| Thursday, 21st December 2023, 11:13 pm

വടക്കന്‍ ഗസയില്‍ പ്രവര്‍ത്തനക്ഷമമായ ഒരു ആശുപത്രി പോലും അവശേഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ വടക്കന്‍ ഗസയില്‍ പ്രവര്‍ത്തനക്ഷമമായ ഒരു ആശുപത്രി പോലും അവശേഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. ഇന്ധനത്തിന്റെയും ജീവനക്കാരുടെയും അവശ്യ വസ്തുക്കളുടെയും അഭാവം മൂലം ആശുപത്രികള്‍ പ്രവര്‍ത്തനക്ഷമമല്ലാതായി മാറിയെന്നാണ് ഡബ്ല്യു.എച്ച്.ഒ പറയുന്നത്.

ഇസ്രഈല്‍ ഫലസ്തീനിലെ മെഡിക്കല്‍ സൗകര്യങ്ങളെ മനഃപൂര്‍വം ലക്ഷ്യം വെക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അധിനിവേശ ഗസയിലെ അല്‍ ഷിഫ, അല്‍ അഹ്ലി എന്നീ രണ്ട് ആശുപത്രികളില്‍ ഇസ്രഈല്‍ സൈന്യം ക്രൂരമായ അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായി ലോകാരോഗ്യ സംഘടന മാധ്യമങ്ങളോട് പറഞ്ഞു.

ഫലസ്തീനിലെ ഇസ്രഈല്‍ ആക്രമണത്തില്‍ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട രോഗികള്‍ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി യാചിക്കുന്ന അസഹനീയമായ ദൃശ്യങ്ങള്‍ ലോകാരോഗ്യ സംഘടന പുറത്തിവിട്ടിരുന്നു. ഗസയിലെ രോഗികളും ആരോഗ്യ പ്രവര്‍ത്തകരും അഭിമുഖീകരിക്കുന്ന ക്രൂരമായ അവസ്ഥകള്‍ വിവരിക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് ഫലസ്തീനിലെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി റിച്ചാര്‍ഡ് പീപ്പര്‍കോണ്‍ പറഞ്ഞു.

ഇന്ധനം, വൈദ്യുതി, മെഡിക്കല്‍ സപ്ലൈസ്, സര്‍ജന്മാരും മറ്റു ആരോഗ്യ വിദഗ്ധരും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരുടെ അഭാവം മൂലം നിലവില്‍ പ്രവര്‍ത്തനക്ഷമമായ അഹ്ലി അറബ് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററുകള്‍ ഇനി പ്രവര്‍ത്തിക്കില്ലെന്ന് റിച്ചാര്‍ഡ് പീപ്പര്‍കോണ്‍ പറഞ്ഞു. വടക്കന്‍ ഗസയില്‍ പരിക്കേറ്റ ഫലസ്തീനികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ കഴിയുന്ന ഒരേയൊരു ആശുപത്രിയായിരുന്നു അഹ്ലി അറബ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഗസയിലെ 36 ആരോഗ്യ കേന്ദ്രങ്ങളില്‍ ഒമ്പത് ആശുപത്രികള്‍ മാത്രമാണ് നഗരത്തില്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഈ മെഡിക്കല്‍ സൗകര്യങ്ങളെല്ലാം ഗസയുടെ തെക്കന്‍ ഭാഗത്ത് മാത്രമായാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടി.

Content Highlight: WHO says there is not a single functioning hospital left in northern Gaza

We use cookies to give you the best possible experience. Learn more