| Friday, 7th January 2022, 7:18 pm

ആരാണ് നായകന്‍, ആരാണ് വില്ലന്‍, കിടിലന്‍ ത്രില്ലറിനുള്ള സൂചന നല്‍കി 'അദൃശ്യം' ടീസര്‍; ഞെട്ടിക്കാനൊരുങ്ങി ജോജു - നരേയ്ന്‍ -ഷറഫുദ്ധീന്‍ ടീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളം തമിഴ് എന്നീ ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യം എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. കിടിലന്‍ ത്രില്ലറായിരിക്കും ചിത്രം എന്ന സൂചനയാണ് ടീസര്‍ തരുന്നത്.

ചിത്രത്തില്‍ ആരാണ് ഹീറോ, ആരാണ് വില്ലന്‍ എന്ന് സൂചന നല്‍കാതെയാണ് ടീസര്‍ എത്തിയിരിക്കുന്നത്. ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ മലയാളത്തില്‍ പ്രധാനവേഷത്തില്‍ എത്തുമ്പോള്‍ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

നവാഗതനായ സാക് ഹാരിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷനും യു.എ.എന്‍ ഫിലിം ഹൗസ്, എ.എ.എ. ആര്‍ പ്രൊഡക്ഷന്‍സ് എന്നിവരും സംയുക്തമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കായല്‍ ആനന്ദി, പവിത്ര ലക്ഷ്മി , ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ട് ചെന്നൈ പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ആണ് ഈ ചിത്രം പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന്‍ പറഞ്ഞു.

ഒരു ദ്വിഭാഷ ചിത്രം ഒരുക്കേണ്ടിയിട്ട് ഒരുക്കിയ ചിത്രമല്ല ഇതെന്നും രണ്ട് ഭാഷയിലും പറയാന്‍ പറ്റിയ കഥയായതുകൊണ്ടാണ് ഒരേസമയം തന്നെ രണ്ട് ഭാഷകളിലും വ്യത്യസ്ത താരങ്ങളെ കൊണ്ട് അഭിനയിപ്പിച്ച് ചിത്രം എടുത്തതെന്നും സംവിധായകന്‍ സാക് ഹാരിസ് പറഞ്ഞു.

തമിഴില്‍ യുക്കി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്.

രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

who the hero is, who the villain ‘Adrishyam’ Movie teaser hints at Superb thriller; Joju george – Narain – Sharafuddin team with Superb Movie

We use cookies to give you the best possible experience. Learn more