ജയ്പൂർ: രാജസ്ഥാനിൽ ഒരു മാസത്തിനിടെ ഡിഫ്തീരിയ ബാധിച്ച് മരണപ്പെട്ടത് ഏഴ് കുട്ടികൾ. കൂടാതെ പുതിയതായി 24 സാമ്പിളുകൾ പോസിറ്റീവ് ആവുകയും ചെയ്തു. തുടർന്ന് ലോക ആരോഗ്യ സംഘടന രാജസ്ഥാനിലെ ഡീഗിലെത്തുകയും സംസ്ഥാന ആരോഗ്യ വകുപ്പിനോടൊപ്പം ചേർന്ന് വാക്സിനേഷൻ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
ഡീഗ് ജില്ലയിലെ നഗർ, കമാൻ, പഹാഡി പ്രദേശങ്ങളിലെ താമസക്കാരായ മൂന്നിനും ഏഴിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്. കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്.
ജില്ലയിൽ മെഡിക്കൽ വകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡിഫ്തീരിയ ബാധിച്ച് കുട്ടികൾ മരിച്ച ജില്ലയിലെ ഗ്രാമങ്ങളിൽ ലോകാരോഗ്യ സംഘടനയുടെയും ജയ്പൂർ ആരോഗ്യ വകുപ്പിൻ്റെയും സംഘവും സ്ഥലത്തെത്തി പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്. സംശയമുള്ള കുട്ടികളുടെ സാമ്പിളുകൾ ശേഖരിച്ചുവരികയാണ്.
സെപ്തംബർ 14 ന് കമാൻ പ്രദേശത്ത് ഡിഫ്തീരിയ ബാധിച്ച് ഒരു കുട്ടിയുടെ മരണത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചുവെന്ന് ഡീഗ് ജില്ലാ സി.എം.എച്ച്.ഒ വിജയ് സിംഗാൾ പറഞ്ഞു. ഇതിന് പിന്നാലെയാണ് കമാനിലും പരിസര പ്രദേശങ്ങളിലും മെഡിക്കൽ വിഭാഗം കുട്ടികളെ പരിശോധിക്കാൻ തുടങ്ങിയത്.
പ്രതിരോധ കുത്തിവയ്പ്പിലൂടെ ഡിഫ്തീരിയ തടയാവുന്നതാണ്. വാക്സിൻ എടുക്കാൻ ആളുകൾ തയ്യാറാകാത്തതിനാൽ പ്രദേശത്ത് വളരെക്കാലമായി ഈ രോഗം വ്യാപകമാണ്. വാക്‌സിനേഷനുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളും പ്രദേശത്തുണ്ട്. അത് നാട്ടുകാർ വിശ്വസിക്കുകയും കുട്ടികൾക്ക് വാക്സിനേഷൻ നൽകാതിരിക്കുകയും ചെയ്യുന്നതായി വിജയ് സിംഗാൾ കൂട്ടിച്ചേർത്തു.
സെപ്തംബർ 14ന് കമാൻ മേഖലയിൽ ഡിഫ്തീരിയ ബാധിച്ച് സുമിത്ത് (ഏഴ്) എന്ന കുട്ടി മരിച്ചതിന് പിന്നാലെയാണ് കമാനിലും പരിസര പ്രദേശങ്ങളിലും മെഡിക്കൽ വിഭാഗം കുട്ടികളെ പരിശോധിക്കാൻ തുടങ്ങിയത്. സെപ്തംബർ 14 നും ഒക്ടോബർ 12 നും ഇടയിൽ ജില്ലയിൽ ഡിഫ്തീരിയ ബാധിച്ച് സുമിത് (ഏഴ്), അക്രീൻ (അഞ്ച്), സുമിത് (ആറ്), മോനിഷ് (മൂന്ന് ), ആഷിഫ (ആറ്), ഷിഹാൻ (അഞ്ച്), അൽഫാസ് (മൂന്ന് ) എന്നിവർ മരിച്ചു.