ഗസ: തെക്കൻ ഗസയിലെ അതിർത്തി നഗരമായ റഫയിൽ കരയുദ്ധം നടത്താനുള്ള പദ്ധതി ഉപേക്ഷിക്കാൻ ഇസ്രഈലിനോട് ലോകാരോഗ്യ സംഘടന.
യുദ്ധത്തെ തുടർന്ന് ഗസയിൽ നിന്ന് കുടിയിറക്കപ്പെട്ട 1.2 മില്യൺ ഫലസ്തീനികൾ റഫയിലാണ് ഇപ്പോൾ അഭയം തേടിയിരിക്കുന്നത്.
ജനസാന്ദ്രതയേറിയ പ്രദേശത്ത് ആക്രമണം നടത്തുന്നത് ഇനിയും കൂടുതൽ പേർ കൊല്ലപ്പെടുന്നതിനും ദുരിതമനുഭവിക്കുന്നതിനും കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അതാനോം ഗെബ്രീസസ് എക്‌സിൽ പറഞ്ഞു.
റഫയിലെ 12 ലക്ഷത്തിലധികം വരുന്ന ജനങ്ങൾക്ക് പോകാൻ സുരക്ഷിതമായ ഒരു ഇടവും ബാക്കിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘റഫയിലെ 12 ലക്ഷത്തിലധികം വരുന്ന ജനങ്ങൾക്ക് പോകാൻ സുരക്ഷിതമായ ഒരു ഇടവും ബാക്കിയില്ല. പൂർണമായും പ്രവർത്തനക്ഷമമായ, സുരക്ഷിതമായ ആരോഗ്യ കേന്ദ്രങ്ങൾ ഗസയിൽ വേറെവിടെയും ഇല്ല. മിക്ക ആളുകളും മറ്റെവിടെക്കെങ്കിലും മാറാൻ കഴിയാത്ത വിധം ക്ഷീണിതരും രോഗ ബാധിതരും പട്ടിണി കൊണ്ട് വലയുന്നവരുമാണ്.
ഈ മാനുഷിക ദുരന്തം കൂടുതൽ വഷളാകാൻ അനുവദിക്കരുത്,’ ഗെബ്രീസസ് പറഞ്ഞു.
റഫയിൽ സൈനിക നീക്കം നടത്താനുള്ള പദ്ധതികൾ അംഗീകരിച്ചതായും സൈന്യം അതിനായി തയ്യാറെടുക്കുകയാണെന്നും കഴിഞ്ഞ ദിവസം ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു.
Content Highlight: WHO to Israel: Drop Rafah invasion plan ‘in name of humanity’