| Saturday, 4th July 2020, 1:24 pm

കൊറോണ വൈറസിന്റെ ഉത്ഭവം തേടി ലോകാരോഗ്യ സംഘടന ചൈനയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെനീവ: ലോകത്താകെ പടര്‍ന്നു പിടിച്ച കൊവിഡ്-19 നു കാരണമായ നോവല്‍ കൊറോണ വൈറസിന്റെ ഉത്ഭവം തേടി ലോകാരോഗ്യ സംഘടനയുടെ സംഘം ചൈനയിലേക്ക്. അടുത്തയാഴ്ചയാണ് വിദഗ്ധ സംഘം കൊറോണയുടെ ഉത്ഭവവും വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നതും സംബന്ധിച്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ചൈനയിലെത്തുക.

വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം വേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥന്‍ വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞിരിക്കുന്നത്.

‘ മൃഗങ്ങളില്‍ നിന്ന് ഇത് (കൊറോണ വൈറസ്) എവിടെ നിന്ന് എങ്ങനെ മനുഷ്യരില്‍ എത്തി എന്നറിയാന്‍ ഡിസംബര്‍ മുതലുള്ള നല്ല അന്വേഷണമാണ് വേണ്ടത്. ഏതെങ്കിലും ഒരു മധ്യവര്‍ത്തിയായ മൃഗമുണ്ടോ അല്ലെങ്കില്‍ വവ്വാലില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് കടന്നതാണോ?

മറ്റ് വൈറല്‍ രോഗങ്ങളുമായി വവ്വാലുകള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് നിപ, ഇത് നേരിട്ട് വന്നതായിരിക്കാന്‍ സാധ്യതയുണ്ട്. ഒപ്പം സാര്‍സ് പോലെ മറ്റൊരു മൃഗത്തിലൂടെ വന്നതാവാനും ഇടയുണ്ട്. ഒരു സമഗ്രമായ അന്വേഷണം ഇനിയും നടത്തേണ്ടതുണ്ട്,’ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

കൊവിഡിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ സംഘം ചൈനയിലെത്തുമെന്നതില്‍ ജനുവരി 29 ന് ലോകാരോഗ്യ സംഘടന ഡയരക്ടറും ചൈനീസ് പ്രസിഡന്റും തമ്മില്‍ ധാരണയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more