എബോള: മരണസംഖ്യ ഏഴായിരത്തോളമെന്ന് ലോകാരോഗ്യ സംഘടന
Daily News
എബോള: മരണസംഖ്യ ഏഴായിരത്തോളമെന്ന് ലോകാരോഗ്യ സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th November 2014, 12:41 pm

ebolaജനീവ: പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായിരത്തിനു അടുത്തതായി ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളിലായി 6,928 പേരാണ് മരിച്ചത്.

രണ്ടുദിവസത്തിനുള്ളില്‍ 12,00 പേരാണ് എബോള ബാധിച്ച് മരിച്ചത്. 16,169 പേര്‍ രോഗ ബാധിതരാണ്. രോഗബാധിതരില്‍ 268 പേരുടെ വര്‍ധവ് രേഖപ്പെടുത്തിയിരിക്കുന്നു. സിയോറ ലിയോണ്‍, ഗിനിയ, ലൈബീരിയ എന്നീ മൂന്ന് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നത്.

വൈറസ് പടരുന്നതനുസരിച്ച് മരണനിരക്കും ഉയര്‍ന്നേക്കുമെന്ന് ലോകാരോഗ്യസംഘടന മുന്‍കരുതല്‍ നല്‍കുന്നുണ്ട്. മരണസംഖ്യ പെട്ടെന്ന് വര്‍ധിച്ചത് ലൈബീരിയയിലാണ്. എബോള ബാധിച്ച് മരിച്ചവരില്‍ ഭൂരിഭാഗവും ലൈബീരിയയിലുള്ളവരാണ്. 7,244 കേസുകളില്‍ നിന്നായി 4,181 പേരാണ് ഇവിടെ മരിച്ചത്.

സിയോറ ലിയോണില്‍ എബോള വ്യാപിക്കുന്നുണ്ട്. ഇവിടെ 6,802 കേസുകളില്‍ നിന്നായി 1,461 പേരാണ് മരിച്ചത്. എബോള ആദ്യമുണ്ടായ ഗിനിയയില്‍ 1,284 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കൂടുതല്‍ പേരിലേക്കു പടരുന്ന എബോള വൈറസ് ബാധ നിയന്ത്രിക്കാായില്ലെങ്കില്‍ മരണ സംഖ്യ 20,000 കടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.  ശരീരത്തിലുള്ള സ്രവം വഴിമാത്രമേ എബോള പടരുകയുള്ളു. അതിനാല്‍ തന്നെ രോഗത്തിന്റെ സൂചനകള്‍ കണ്ടാല്‍ അവരുമായുള്ള സമ്പര്‍ക്കം കുറയ്ക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.