ജനീവ: കൊവിഡ് 19ന്റെ പുതിയ വകഭേദത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
XXB എന്ന കൊവിഡിന്റെ പുതിയ വകഭേദം 17 രാജ്യങ്ങളില്‍ അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
”ചില രാജ്യങ്ങളില്‍ ‘കൊവിഡ് പകര്‍ച്ചയുടെ മറ്റൊരു പുതിയ തരംഗം’ കണ്ടേക്കാം,” എന്നാണ് ഡബ്ല്യു.എച്ച്.ഒ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ പുതിയ വകഭേദങ്ങള്‍ വൈദ്യശാസ്ത്രപരമായി കൂടുതല്‍ ഗുരുതരമാണെന്ന് സൂചിപ്പിക്കുന്നതിനുള്ള ഡാറ്റകളൊന്നും നിലവില്‍ ഒരു രാജ്യത്തുനിന്നും ലഭ്യമല്ലെന്നും അവര്‍ വ്യക്തമാക്കി.
ഡെവലപിങ് കണ്‍ട്രീസ് വാക്‌സിന്‍ മാനുഫാക്ച്വറേഴ്‌സ് നെറ്റ്‌വര്‍ക്കിന്റെ (Developing Countries Vaccine Manufacturers Network) പുണെയില്‍ വെച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്തതിന് ശേഷം വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡോ. സൗമ്യ സ്വാമിനാഥന്‍.
വൈറസിന് പരിണാമം സംഭവിക്കുന്തോറും അത് കൂടുതല്‍ പകരുന്ന തരത്തില്‍ വികസിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
”ഒമിക്രോണിന് 300ലധികം സബ് വേരിയന്റുകളുണ്ട്. എന്നാല്‍ ഇപ്പോള്‍ ആശങ്ക പരത്തുന്നത് XXB എന്ന പുതിയൊരു വൈറസാണെന്നാണ് ഞാന്‍ കരുതുന്നത്.
ഇത്തരത്തില്‍ ചില വകഭേദങ്ങള്‍ നമ്മള്‍ നേരത്തെ തന്നെ കണ്ടിരുന്നു. ഈ വകഭേദം വളരെ പ്രതിരോധശേഷിയുള്ളതാണെന്നും അതുകൊണ്ട് ആന്റിബോഡികളെ മറികടക്കാന്‍ ഇതിന് കഴിയുമെന്നുമാണ് വിലയിരുത്തലുകള്‍.
അതുകൊണ്ട് തന്നെ XBB കാരണം ചില രാജ്യങ്ങളില്‍ കൊവിഡ് പകര്‍ച്ചയുടെ മറ്റൊരു തരംഗം നമ്മള്‍ കണ്ടേക്കാം. നിലവില്‍, പുതിയ സബ് വേരിയന്റുകള്‍ ക്ലിനിക്കലി കൂടുതല്‍ തീവ്രമാണെന്ന് തെളിയിക്കത്തക്ക വിധം ഒരു രാജ്യത്തുനിന്നും ഡാറ്റകള്‍ ലഭ്യമല്ല,” ഡോ. സൗമ്യ സ്വാമിനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കൊവിഡ് 19 അന്താരാഷ്ട്ര ആശങ്ക വേണ്ട പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി തുടരുന്നതായി ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനൊം വ്യക്തമാക്കിയതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: WHO scientist gives warning on Covid’s new variant xxb