| Saturday, 4th July 2020, 9:18 am

കൊവിഡില്‍ ആദ്യം മുന്നറിയിപ്പ് നല്‍കിയത് ചൈനയല്ലെന്ന് ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെനീവ: കൊവിഡ് വ്യാപനം ലോകത്ത് തുടങ്ങിയ ഘട്ടത്തില്‍ മുന്നറിയിപ്പ് നല്‍കിയത് ചൈനയല്ലെന്ന് ലോകാരോഗ്യ സംഘടന. ചൈനയിലെ ലോകാരോഗ്യ സംഘടനയുടെ ഓഫീസില്‍ നിന്നാണ് മുന്നറിയിപ്പ് വന്നതെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

കൊവിഡ്-19 ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുമ്പ് വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത ന്യൂമോണിയ കേസുകളെ പറ്റിയുള്ള മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നല്‍കിയത്.

ഏപ്രില്‍ ഒമ്പതിന് ലോകാരോഗ്യ സംഘടന കൊവിഡ് വ്യാപനത്തിനെതിരെ എടുത്ത പ്രാരംഭ നടപടികളുടെ ടൈം ലൈന്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഈ സമയം വെച്ച് നോക്കുകയാണെങ്കില്‍ വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന്‍ മേഖലയില്‍ 31 ന്യൂമോണിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് പറയുന്നത്. ആരാണിത് ആദ്യം ശ്രദ്ധയില്‍ പെടുത്തിയതെന്ന് ഇതില്‍ പറയുന്നില്ല.

ഏപ്രില്‍ 20 ന് ലോകാരോഗ്യ സംഘടന ഡയരക്ടര്‍ ടെഡ്രോസ് അഥനം നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ ആദ്യ കേസ് വന്നത് ചൈനയില്‍ നിന്നാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ കേസ് ചൈനീസ് അധികൃതരാണോ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഇദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

എന്നാല്‍ ഈ ആഴ്ച പ്രസിദ്ധീകരിച്ചിരിക്കുന്ന ടൈം ലൈനില്‍ ഇവ വ്യക്തമാവുന്നുണ്ട്. ഇത് പ്രകാരം ചൈനയിലെ ലോകാരോഗ്യ സംഘടന ഓഫീസ് ഡിസംബര്‍ 31 ന് ഒരു വൈറല്‍ ന്യൂമോണിയ കേസുമായി ബന്ധപ്പെട്ട പ്രാദേശിക വിഷയം അറിയിച്ചെന്ന് സൂചിപ്പിക്കുന്നു.

ഇതേ ദിവസം തന്നെ യു.എസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര എപ്പിഡെമോളജിക്കല്‍ നിരീക്ഷണ ശൃംഖലയായ പ്രോ മെഡ് വുഹാനിലെ അജ്ഞാത കാരണങ്ങളാല്‍ പടരുന്ന ന്യൂമോണിയയെക്കുറിച്ച് വിവരം പുറത്തുവിട്ടിരുന്നതും ലോകാരോഗ്യ സംഘടന പരിഗണിച്ചിരുന്നു.

ഇതിനു ശേഷമാണ് ജനുവരി 1, 2 തിയ്യതികളിലായി ലോകാരോഗ്യ സംഘടന ചൈനീസ് അധികൃതരോട് ഈ രോഗബാധയെ പറ്റിയുള്ള വിവരങ്ങള്‍ തേടുന്നത്. ജനവരി 3 നാണ് ഇവര്‍ വിവരം കൈമാറിയത്.

ചൈനീസ് അധികൃതര്‍ തങ്ങള്‍ വിവരങ്ങള്‍ തേടിയതിനു പിന്നാലെ പെട്ടന്നു തന്നെ ഇവ കൈമാറിയെന്നാണ് ലോകാരോഗ്യ സംഘടന എമര്‍ജന്‍സി ഡയരക്ടര്‍ മൈക്കല്‍ റയാന്‍ വെള്ളിയാഴ്ച പറഞ്ഞത്. ഇത്തരത്തില്‍ വിവരങ്ങള്‍ ഔദ്യോഗികമായി പരിശോധിച്ച് നല്‍കാന്‍ 24-48 മണിക്കൂര്‍ സമയം സമയപരിധി രാജ്യങ്ങള്‍ക്കുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more