| Saturday, 27th November 2021, 11:53 am

സമ്പന്നരാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് ശേഖരിച്ചതുകൊണ്ട് കാര്യമില്ല; എല്ലാ രാജ്യങ്ങള്‍ക്കും വാക്‌സിന്‍ നല്‍കാത്തിടത്തോളം ഒന്നും അവസാനിക്കില്ല; മുന്നറിയിപ്പുമായി ഒമിക്രോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. യാത്രാനിരോധനമടക്കമാണ് പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്. കൊവിഡിന്റെ മറ്റേത് വകഭേദത്തെക്കാളും അപകടകാരിയും അതീവ ജാഗ്രത ആവശ്യമുള്ളതുമാണ് ഒമിക്രോണ്‍ വേരിയെന്റെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിരുന്നു.

ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന തുടങ്ങിയ രാജ്യങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ നമീബിയ, സിംബാബ്‌വേ, ലെസൊത്തോ തുടങ്ങിയ രാജ്യങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍, കാനഡ,യു.എ.ഇ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇവിടെ നിന്നുമുള്ള യാത്രാ നിരോധനം കൊണ്ടുവന്നിരിക്കുകയാണ്.

എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ പര്യാപ്തമല്ലെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. ഇതിന് കാരണങ്ങളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വാക്‌സിനേഷന്റെ അപര്യാപ്തതയാണ് കൊവിഡിന്റെ പുതിയ വകഭേദത്തിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വികസിത രാജ്യങ്ങള്‍ പെട്ടന്നു തങ്ങളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതു കൊണ്ട് മാത്രം കാര്യമില്ലെന്നും ആവശ്യത്തിന് വാക്‌സിന്‍ ഡോസുകള്‍ ലഭിക്കാത്ത രാജ്യങ്ങളില്‍ ഇവയെത്തിക്കേണ്ടതുണ്ടെന്നുമാണ് ദക്ഷിണാഫ്രിക്കയിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ റിച്ചാര്‍ഡ് ലെസ്സല്‍ പറയുന്നത്.

മതിയായ വാക്‌സിനേഷന്‍ നടക്കാത്തിടത്ത് കൊറോണ വൈറസ് നിരന്തരമായി പരിണമിച്ചു കൊണ്ടിരിക്കും. കൂടുതല്‍ പ്രഹരശേഷിയുണ്ടാവുന്ന ഈ വകഭേദം പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും വാക്‌സിനേഷന്‍ പൂര്‍ണമായ രാജ്യങ്ങളിലുള്‍പ്പെടെ പ്രതിസന്ധിയുണ്ടാക്കുകയും ചെയ്യുമെന്നും ലെസ്സല്‍ കൂട്ടിച്ചേര്‍ക്കുന്നു.

അവികസിത രാജ്യങ്ങളില്‍ പലയിടത്തും വാക്‌സിനേഷന്‍ ഇനിയും 10 ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല. ഇത്തരം രാജ്യങ്ങളിലെ 7 ശതമാനം ആളുകള്‍ മാത്രമാണ് ആദ്യ ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിരിക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ സാഹചര്യത്തിലാണ് പല രാജ്യങ്ങളും സമ്പൂര്‍ണ ഇരട്ടഡോസിന് ശേഷം ബൂസ്റ്റര്‍ ഡോസിലേക്കും കടന്നിരിക്കുന്നത്. അമേരിക്ക, ഇസ്രഈല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവരെല്ലാം തന്നെ ബൂസ്റ്റര്‍ ഡോസുകള്‍ പരിഗണിക്കുന്നുണ്ട്.

പക്ഷെ, എത്ര ബൂസ്റ്റര്‍ ഡോസ് നല്‍കിയാലും വാക്‌സിനേഷന്‍ പൂര്‍ണമാവാത്ത രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുകയും പുതിയ വകഭേദങ്ങളുണ്ടാവുകയും ചെയ്യും. ഉദാഹരണത്തിന് നിലവില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സൗത്ത് ആഫ്രിക്കയുള്‍പ്പെടെയുള്ള ആഫ്രിക്കന്‍ മേഖലയില്‍ ജനസംഖ്യയുടെ നാല് ശതമാനം മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്.

വാക്‌സിനേഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ച ഇസ്രഈലില്‍ ബൂസ്റ്റര്‍ ഡോസുകള്‍ സംഭരിക്കുകയാണ്. പക്ഷെ ഇപ്പോള്‍ ഇസ്രഈലിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതായി വാര്‍ത്തകളണ്ട്. ബെല്‍ജിയം, ബെല്‍ജിയം, ഹോങ്കോംഗ്, തുടങ്ങിയ രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സൗത്ത് ആഫ്രിക്കയിലെ വാക്‌സിനേഷന്‍ അഭാവം മറ്റ് രാജ്യങ്ങളെയും ബാധിച്ചിരിക്കുന്ന കാഴ്ചയാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ ഒറ്റയ്ക്ക് ഒരു രാജ്യത്തിന് കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നും പരസ്പരം സഹായിച്ചേ മതിയാവൂയെന്നും വിദഗ്ധര്‍ പറയുന്നു.

കൂടുതല്‍ വ്യാപനശേഷി, കൊവിഡ് നേരത്തെ വന്നവരെ വീണ്ടും ബാധിക്കാനുള്ള സാധ്യത, വാക്‌സിന്‍ പ്രതിരോധത്തെ കവച്ചു വെക്കാനുള്ള ശേഷി എന്നിവയാണ് ഒമിക്രോണിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്.

ഒമിക്രോണിന്റെ പ്രോട്ടീന്‍ സ്ട്രാന്റ് നിലവിലെ കൊറോണ വൈറസില്‍ നിന്നും വളരെയധികം വ്യത്യസ്തമാണ്. നിലവിലെ കൊറോണ വൈറസിന്റെ ഘടനയ്ക്കനുസരിച്ചാണ് പ്രതിരോധ വാക്‌സിനുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇക്കാരണമെന്നുകൊണ്ട് മാത്രം ആശങ്ക വളരെ വലുതാണെന്നാണ് യു.കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: WHO warns about new omicron variant of Covid

We use cookies to give you the best possible experience. Learn more