'ട്രോളി ചിരിപ്പിച്ച് സെവാഗ്, നന്ദി പറഞ്ഞ് യുവിയും ഭാജിയും'; ഓഫ് സൈഡിലെ ദൈവത്തിന് ക്രിക്കറ്റ് ലോകത്തിന്റെ പിറന്നാള്‍ ആശംസകള്‍
Daily News
'ട്രോളി ചിരിപ്പിച്ച് സെവാഗ്, നന്ദി പറഞ്ഞ് യുവിയും ഭാജിയും'; ഓഫ് സൈഡിലെ ദൈവത്തിന് ക്രിക്കറ്റ് ലോകത്തിന്റെ പിറന്നാള്‍ ആശംസകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th July 2017, 3:54 pm

മുംബൈ: ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിതന്ന ക്യാപ്റ്റന്‍ ധോണിയായിരിക്കാം ആദ്യ ലോകകപ്പ് നേടി തന്നത് കപില്‍ ദേവാകാം പക്ഷെ ഇന്ത്യന്‍ ക്രിക്കറ്റിനെ നട്ടെസല്ലു നിവര്‍ത്തി നില്‍ക്കാന്‍ പഠിപ്പിച്ചത് ദാദയാണ്. കൊല്‍ക്കത്തയുടെ രാജകുമാരന്‍, സൗരവ്വ് ഗാംഗുലി.

ദാദയുടെ കളരിയില്‍ ചുവടു പഠിച്ചവരാണ് സെവാഗും ഹര്‍ഭജനും യുവരാജും പഠാനും ധോണിയുമെല്ലാം. ഇന്നു കാണുന്ന നിലയില്‍ ടീം ഇന്ത്യ എത്തിയിട്ടുണ്ടെങ്കില്‍ അതിന് കടപ്പെട്ടിരിക്കുന്നത് ദാദയോടായിരിക്കും.

ദാദയുടെ നെവര്‍ സെ ഡൈ ആറ്റിറ്റിയൂടും എതിരാളിയെ അവന്റെ തട്ടകത്തില്‍ ചെന്നു വെല്ലുവിളിക്കാനുള്ള ചങ്കുറപ്പുമായിരിക്കും 2000 ന് ശേഷം ക്രിക്കറ്റ് കാണാന്‍ പലരേയും പ്രേരിപ്പിച്ചത്. ഇന്ന് ഓഫ് സൈഡിലെ ദൈവമായ ദാദയുടെ 45 ആം പിറന്നാളാണ്. സ്പിന്‍ ബൗളേഴ്‌സിനെ യാതൊരു ദയയും കൂടാതെ സ്റ്റേഡിയം കടത്തിവിടുന്ന സൗരവ്വിന് പിറന്നാള്‍ ആശംസകളുമായി ക്രിക്കറ്റ് ലോകമൊട്ടാകെ എത്തിയിരിക്കുകയാണ്.


Also Read:  സിനിമയിലെ സ്ത്രീചൂഷണത്തെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബ്രോയിലര്‍ കോഴി ഉത്പാദനത്തെ കുറിച്ച് ക്ലാസെടുത്ത് ശ്രീനിവാസന്‍


തന്റെ സ്വതസിദ്ധമായ ശൈലിയിലായിരുന്നു വിരേന്ദര്‍ സെവാഗ് ദാദയ്ക്ക് ആശംസകള്‍ നേര്‍ന്നത്. ദാദയ്‌ക്കൊപ്പമുള്ളപ്പോള്‍ ലെഗ്ഗ് സൈഡിലിരിക്കുന്നതാണ് സേഫ് എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. കാരണം ഓഫ് സൈഡിലാണെങ്കില്‍ അതിപ്പോ പന്തായാലും മനുഷ്യനായാലും ദാദ അതിര്‍ത്തി കടത്തിയിരിക്കുമെന്നും സെവാഗ് പറയുന്നു. സൗരവ്വിനൊപ്പം കമന്ററി ബോക്‌സില്‍ അദ്ദേഹത്തിന്റെ ലെഗ്ഗ് സൈഡിലിരിക്കുന്ന ചിത്രവും സെവാഗ് ട്വീറ്റ് ചെയ്തിരുന്നു.

മറ്റൊരു ട്വീറ്റില്‍ തന്റെ കരിയറില്‍ താന്‍ എവിടെയെഎങ്കിലും എത്തിയിട്ടുണ്ടെങ്കില്‍, തന്റെ നേട്ടങ്ങള്‍ക്കെല്ലാം കടപ്പെട്ടിരിക്കുന്നത് ദാദയോടാണെന്നും സെവാഗ് പറയുന്നു.

ഗാംഗുലിയുടെ കൈപിടിച്ച് ടീമിലേക്ക് എത്തിയ യുവരാജും ഹര്‍ഭജനും കൈഫുമെല്ലാം അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ക്രിക്കറ്റ് ദൈവം സച്ചിനും തന്റെ പ്രിയ സുഹൃത്തിന് ആശംസകള്‍ അറിയിച്ച് ട്വീറ്റ് ചെയ്തു. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഗാംഗുലിയെന്ന യഥാര്‍ത്ഥ ഹീറോയെ കുറിച്ചും ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം മാറ്റിയ നായക മികവിനെ കുറിച്ചുമായിരുന്നു.