പെണ്ണിന്റെ വസ്ത്രം നിര്‍ണ്ണയിക്കേണ്ടത് ആരാണ്?
Gender Equity
പെണ്ണിന്റെ വസ്ത്രം നിര്‍ണ്ണയിക്കേണ്ടത് ആരാണ്?
എ പി ഭവിത
Tuesday, 27th March 2018, 4:53 pm

ഫാറൂഖ് ട്രെയിനിംഗ് കോളേജിലെ അധ്യാപകന്‍ ജൗഹര്‍ മുനവ്വര്‍ ആ കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് അശ്ലീലഭാഷയില്‍ പരിഹസിച്ചത് വിവാദമാകുകയും കേസാവുകയും ചെയ്തിരിക്കുകയാണ്. മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ പര്‍ദ്ദ പൊക്കിപ്പിടിച്ച് ലെഗിന്‍സ് കാണിച്ചു നടക്കുന്നു. മക്കന കഴുത്തിലേക്കിടാതെ ശരീരത്തിന്റെ മുന്‍ഭാഗം കാണിക്കുന്നു എന്നിങ്ങനെയൊക്കെയായിരുന്നു വിദ്യാര്‍ത്ഥിനികളെ അപമാനിച്ചു കൊണ്ടുള്ള ജൗഹര്‍ മുനവ്വറിന്റെ പ്രസംഗം.

“എണ്‍പത് ശതമാനം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഫറൂഖ് കോളേജിലെ അധ്യാപകനാണ് ഞാന്‍. അതിലും ഭൂരിഭാഗം മുസ്‌ലിം പെണ്‍കുട്ടികള്‍. ഇന്ന് പര്‍ദ്ദയുടെ അടിയില്‍ ലഗിന്‍സ് ഇട്ട് പൊക്കിപ്പിടിച്ച് നടക്കും കാണാന്‍ വേണ്ടി. നാട്ടുകാരെ കാണിക്കാന്‍ വേണ്ടി. ഇതാണ് ഇപ്പോഴത്തെ സ്‌റ്റൈല്‍. മഫ്തയുടെ കാര്യം പറയുകയും വേണ്ട. മഫ്ത കുത്തിലില്ല. ഷോളെടുത്ത് ചുറ്റുകയാണ്. മുപ്പത്തിരണ്ട് സ്‌റ്റെപ്പും ഇരുപത്തിയഞ്ച് പിന്നും ഉണ്ടാകും. ഇടിയൊക്കെ വെട്ടിയാലാണ് പ്രശ്‌നമുണ്ടാകുക. നിങ്ങളുടെ മാറിടത്തിലേക്ക് മുഖമക്കന താഴ്ത്തിയിടണമെന്നാണ്. എന്തിനാണെന്നറിയോ. പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്ന സ്ത്രീയുടെ ഭാഗം മാറാണ്. അത് പുരുഷന്‍ കാണാതിരിക്കാനാണ് മുഖമക്കന താഴ്ത്തിയിടാന്‍ പറഞ്ഞത്. എന്നിട്ടോ നമ്മുടെ പെണ്‍കുട്ടികള്‍ അത് തലയില്‍ ചുറ്റിവെക്കും. മാറ് ഫുള് അവിടെയിട്ടിട്ടുണ്ടാകും. എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാന്‍ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്. ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്. ഇതെപോലെയാണ് ഉള്ളിലൊക്കെന്ന് കാണിച്ച് നടക്കും. ചുറ്റിക്കെട്ടിയ മഫ്ത ഇസ്‌ലാമികമല്ല. അങ്ങനെ വസ്ത്രം ധരിക്കുന്നവര്‍ പരലോകവും ഇഹലോകവും ഇല്ലാതാക്കുകയാണ്. സല്‍മാന്‍ഖാന് ഇഹലോകമുണ്ട്. പണമുണ്ട്, കാറുണ്ട്, പരലോകമാണ് നമ്മുടെ പ്രശ്‌നം. പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ ഉപദേശിക്കണം. മുടിയും ആളുകളെ കാണിക്കുന്നു. എന്നാല്‍ ശരീരത്തിന്റെ എല്ലാ ഭാഗവും കാണിച്ചു കൊടുത്തു കൂടെ. ഏറ്റവും കൂടുതല്‍ ലഗിന്‍സ് വിറ്റഴിക്കപ്പെടുന്നത് മുസ്‌ലീങ്ങള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശത്താണ്. വൃത്തികെട്ട വസ്ത്രമാണ് ലഗിന്‍സെന്ന് മറ്റ് മതത്തിലുള്ളവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എളേറ്റില്‍ വട്ടോളിയിലെ പള്ളിക്ക് സമീപത്ത് സ്‌കൂള്‍ വിട്ടു വരുന്ന കുട്ടികളെ കണ്ടു. എല്ലാവരും ലഗിന്‍സാണ് ഇട്ടത്. എന്തിനാണ് ഈ വസ്ത്രം ധരിക്കുന്നത്. അതെന്തിനാണ് ഇടുന്നത്. നമ്മുടെ മക്കളെ ആരാണ് ഇതൊക്കെ പഠിപ്പിച്ചത്. ഇങ്ങനെ ആധുനിക കുടുംബങ്ങള്‍ തകര്‍ച്ചയിലേക്ക് പോവുകയാണ്. നമ്മുടെ വീടുകളിലാണ് ഇതൊക്കെ സംഭവിക്കുന്നത്.” ഇതായിരുന്നു വിവാദ പ്രഭാഷണത്തിലെ വരികള്‍.

ഇത് വിവാദമായതോടെ സ്ത്രീകളുടെ വസ്ത്രധാരണം വീണ്ടും സജീവ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഇതിനെതിരെ മാറ് തുറക്കല്‍ സമരവുമായി സ്ത്രീകള്‍ രംഗത്തെത്തി. തിരുവനന്തപുരം സ്വദേശിനിയായ ആരതി.എസ്.എ പ്രതിഷേധം ആരംഭിച്ചു. മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമ, ദിയ സന തുടങ്ങിയവര്‍ സമരത്തിന്റെ ഭാഗമായി. ഫോട്ടോകള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചായിരുന്നു സമരം. തണ്ണിമത്തന്‍ കൊണ്ട് മാറ് മറച്ചും അല്ലാതെയുമുള്ള ഫോട്ടോകളാണ് പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ ഫോട്ടോകള്‍ നയത്തിന് വിരുദ്ധമാണെന്ന കാരണത്താല്‍ ഫേസ്ബുക്ക് നീക്കം ചെയ്തു. എന്നാല്‍ ഇത്തരം സമരങ്ങള്‍ അനാവശ്യമാണെന്ന വാദവും ഉയര്‍ന്നു വന്നു. ആക്ടിവിസ്റ്റും നടിയുമായ അരുന്ധതി നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്.

മുലയൂട്ടല്‍ മാഗസിന്റെ കവറായപ്പോഴും വത്തക്ക കമന്റ് വന്നപ്പോഴും മുല പ്രദര്‍ശിപ്പിക്കുന്നു എന്നതാണല്ലോ അപ്പോള്‍ പ്രധാന ആര്‍ഗ്യുമെന്റ് പണ്ട് മാറുമറയ്ക്കാനുള്ള അവകാശത്തിന് വേണ്ടി സമരം ചെയ്ത സ്ത്രികളെ അപമാനിക്കുകയാണ് ഇന്നത്തെ സ്ത്രീകളെന്നാണ്. പ്രത്യേക ജാതിയില്‍ ജനിച്ചതിന്റെ പേരില്‍ മാത്രം മാറിടം മറയ്ക്കാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ മാറ് മറയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് എന്റെ അവകാശമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ആ സമരം.

സാമൂഹികമായ അനീതിക്കെതിരായ സമരമായിരുന്നു അത്. മുല അശ്ലീലമാണ് , അത് മറയ്ക്കണം എന്ന ബോധ്യത്തില്‍ നിന്നായിരുന്നില്ല ആ സമരം.അനീതിക്കെതിരായ സമരത്തെ സദാചാര സംരക്ഷണത്തിന് വേണ്ടിയുള്ളതാക്കി ഇന്ന് വ്യാഖ്യാനിക്കുന്നത് സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് തന്നെയാണ്”.
സ്ത്രീ ശരീരം സംബന്ധിച്ച ചര്‍ച്ചകളെ ചില മാധ്യമങ്ങള്‍ കച്ചവടത്തിനായി ഉപയോഗിക്കുന്നുവെന്നും അരുന്ധതി വിമര്‍ശിക്കുന്നു.

 

“മുല കാണിച്ചുള്ള പ്രതിഷേധത്തിന് തുടക്കമിട്ടത് ആരതിയാണ്. ഇത് മാറുതുറക്കല്‍ സമരമാണെന്നെന്നും അവര് പറഞ്ഞില്ല. സ്ത്രീക്ക് സ്വാഭാവികമായി ഉണ്ടാകുന്ന അസ്വസ്ഥതയില്‍ നിന്നുള്ള പ്രതിഷേധമായിരുന്നു അത്. തുറച്ചു നോക്കാനും സ്വയംഭോഗം ചെയ്യാനുമുള്ളതാണെന്ന് പുരുഷന്‍ കരുതുമ്പോള്‍ അതല്ല എന്റെ കൈയ്യോ കാലോ പോലെയുള്ള ശരീരഭാഗം മാത്രമാണെന്ന് കാണിക്കാനുള്ള സമരമായിരുന്നു അത്. സ്ത്രീ ശരീരത്തെ ലൈംഗികാവയവമായി മാത്രം കാണുന്നതിനെതിരെയുള്ള സമരം. അതിനെ ഞാന്‍ മോശമായി കാണുന്നില്ല. കഴുത്ത് പുരുഷന് ഉമ്മവെക്കാനുള്ളതാണെന്നും സെക്‌സിനിടയില്‍ മാത്രമേ അത് കാണിക്കാവൂ എന്ന് പറയുന്ന സന്ദര്‍ഭത്തിലാണ് ആ സമരം നടക്കുന്നത്. ആ രീതിയില്‍ നല്ല പ്രതികരണമായിരുന്നു അത്. എന്നാല്‍ മാറ് തുറക്കല്‍ സമരം എന്ന് പറയുമ്പോള്‍ അതിനെ കൂട്ടിക്കെട്ടുന്നത് മാറ് മറയ്ക്കല്‍ സമരവുമായാണ്. ചരിത്രപരമായ അനീതിയാണിത്. വ്യക്തിപരമായ പ്രതികരണം എന്ന നിലയില്‍ ചെയ്യുന്നത് പോലെയല്ല ഇത്. ഈ സമയത്ത് അത്തരം സമരമായിരുന്നില്ല വേണ്ടത്. മാറ് തുറക്കല്‍ എന്ന ടാഗിനോട് യോജിക്കാനാവില്ല. അതില്‍ കച്ചവട താല്‍പര്യമുണ്ട്. സ്ത്രീയുടെ പ്രതിഷേധത്തെ തന്നെ അനാവശ്യമായി വിറ്റഴിക്കാനുള്ള സ്ഥലത്ത് എത്തിക്കുകയാണ്”.

വത്തക്കയില്‍ ഒതുങ്ങുന്നതല്ല വസ്ത്രത്തിനുള്ളിലേക്കുള്ള ഒളിഞ്ഞു നോട്ടം

യുട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ സ്ത്രീകളുടെ വസ്ത്രധാരണം എങ്ങനെയായിരിക്കണമെന്ന മതപ്രഭാഷണ ഭാഗങ്ങള്‍ കാണാം. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പുരോഹിതന്റെ പ്രഭാഷണം ഇങ്ങനെയാണ്.

“ചില പള്ളികളില്‍ കുര്‍ബാന നല്‍കാന്‍ ചെല്ലുമ്പോള്‍ അവിടുത്തെ പെണ്‍കുട്ടികളെ കണ്ടാല്‍ കുര്‍ബാന കൊടുക്കാന്‍ തോന്നില്ല. അവരെ പള്ളിയില്‍ നിര്‍ത്താനും തോന്നില്ല. കാരണം ജീന്‍സോ പാന്റോ ഷര്‍ട്ടോ ബനിയനോ ആയിരിക്കും ഇവരുടെ വസ്ത്രം. കൈയ്യില്‍ മൊബൈലും ടൗവ്വലുമുണ്ടാകും. മുടി പറപ്പിച്ചിട്ടിട്ടുണ്ടാകും. ആ സാധനം എന്തിനാണ് പള്ളിയില്‍ വരുന്നത്. ആണ്‍കുട്ടികള്‍ ഇടുന്ന പാന്റും ഷര്‍ട്ടും ബനിയനുമിടാന്‍ ബൈബിള്‍ അനുവാദം നല്‍കുന്നില്ല. സ്ത്രീ പുരുഷന്റേയോ പുരുഷന്‍ സ്ത്രീയുടേയോ വസ്ത്രം ധരിക്കരുത്. അര്‍ദ്ധ നഗ്‌നരായ സ്ത്രീകളെ കാണുമ്പോള്‍ പ്രലോഭനത്തില്‍ വീണു പോകുന്നതായി ചെറുപ്പക്കാരും പറയുന്നു. ദുഷ്‌പ്രേരണ നടത്തുന്നവരെ കഴുത്തില്‍ കല്ല് കെട്ടിത്തൂക്കിയിട്ട് കടലില്‍ കൊണ്ടിടണം. പുരുഷന് ആകര്‍ഷണം നല്‍കുന്ന വസ്ത്രം സ്ത്രീ ധരിക്കരുത്. പാപഹേതുവാണ് ആ സ്ത്രി. നല്ല വസ്ത്രമാണ് ചുരിദാര്‍. എന്നാല്‍ ഷാള്‍ ധരിക്കാതെ കാണിച്ച് നടക്കുന്നു. സാത്താന്‍ കേറി ചുരിദാറിന്റെ സൈഡില്‍ കീറി”.
ഈ വീഡിയോയ്ക്ക് താഴെ ഒരു പെണ്‍കുട്ടിയിട്ട കമന്റാണിത്.

 

“അച്ഛന് വലിവിന്റെ അസുഖമുണ്ടോ, നീട്ടി വലിച്ചു പറയുന്ന കാര്യങ്ങള്‍ സഭക്ക് മൊത്തം നാണക്കേടാണല്ലോ ഇവിടെ ആണ് അച്ചോ ജീന്‍സ് ബോയ്‌സ് ന്റെ ഡ്രസ്സ് ആണെന്ന് പറയുന്നത് ? അത് പോട്ടെ, പള്ളിയില്‍ പെണ്‍കുട്ടികളെ കാണുമ്പോള്‍ വികാരം വരുന്നുണ്ടെങ്കില്‍ വികാരത്തെയാണ് അടക്കി നിര്‍ത്തേണ്ടത്, പള്ളിയിലെ അച്ഛന്‍ 16 വയസ്സുള്ള കൊച്ചിന്റെ കയ്യില്‍ ഒരു കൊച്ചിനെ കൊടുക്കുന്നതാണോ അച്ചോ… നിങ്ങള്‍ പറയുന്ന പുണ്യം. വികാരം സ്ത്രീക്കും പുരുഷനും ഉണ്ടാകും, അനാവശ്യമായ വികാരത്തെയാണ് സ്വയം കണ്ട്രോള്‍ ചെയ്യേണ്ട ഒന്നാണ്, അല്ലെങ്കില്‍ സിസ്റ്റര്‍ അഭയമാര്‍ ഇനിയും ഉണ്ടാകും അച്ചോ… നിങ്ങളെ പോലുള്ളവരുടെ ധാരണ ഇതാണെങ്കില്‍. പറയുന്നത് കേട്ടു നിന്നവരോട് പുച്ഛം”.

എന്നാല്‍ പെണ്‍കുട്ടിയെ അധിക്ഷേപിക്കുന്ന രീതിയിലാണ് പുരുഷന്‍മാര്‍ ഈ കമന്റിനെ നേരിട്ടത്. അബോര്‍ഷന്‍ ചെയ്തവളാകാം, തന്തയ്ക്ക് പിറക്കാത്തവളാണ്. ഇത്തരത്തിലാണ് കമന്റുകള്‍.

ഇനി സ്ത്രീ വിരുദ്ധമായ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ഡോക്ടര്‍ രജിത്ത് കുമാറിന്റെ പ്രസംഗത്തില്‍ ഇപ്പോഴത്തെ വസ്ത്രധാരണം സ്ത്രീകളുടെ പ്രസവിക്കാനുള്ള കഴിവ് ഇല്ലാതാക്കുമെന്നും ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഉണ്ടാവുന്നതിന് കാരണം ഇതാണെന്നും പറയുന്നു.

“പെണ്‍കുട്ടികള്‍ ചെറുപ്രായത്തില്‍ ടൈറ്റ് ജീന്‍സ് ധരിച്ചാല്‍ ഇടുപ്പെല്ല് ചുരുങ്ങും. അതിനകത്ത് കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാനുള്ള ഗര്‍ഭപാത്രം ചുരുങ്ങും. നല്ല കുടുംബത്തിലെ പയ്യന്റെ വിത്ത് കിടുകിടിലമായിരിക്കും. ആക്രി പിള്ളേരുടേത് ഇപ്പോഴൊന്നും അങ്ങനെ ആയിരിക്കില്ലെങ്കിലും ശ്രമിച്ചാല്‍ ആവും. നല്ല വിത്ത് അത്തരമൊരു ഗര്‍ഭപാത്രത്തിലെത്തിയാല്‍ കുഞ്ഞ് വളര്‍ന്ന് തുടങ്ങുമ്പോള്‍ അതിനക്ക് കൊള്ളാതാവും. പീന്നീട് സിസേറിയന്‍ മാത്രമാകും പോംവഴി. സിസേറിയന്‍ ബ്രെസ്റ്റ് കാന്‍സറിന് കാരണാകും. കേരളത്തില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ വന്ന പത്ത് പേരില്‍ ഏഴ് പേരും സിസേറിയന്‍ ചെയ്തവരാകും. സിസേറിയന്‍ ചെയ്തവര്‍ക്ക് നാല്പത്തിയഞ്ച് വയസ്സിനുള്ളില്‍ ക്യാന്‍സര്‍ വരും. ടൈറ്റ് ജീന്‍സ് ഇടുന്നത് ഗര്‍ഭപാത്രത്തില്‍ ക്യാന്‍സറുണ്ടാകാനും മൂത്രാശയ രോഗങ്ങള്‍ക്കും കാരണമാകും. കൂടാതെ സന്താനോല്‍പ്പാദന ശേഷിയേയും ബാധിക്കും”.

വസ്ത്രം എന്ത് മറയ്ക്കാനാണ്

ശരീരം മറയ്ക്കുവാനും കാലാവസ്ഥയെ അതിജീവിക്കാനുമാണ് വസ്ത്രം എന്നതാണ് സങ്കല്‍പം. എന്നാല്‍ വസ്ത്രത്തിന്റെ ധര്‍മം അതില്‍ നിന്ന് മാറുകയാണ്. ശരിയായി വസ്ത്രം ധരിക്കാത്തതാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കാരണമെന്നാണ് ഇക്കൂട്ടരുടെ വാദം. ഇത്തരം നിരവധി ഉപദേശങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ കാണാം. അത്തരമൊന്നാണിത്.

വി.പി റജീന

 

“അവളുടെയടുത്തേക്ക് ലൈംഗികദാഹം പൂണ്ട ചെന്നായ്ക്കള്‍ ഓടിയടുക്കേണ്ടതില്ല. കാമാഭ്യര്‍ഥനയുമായി അവളെ ആരും സമീപിക്കേണ്ടതില്ല. ഇത് അവളുടെ വസ്ത്രത്തില്‍നിന്നുതന്നെ തിരിച്ചറിയണം. പതിനഞ്ചാം നൂറ്റാണ്ടിലെ വെനീസിലെ നിയമസംഹിതയില്‍ വേശ്യകള്‍ മാറുമറയ്ക്കാതെ ജനാലക്കല്‍ ഇരുന്നുകൊള്ളണമെന്ന കല്‍പനയുണ്ടായിരുന്നു. മാംസദാഹം തീര്‍ക്കുവാന്‍ വരുന്നവര്‍ക്ക് മാംസഗുണമളക്കുവാന്‍ വേണ്ടിയുള്ള നടപടി! ഇന്നലെകളില്‍ ആവശ്യക്കാരെ ആകര്‍ഷിക്കുന്നതിനുവേണ്ടി അഭിസാരികകള്‍ സ്വീകരിച്ചിരുന്ന വസ്ത്രങ്ങള്‍ക്ക് സമാനമായ ഉടയാടകളാണ് ആധുനിക വനിതകളുടെ വേഷമെന്ന കാര്യം എന്തു മാത്രം വിചിത്രമല്ല”.

ശരീരം മറയ്ക്കണമെന്നത് ശരീരം മുഴുവനായി മറയ്ക്കുക എന്ന സങ്കല്‍പ്പത്തിലേക്ക് മാറി. പര്‍ദ്ദ വ്യാപകമായി. വിവിധ മോഡലുകള്‍ വിപണിയിലെത്തി. പൗരോഹിത്യത്തിന്റെ ഉപദേശത്തെ വിപണി കൃത്യമായി ഉപയോഗിക്കുന്നുവെന്നാണ് മാധ്യമ പ്രവര്‍ത്തകയായ വി.പി റജീന വിലയിരുത്തുന്നത്.

“ശരീരത്തിന് അതിന്റെ രാഷ്ടീയമുണ്ട്. അതുപോലെ തന്നെ ആ ശരീരത്തില്‍ അണിയാന്‍ ഒരു വ്യക്തി തെരഞ്ഞെടുക്കുന്ന വസ്ത്രത്തിനും രാഷ്ട്രീയമുണ്ട്. ശരീരത്തിന്റെ രാഷ്ട്രീയവും വസ്ത്രത്തിന്റെ രാഷ്ട്രീയവും കമ്പോളവുമായി ബന്ധപ്പെട്ട് കിടക്കുന്ന കാലമാണ്. മുസ്‌ലിം സ്ത്രീകള്‍ വ്യാപകമായി ധരിച്ചു കാണുന്ന ഹിജാബും പര്‍ദ്ദയുമൊക്കെ കമ്പോളത്തില്‍ ഏറ്റവും മൂല്യമുള്ള ഫാഷന്‍ വസ്ത്രമായി മാറിയിരിക്കുന്നു. മുസ്‌ലിം എന്നത് ഹിജാബ് എന്ന വസ്ത്രത്തിലേക്ക് പരിമിതപ്പെടുകയും മൂല്യാധിഷ്ഠിതവും പരിവര്‍ത്തനോന്‍മുഖവും വിപ്ലവകരവുമായ മുസ്‌ലിം എന്നത് അതിന് പിന്നില്‍ അദൃശ്യമാക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഇവിടെ സംഭവിക്കുന്ന വലിയ ദുരന്തം.

ഇത് മുതലാളിത്ത പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. മുതലാളിത്തത്തിന്റെ അതിജീവന തന്ത്രമാണിത്. മുസ്‌ലിം സ്ത്രീയുടെ സ്വത്വ ചിഹ്നം എന്ന നിലയില്‍ ഈ വേഷങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ മുതലാളിത്ത വിപണിയേയാണ് പരിപോഷിപ്പിക്കുന്നത്. ഒരു അര്‍ത്ഥത്തില്‍ സ്വത്വ വാദത്തിന്റെയും സ്വത്വ സംരക്ഷണത്തിന്റെയും മറവില്‍ മുതലാളിത്തം വളരെ എളുപ്പത്തില്‍ ശരീരത്തിലേക്കും വസ്ത്രത്തിലേക്കും അധിനിവേശം നടത്തുന്നു. മുസ്‌ലിം സ്ത്രീയെ ഒരു മുഴുക്കഷണം തുണിയില്‍ മൂടിയാല്‍ മുസ്‌ലിങ്ങള്‍ നേരിടുന്ന സ്വത്വ പ്രതിസന്ധിക്ക് പരിഹാരമാകും എന്ന തെറ്റായ ധാരണ കൂടിയാണ് സൃഷ്ടിച്ചെടുക്കുന്നത്”

 

പര്‍ദ്ദ വിപണിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞതോടെ ഖാദി സര്‍വ്വോദയസംഘവും ഈ രംഗത്തേക്ക് എത്തി. ഇത് വലിയ വിമര്‍ശനത്തിനാണ് ഇടയാക്കിയത്. സാമൂഹ്യ പ്രവര്‍ത്തകയായ വി. പി സുഹറ മുഖ്യമന്ത്രിക്ക് കത്തെഴുതി. പര്‍ദ്ദ സ്ത്രീകളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്ന വസ്ത്രമാണെന്നതായിരുന്നു വി.പി സുഹറയുടെ വാദം. മതയാഥാസ്ഥിതികര്‍ സ്ത്രീകളെ നൂറ്റാണ്ടുകളിലേക്ക് കൊണ്ടു പോകുകയാണെന്നും അവര്‍ വിമര്‍ശിച്ചു.

വസ്ത്രം വ്യക്തി സ്വാതന്ത്യമാണെങ്കിലും മതപരമായ കാര്യങ്ങളും പരിഗണിക്കപ്പെടണമെന്നാണ് ഫാറൂഖ് കോളേജിലെ യൂണിയന്‍ ചെയര്‍പേഴസണും എം.എസ്. എഫ് നേതാവുമായ മിന ഫര്‍സാന പറയുന്നത്. “വിശ്വാസികള്‍ക്ക് അവരുടെ മതം അനുശാസിക്കുന്ന വസ്ത്രം ധരിക്കാം. എന്നാല്‍ പലപ്പോഴും സംഭവിക്കുന്നത് അടിച്ചേല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. അവിശ്വാസികള്‍ക്ക് അവരുടെ ഇഷ്ടമനുസരിച്ചുള്ള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്യമുണ്ട്. പര്‍ദ്ദ ഇഷ്ടപ്പെടുന്നവര്‍ ധരിക്കട്ടെ. പക്ഷേ അത് പാടില്ലെന്ന് പറയുന്നത് പോലെ തന്നെയാണ് അത് ധരിക്കണം എന്ന് നിര്‍ബന്ധിക്കുന്നതും. സ്ത്രീയുടെ വിമോചനം പര്‍ദ്ദയിലൂടെയാണെന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ഞാന്‍ പര്‍ദ്ദ ധരിക്കുന്ന ആളാണ്. എന്റെ വസ്ത്ര സങ്കല്‍പ്പത്തിന് യോജിച്ച വസ്ത്രമാണിത്. കറുപ്പാണ് പര്‍ദ്ദ എന്നത് മാറി വരുന്നു. ഞങ്ങളുടെ വസ്ത്ര ധാരണമാണ് ശരിയെന്ന് കരുതുന്നവരാണ് പര്‍ദ്ദ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലെന്ന വിമര്‍ശിക്കുന്നത്”.

വസ്ത്ര സ്വാതന്ത്ര്യം

ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോഴും അത് നിഷേധിക്കപ്പെടുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍. പൊതുസ്ഥലങ്ങളില്‍ ആക്രമിക്കപ്പെടുമ്പോള്‍ അതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അവരുടെ വസ്ത്രധാരണമാണ്. പുരുഷന്‍ സ്ത്രീ വേഷം കെട്ടുന്നുവെന്നതാണ് ആരോപണമായി പറയുക. എന്നാല്‍ വസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ അഖില്‍ പറയുന്നു.

 

“സാമൂഹ്യ നിര്‍മ്മിതിയാണ് വസ്ത്രം. കൃത്യമായി ആണ് പണ്ണ് എന്ന അതിര്‍ത്തി തിരിച്ചു കൊണ്ടുള്ള വസ്ത്രങ്ങളാണ് നിലവില്‍ നമ്മുടെ സമൂഹത്തിലുള്ളത്. വസ്ത്രം നോക്കി ജെന്‍ഡര്‍ നിശ്ചയിക്കുന്ന രീതി. ഒരു കുട്ടി ജനിച്ചാല്‍ അത് ആണാണോ പെണ്ണാണോ എന്ന് നോക്കി വസ്ത്രം അവനറിയാതെ തന്നെ വട്ടുകാര്‍ അടിച്ചേല്‍പ്പിക്കുകയാണ്. ആണായി ജനിച്ച കുട്ടി നിക്കറും പാന്റും ധരിച്ച് വളരുമ്പോള്‍ അവന്റെ കൗമാര കാലത്ത് ജന്‍ഡര്‍ തിരിച്ചറിയുമ്പോള്‍ ഈ വസ്ത്രം ഒരു ബാധ്യതയാകും”.

സെലിബ്രിറ്റികളുടെ വസ്ത്രധാരണവും എല്ലാ കാലത്തും സജീവ ചര്‍ച്ച വിഷയമാണ്. ലഗിന്‍സ് ധരിച്ചുള്ള ഫോട്ടോകള്‍ അശ്ലീല കമന്റുകളോടെ ഷെയര്‍ ചെയ്യുകയും പതിവാണ്. നടിമാരുടെ രണ്ട് കാലത്തെ ഫോട്ടോസ് വെച്ച് ശരീര ഭാഗങ്ങളിലെ മാറ്റം പരാമര്‍ശിച്ചാണ് ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്.

തന്റെ ഫോട്ടോകള്‍ ഇത്തരത്തില്‍ പ്രചരിപ്പിച്ചതിനെക്കുറിച്ച് അരുന്ധതി പറയുന്നു.”കഴിഞ്ഞ ഐ.എഫ്.എഫ്.കെയുടെ സമയത്ത് ഞാന്‍ ധരിച്ച വസ്ത്രം വലിയ ചര്‍ച്ച വിഷയമായി. വളരെ കൃത്യമായി മുലയുടെ ആകൃതി തെളിയിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചു എന്നതായിരുന്നു ഞാന്‍ ചെയ്ത കുറ്റം. സ്ത്രീയുടെ മുലകള്‍ കുഞ്ഞിനെ പാലൂട്ടുന്നതിനൊപ്പം ലൈംഗികപരമായ ആകര്‍ഷണവുമുണ്ട്. ആണിന്റെ മുല ലൈംഗികാര്‍ഷണത്തിന് മാത്രമുള്ളതാണ്. അതിന് വേറൊരു ഉപയോഗവുമില്ല. എന്നിട്ടും ആണിന് അവന്റെ മുല എവിടെ വേണമെങ്കിലും തുറന്ന് കാണിക്കാന്‍ കഴിയുന്ന നാടാണിത്. അത് അശ്ലീലമല്ല. ഫേസ്ബുക്ക് സ്റ്റാന്‍ഡേഡില്‍ പോലും സ്ത്രീകളുടെ മുലക്കണ്ണ് മറയ്ക്കുമ്പോള്‍ പുരുഷന് അത് ബാധകമല്ല. സ്ത്രീയുടെ മുലക്കണ്ണ് നഗ്‌നതയായി കണക്കാക്കപ്പെടുകയും പുരുഷന്റേത് അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നു.
ഇതിനകത്ത് ഇരട്ടത്താപ്പുണ്ട്. ഈ സദാചാര സങ്കല്‍പ്പം ഉണ്ടാക്കിയത് കൊളോണിയല്‍ വിക്ടോറിയന്‍ കാഴ്ചപ്പാടുകളാണ്. അതിനെ എല്ലാ മതങ്ങളും ഏറ്റെടുക്കുന്നു. മുസ്‌ലിം സ്ത്രീകള്‍ അറുപതുകളിലും എഴുപതുകളിലും ധരിച്ച വസ്ത്രവും ഇപ്പോഴത്തെ വസ്ത്രവും നോക്കൂ. തിരിച്ചു നടക്കുമ്പോള്‍ സ്ത്രീ പറയുന്നത് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം അവളുടേതാണ് എന്നാണ്. സ്ത്രീയുടെ ശരീരഭാഗം കണ്ട് പുരുഷന് എന്തെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അത് അവന്റെ മാത്രം കുഴപ്പമാണ്. അതില്‍ സ്ത്രീക്ക് യാതൊരു ഉത്തരവാദിത്വവുമില്ല”.

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.