റങ്ങളെ നിസാരവല്‍ക്കരിച്ചെന്നും വേണ്ടത്ര ശിക്ഷ നല്‍കിയില്ലെന്നുമായിരുന്നു വിമര്‍ശനം. ഖാന്റെ പ്രവര്‍ത്തികളെ പാകിസ്ഥാന്‍ വാഴ്ത്തുമ്പോഴും ആണവായുധങ്ങളുടെയും സാങ്കേതികവിദ്യയുടേയും ഏറ്റവും വലിയ വ്യാപനത്തിന് കാരണക്കാരനായവനെന്നും ലോകത്തെ ഏറ്റവും അപകടകാരിയായ മനുഷ്യനെന്നുമായിരുന്നു പാശ്ചാത്യശക്തികള്‍ ഖാനെ വിമര്‍ശിച്ചത്.

ഒസാമ ബിന്‍ ലാദന്റെ അത്ര തന്നെ അപകടകാരിയായ മനുഷ്യന്‍ എന്നായിരുന്നു അബ്ദുല്‍ ഖദീര്‍ ഖാനെ മുന്‍ സി.ഐ.എ ഡയറക്ടര്‍ ജോര്‍ജ് ടെനറ്റ് വിശേഷിപ്പിച്ചത്. പാകിസ്ഥാന്റെ ആണവ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് മുതല്‍ ഖാന്‍ പടിഞ്ഞാറന്‍ ഇന്റലിജന്‍സ് സംഘങ്ങളുടെ നിരീക്ഷണത്തിലായിരുന്നു എന്നതും പരസ്യമായ രഹസ്യമാണ്.

ജോര്‍ജ് ടെനറ്റ്

എന്നാല്‍ ആണവശക്തിയിലെ അവരുടെ മേല്‍ക്കോയ്മയ്ക്ക് വെല്ലുവിളിയാകുമോ എന്ന ഭയം കൊണ്ടാണ് പാശ്ചാത്യരാജ്യങ്ങള്‍ തനിക്കെതിരെ കെട്ടിച്ചമച്ച നുണകളുണ്ടാക്കി കുറ്റമാരോപിക്കുന്നതെന്നും ആണവമേഖലയില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഏകാധിപത്യം ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു ഖാന്‍ ഒരിക്കല്‍ പ്രതികരിച്ചത്.

പാശ്ചാത്യലോകത്ത് നിന്നുമാത്രമല്ല, ഖാന് ലഭിക്കുന്ന താരപരിവേഷത്തിനെതിരെ പാകിസ്ഥാനില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
പാകിസ്ഥാന്‍ ആണവ പദ്ധതിയുടെ പിതാവായി അബ്ദുല്‍ ഖദീര്‍ ഖാനെ വാഴ്ത്തുന്നത് ശരിയല്ലെന്നും, വേണ്ടത്ര വിജയം കണ്ടില്ലെങ്കിലും ഖാന്‍ പാകിസ്ഥാന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് മുമ്പ് തന്നെ ഒരു ആണവ പദ്ധതി പാകിസ്ഥാനുണ്ടായിരുന്നെന്നും ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ഇപ്പോഴും പറയുന്നുണ്ട്. ആണവ പദ്ധതികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച നിരവധി പേരില്‍ ഒരാള്‍ മാത്രമാണ് ഖാന്‍ എന്നാണ് ഇവരുടെ വാദം.

എന്തുതന്നെയായാലും ആണവരഹസ്യങ്ങള്‍ ചോര്‍ത്തിയതോ ശിക്ഷ അനുഭവിച്ചതോ ഒന്നും ഖാന് പാകിസ്ഥാനില്‍ ഉണ്ടായിരുന്ന നായക പദവിക്കും ദേശസ്നേഹി പരിവേഷത്തിനും യാതൊരു കോട്ടവും വരുത്തിയിരുന്നില്ല, വരുത്തിയിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ മരണത്തിന് ശേഷം വരുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

2009ല്‍ വീട്ടുതടങ്കലില്‍ നിന്ന് മോചിതനായതിന് ശേഷവും ഖാന് പാകിസ്ഥാനില്‍ യാത്രാനിയന്ത്രണങ്ങളടക്കം നിരവധി നിബന്ധനകളുണ്ടായിരുന്നു. പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെ ഖാനെ മരണം വരം ഒതുക്കി നിര്‍ത്തിയ പാക് ഭരണകൂടത്തിന്റെ നടപടിയും പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചു.

വീട്ടുതടങ്കലില്‍ നിന്നും മോചിതനായതിന് ശേഷവും അബ്ദുല്‍ ഖദീര്‍ ഖാന്റെ ജീവിതം സംഭവബഹുലമായിരുന്നു. 2012ല്‍ തെഹ്രിക്-ഇ-തഹാഫുസ്-ഇ-പാകിസ്ഥാന്‍ എന്ന പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അത് അമ്പേ പരാജയപ്പെട്ടു.

തന്റെ ജീവിതത്തിലെ അവസാനവര്‍ഷങ്ങളില്‍ യാത്രാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് ഖാന്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ
കേസ് കോടതിയില്‍ തുടരുന്നതിനിടയിലാണ്, കൊവിഡ് ബാധിതനായി ഖാന്‍ ചികിത്സയിലാകുന്നതും ഒടുവില്‍ മരണപ്പെടുന്നതും. മരണത്തിന് ശേഷവും അദ്ദേഹത്തിന്റെ ജീവിതത്തെയും ആണവമേഖലയിലെ പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിക്കാതെ തുടരുകയാണ്.

Content Highlight: Who was Abdul Qadeer Khan – Explained

നീതു രമമോഹന്‍

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more