| Tuesday, 26th May 2020, 8:55 pm

ആശ്വസിക്കാറായിട്ടില്ല, കൊവിഡ് രണ്ടാം വേവ് മാസങ്ങള്‍ക്കുള്ളില്‍: ലോകാരോഗ്യസംഘടനയുടെ പുതിയ മുന്നറിയിപ്പ്

അന്ന കീർത്തി ജോർജ്

ചില രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപനം കുറയുന്നത് കണ്ട് ആശ്വസിക്കേണ്ട സമയമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇപ്പോള്‍ കൊവിഡ് വ്യാപനം കുറഞ്ഞുക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിലെല്ലാം രണ്ടാം കൊവിഡ് വേവിന് സാധ്യതയുണ്ടെന്നും ഇപ്പോഴത്തെ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയാല്‍ രോഗവ്യാപനം ഏറ്റവും കൂടിയ തോതിലെത്തുമെന്നുമാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.

എല്ലാ പകര്‍ച്ചവ്യാധികളുടെ വ്യാപനവും പല തവണ ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ആദ്യ വേവില്‍ രോഗവ്യാപനം കുറഞ്ഞുക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിലെല്ലാം ഈ വര്‍ഷം തന്നെ അടുത്ത ഒരു വേവിനുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സീസ് വിഭാഗം തലവനായ ഡോ. മൈക്ക് റയാന്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതുകൊണ്ട് നിയന്ത്രണങ്ങള്‍ എടുത്തുകളയേണ്ട സമയമായിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു.

ലോകം ഇപ്പോഴും കൊറോണ വൈറസിന്റെ ആദ്യ വേവില്‍ തന്നെയാണ്. ചില രാജ്യങ്ങളില്‍ രോഗം പടരുന്നതിന് കുറവ് വന്നിട്ടുണ്ടെങ്കിലും സെന്‍ട്രല്‍ അമേരിക്കയിലും സൗത്ത് അമേരിക്കയിലും സൗത്ത് ഏഷ്യയിലും ആഫ്രിക്കയിലും ഇപ്പോഴും രോഗം വ്യാപകമായി പടര്‍ന്നുപ്പിടിച്ചുക്കൊണ്ടിരിക്കുകയാണെന്ന് ഡോ. മൈക്ക് റയാന്‍ വ്യക്തമാക്കി.

ഡോ. മൈക്ക് റയാന്‍

പകര്‍ച്ചവ്യാധികളുടെ ആദ്യ വേവിന് മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാം വേവ് സാധാരണ രീതിയില്‍ വരാറുള്ളത്. അതുകൊണ്ട് തന്നെ പല രാജ്യങ്ങളും ആദ്യ വേവിന് ശേഷം രണ്ടാം വേവിനായി തയ്യാറെടുപ്പുകള്‍ നടത്താന്‍ തങ്ങള്‍ക്ക് ആവശ്യത്തിന് സമയമുണ്ടാകുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന തോതില്‍ തന്നെ കൊവിഡ് വ്യാപനം കുറയുമെന്നും ഈ രാഷ്ട്രങ്ങള്‍ വിചാരിക്കുന്നു. കൊവിഡിനെ സംബന്ധിച്ച് അത്തരത്തിലുള്ള ഒരു ഉറപ്പുകളും നല്‍കാനാവില്ലെന്നും രോഗം എപ്പോള്‍ വേണമെങ്കിലും രണ്ടാം വേവിലേക്ക് എത്താമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇളവുകള്‍ നല്‍കുന്നത് ഈ രണ്ടാം വേവിനെ ആദ്യ വേവിനേക്കാള്‍ അപകടകാരിയാക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

പല യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയിലെ വിവിധ ഭാഗങ്ങളും കഴിഞ്ഞ ആഴ്ചകളിലായി നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയിരുന്നു. കൊവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തിരിക്കുകയാണെന്നും ഇപ്പോഴെങ്കിലും ലോക്ക്ഡൗണ്‍ എടുത്തുമാറ്റിയില്ലെങ്കില്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുപ്പിടിക്കാനാകാത്ത അവസ്ഥയിലെത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് ഈ രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയത്.

കൊവിഡ് വ്യാപനത്തിന്റെ നിലവിലെ അവസ്ഥ പരിശോധിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത് അമേരിക്കയിലാണ്. 17 ലക്ഷം ആളുകളാണ് അമേരിക്കയില്‍ ഇതുവരെ രോഗബാധിതരായത്. ബ്രസീലാണ് രണ്ടാമതായിട്ടുള്ളത്. ഇവിടെ നാല് ലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. അമേരിക്കക്കും ബ്രസീലിനും ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്ന മറ്റു രാജ്യങ്ങള്‍ റഷ്യ, ബ്രിട്ടണ്‍, സ്‌പെയിന്‍, ഇറ്റലി, ജര്‍മനി, തുര്‍ക്കി, ഇന്ത്യ എന്നിവയാണ്. ഇതില്‍ പല രാജ്യങ്ങളിലും മരണനിരക്കിലും വ്യാപനത്തിലും കുറവ് ഉണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരിക്കുകയാണ്. ഈ നടപടിക്കെതിരെയാണ് ലോകാരോഗ്യ സംഘടന ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.