| Tuesday, 6th October 2020, 8:21 am

സ്ഥിതി ഗുരുതരം; ലോകത്ത് പത്തിലൊരാള്‍ക്ക് വീതം കൊവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: ലോകജനസംഖ്യയില്‍ പത്തിലൊരാള്‍ക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്. ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും കൊവിഡ് ഭീതിയുടെ നിഴലിലാണെന്ന് സ്വിറ്റ്‌സര്‍ലന്റില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടന വിലയിരുത്തി.

കൊവിഡിനോടുള്ള ലോകത്തിന്റെ പ്രതികരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ലോകാരോഗ്യ സംഘടന യോഗം ചേര്‍ന്നത്. ഇതിനകം മൂന്നര കോടി ജനങ്ങളെയാണ് കൊവിഡ് ബാധിച്ചത്.

എന്നാല്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 80 കോടിയോളം ജനങ്ങള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

10 ലക്ഷത്തിലേറെ ആളുകള്‍ ഇതിനകം രോഗബാധിതരായി മരിച്ചിട്ടുണ്ട്. രോഗ വ്യാപനം ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചതും ഇന്ത്യയിലാണ്. അമേരിക്കയില്‍ 10 ലക്ഷത്തിലേറെയും ഇന്ത്യയില്‍ ഒരു ലക്ഷത്തിലേറെയും ആളുകളാണ് ഇതിനോടകം രോഗം ബാധിച്ച് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

കൊവിഡ് ലോകത്താകെ വ്യാപിച്ചിട്ട് പത്തുമാസത്തോളമായി. യുറോപ്പിലെ പല രാജ്യങ്ങളിലും രോഗത്തിന്റെ രണ്ടാം വ്യാപനം നടക്കുന്നത് പ്രതിരോധപ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രണ്ടാം വ്യാപനം ശക്തമായതിനെ തുടര്‍ന്ന് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ മൂന്ന് കോടി അമ്പത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 10,45,849 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. രോഗമുക്തി നേടിയവരുടെ എണ്ണം 2,6859,361 ആയി ഉയര്‍ന്നു എന്നത് ആശ്വാസം നല്‍കുന്നു.

ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഏഴുപത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 214,994 പേര്‍ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,890,263 ആയി.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷം കടന്നിരിക്കുകയാണ്. മരണം 1.03 ലക്ഷവും പിന്നിട്ടു. കഴിഞ്ഞ ദിവസം 76,737 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 55,86,703 ആയി.

അതേസമയം, 2021 ജൂലൈയോടെ ഇന്ത്യയിലെ 20 – 25 കോടി ജനങ്ങള്‍ക്ക് കൊവിഡ് വാക്സിന്‍ കുത്തിവെയ്പ് നടത്താമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights:  WHO Reports About Covid 19

We use cookies to give you the best possible experience. Learn more