| Thursday, 11th February 2021, 2:11 pm

മോദിയെ കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസിലെ ചുരുളുകളഴിയുമ്പോള്‍ മലയാളിയായ റോണ വില്‍സനെയും മറ്റുള്ളവരെയും കുടുക്കിയതാര്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുവാനുള്ള ഗൂഢാലോചനകള്‍ നടത്തി എന്നതടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ട് ഇന്ത്യയിലെ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും ബുദ്ധിജീവികളും എഴുത്തുകാരുമെല്ലാം ജയിലിലടയ്ക്കപ്പെട്ട ഭീമ കൊറേഗാവ് കേസില്‍ ഏറെ നിര്‍ണായകമായ ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കേസിലെ പ്രതികള്‍ ഗൂഢാലോചന നടത്തി എന്നതിന് തെളിവായി കേസില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കൂടിയായ റോണ വില്‍സന്റെ ലാപ്‌ടോപ്പില്‍ നിന്നും പൊലീസ് കണ്ടെത്തിയ പത്തോളം കത്തുകള്‍ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍ ഒരു ഹാക്കര്‍ വഴി കൃത്രിമമായി പ്ലാന്റ് ചെയ്തതാണെന്ന് അമേരിക്കയിലെ പ്രമുഖ ഡിജിറ്റല്‍ ഫോറന്‍സിക് ലാബായ ആഴ്‌സനല്‍ കണ്‍സള്‍ട്ടിംഗ് കണ്ടെത്തിയിരിക്കുന്നു. ബോസ്റ്റണ്‍ മാരത്തണ്‍ ബോംബിംഗ് ഉള്‍പ്പെടെ പല വിവാദ കേസുകളും തെളിയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സ്ഥാപനം കൂടിയാണ് ആഴ്‌സനല്‍ കണ്‍സള്‍ട്ടിംഗ്.

നേരത്തെ തന്നെ ദ കാരവന്‍ മാസിക ഈ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നതാണ്. എന്നാല്‍ ലോകത്തിലെ അറിയപ്പെടുന്ന ഒരു ഫോറന്‍സിക് ലാബ് കൂടി ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത് ഭീമ കൊറേഗാവ് കേസ്സില്‍ നിര്‍ണായകമാവുകയാണ്. ബി.ജെ.പി ഭരണകൂടത്തിനെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും വ്യാജ കേസുകളില്‍ കുടുക്കി ജയിലിലടയ്ക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ശ്രമമാണ് ഭീമ കൊറേഗാവ് കേസ് എന്ന ആരോപണം ഈ ഘട്ടത്തില്‍ കൂടുതല്‍ ശക്തമാവുകയാണ്.

റോണ വില്‍സന്റെ അഭിഭാഷകരുടെ ആവശ്യപ്രകാരമാണ് അമേരിക്കയിലെ ആഴ്‌സനല്‍ കണ്‌സള്‍ട്ടിംഗ് റോണ വില്‍സന്റെ ലാപ്‌ടോപിന്റെ ഒരു ഇലക്ട്രോണിക് കോപ്പിയില്‍ പരിശോധന നടത്തിയതും റിപ്പോര്‍ട്ട് പുറത്തുവിട്ടതും. രാജീവ് ഗാന്ധി വധത്തിന്റെ മാതൃകയില്‍ നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചനക നടത്തി എന്ന കുറ്റം പ്രതികള്‍ക്കെതിരെ ചുമത്തുന്നതിന് തെളിവായി പൊലീസ് കണ്ടെടുത്ത പത്ത് കത്തുകളാണ് റോണ വില്‍സന്റെ ലാപ്‌ടോപിലെ ഒരു രഹസ്യ ഫോള്‍ഡറില്‍ ഒരു കൃത്രിമ മാല്‍വെയര്‍ വഴി പ്ലാന്റ് ചെയ്തതാണ് എന്ന് ആഴ്‌സണല്‍ കണ്ടെത്തിയത്.

2018 ഏപ്രില്‍ 17ന് റോണ വില്‍സന്റെ വീട് അന്വേഷണ ഏജന്‍സി റെയ്ഡ് ചെയ്തതിന്റെ തലേദിവസമാണ് ഈ ഫോള്‍ഡര്‍ അവസാനം മോഡിഫൈ ചെയ്തിരിക്കുന്നതെന്നും ഈ ഫോള്‍ഡറോ അതിലുള്ള ഫയലുകളോ ഒരിക്കലും റോണ ഓപണ്‍ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

റോണ വില്‍സണ്‍

അങ്ങേയറ്റം ആസൂത്രിതമായ ഒരു അറ്റാക്കാണ് റോണ വില്‍സണ് നേരെ നടന്നതെന്ന് ആഴ്‌സണല്‍ മേധാവി മാര്‍ക്ക് സ്‌പെന്‍സര്‍ പറയുന്നുണ്ട്. വിവരങ്ങള്‍ കണ്ടെത്തുന്നതിനായി ഏകദേശം 300ലധികം മണിക്കൂറുകള്‍ തങ്ങള്‍ക്ക് ചെലവഴിക്കേണ്ടി വന്നെന്നും സ്‌പെന്‍സര്‍ പറയുന്നു. വളരെ അപൂര്‍വമായി മാത്രമേ തങ്ങള്‍ ഇത്തരമൊരു മാല്‍വെയര്‍ മുമ്പ് കണ്ടിട്ടുള്ളൂവെന്നും 2016ല്‍ തുര്‍ക്കിയില്‍ തീവ്രവാദ ബന്ധമാരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ഒരു പത്രപ്രവര്‍ത്തകന്റെ കംപ്യൂട്ടറിലും സമാനമായ മാന്‍വെയറുകള്‍ കണ്ടിരുന്നുവെന്നും ആഴ്‌സനല്‍ റിപ്പോര്‍ട്ട് പറയുന്നുണ്ട്. എന്നാല്‍ റോണ വില്‍സന്റെ കംപ്യൂട്ടറില്‍ ഈ കൃത്രിമത്വങ്ങള്‍ നടത്തിയത് ആരാണെന്ന് കണ്ടെത്താന്‍ ആഴ്‌സനലിന് സാധിച്ചിട്ടില്ല.

2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് റോണ വില്‍സണ്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ആദ്യമായി അറസ്റ്റിലാകുന്നതും റോണ വില്‍സണ്‍ ആണ്.

കേരളത്തിലെ കൊല്ലം സ്വദേശിയായ റോണ യഥാര്‍ത്ഥത്തില്‍ ആരാണ് എന്നതും എന്തുകൊണ്ടാണ് അദ്ദേഹം ഭീമ കൊറേഗാവ് കേസിലെ ആദ്യ പ്രതിയായത് എന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം പരിശോധിച്ചാല്‍ മനസ്സിലാകും.

അരുന്ധതി റോയി തന്റെ പുതിയ പുസ്തകത്തില്‍ നന്ദി പറഞ്ഞിട്ടുള്ളവരില്‍ ഒരാളാണ് റോണ; രാജ്യത്തെ മികച്ച ഇന്റലക്ച്വലുകളിലൊരാളായി മാറേണ്ട ആള്‍ എന്നാണ് പ്രൊഫ. ഹരഗോപാല്‍ റോണയെ വിശേഷിപ്പിച്ചത്.

അരുന്ധതി റോയി

കൊല്ലം ജില്ലയിലെ ഒരു മധ്യവര്‍ഗ ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന റോണ വില്‍സണ്‍ ‘സുവോളജി ബിരുദപഠനത്തിനു ശേഷം രണ്ടു വര്‍ഷം മെഡിസിന്‍ പഠിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് അതല്ല തന്റെ മാര്‍ഗ്ഗം എന്ന് തിരിച്ചറിയുകയായിരുന്നു. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സിലും ഇന്റര്‍നാഷണല്‍ റിലേഷന്‍സിലും ബിരുദാനന്തര ബിരുദം പൂര്‍ത്തീകരിച്ചു. അതിനു ശേഷം ജെ.എന്‍.യുവിലെ സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസില്‍ നിന്നും ‘ഇന്ത്യന്‍ രാഷ്ട്രീയ സാമ്പത്തിക ഘടനയെ കുറിച്ചുള്ള സംവാദങ്ങള്‍’ എന്ന വിഷയത്തില്‍ എം.ഫില്‍ കരസ്ഥമാക്കി.

ദല്‍ഹിയിലെ പഠനകാലത്ത് ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, ബദല്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരുമൊക്കെയായി റോണ അടുപ്പത്തിലായി. മികച്ച ഒരു സംഘാടകന്‍ കൂടിയായിരുന്നു റോണ.

പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി റോണാ വില്‍സനെ ഓര്‍ക്കുന്നത് വളരെ എളിമയുള്ള വ്യക്തിത്വത്തിനുടമ എന്ന നിലയ്ക്കാണ്. ‘റോണയുടെ ഈ എളിമയും മിതത്വവും കാരണം തന്നെ, ഭീമ കൊറേഗാവ് കേസില്‍ തടവിലാക്കപ്പെട്ടവരില്‍ ഏറ്റവും കുറവ് എഴുതപ്പെട്ടത് റോണയെ കുറിച്ചായിരിക്കും എന്നാണ്’ അരുന്ധതി റോയി പറഞ്ഞതായി ദ കാരവന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി രൂപികരിക്കപ്പെട്ട കമ്മിറ്റി ഫോര്‍ ദി റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്സ് എന്ന സംഘടനയുടെ മുഖ്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു റോണ വില്‍സണ്‍.

റോണ വില്‍സണ്‍

‘റോണയുടെ അറസ്റ്റ് അദ്ദേഹം സഹായിച്ചു കൊണ്ടിരിക്കുന്ന നിരവധി രാഷ്ട്രീയ തടവുകാരുടെ പ്രതീക്ഷകള്‍ക്ക് മേലുള്ള ആഘാതമാണെന്നും റോണ നിരവധി തടവുകാര്‍ക്ക് വേണ്ടി സ്ഥിരമായി ജയിലുകള്‍ സന്ദര്‍ശിക്കുകയും, അവരുടെ കുടുംബാംഗങ്ങളെ സമാധാനിപ്പിക്കുകയും, അഭിഭാഷകരുമായി ഇടപെടുകയും ഒക്കെ ചെയ്തിരുന്നുവെന്നും അരുന്ധതി റോയ് പറയുന്നുണ്ട്.

റോണ വില്‍സണില്‍ തുടങ്ങി ഫാ. സ്റ്റാന്‍ സ്വാമിയില്‍ എത്തിനില്‍ക്കുന്ന ഭീമ കൊറെഗാവ് കേസിലെ തുടര്‍ അറസ്റ്റുകളില്‍ ഇതിനകം തടവിലായത് അനേകം പ്രമുഖ വ്യക്തിത്വങ്ങളാണ്. കേസ്സിലെ ഏറ്റവും സുപ്രധാനമായ തെളിവ് തന്നെ വ്യാജമാണെന്ന ഇപ്പോഴത്തെ കണ്ടെത്തലുകളെ കോടതി എങ്ങിനെ പരിഗണിക്കാന്‍ പോകുന്നു എന്നതായിരിക്കും ഇനി കാത്തിരുന്ന് കാണേണ്ടത്.

Content Highlight: Who trapped Roana Wilson in Bhima Koregaon Case

We use cookies to give you the best possible experience. Learn more