'മറന്നു പോയെങ്കില്‍ ഓര്‍ക്കുക, ലിനി, റസാന്‍ അല്‍ നജ്ജാര്‍, സലോമി കര്‍വ'; ലോകാരോഗ്യ സംഘടന ആദരമറിയിച്ച മൂന്ന് വനിതകള്‍
Women
'മറന്നു പോയെങ്കില്‍ ഓര്‍ക്കുക, ലിനി, റസാന്‍ അല്‍ നജ്ജാര്‍, സലോമി കര്‍വ'; ലോകാരോഗ്യ സംഘടന ആദരമറിയിച്ച മൂന്ന് വനിതകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th June 2018, 3:16 pm

കോഴിക്കോട്: ലിനി, റസാന്‍ അല്‍ നജ്ജാര്‍, സലോമി കര്‍വ, കര്‍ത്തവ്യ നിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ഈ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ആദരം അറിയിച്ചത്. മൂന്ന് പേരും അപകടകരമായ സാഹചര്യങ്ങളില്‍ സ്വന്തം ജീവന്‍ പോലും അര്‍പ്പിച്ച് ആതുര സേവനം ചെയ്തവര്‍.
ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ഡയറക്ടര്‍ ജിം ക്യാംബെല്‍ ആണ് ട്വിറ്ററിലൂടെ ഈ വനിതകളെ അനുസ്മരിച്ചത്.

“മറന്ന് പോയെങ്കില്‍ ഇവരെ ഓര്‍ക്കുക, ലിനി, റസാന്‍ അല്‍ നജ്ജാര്‍, സലോമി കര്‍വ” എന്നാണ് അദ്ദേഹം കുറിച്ചത്. ലോകാരോഗ്യ രംഗത്തെ വനിതകള്‍ എന്ന ഹാഷ്ടാഗ് ഉള്‍പ്പടെയാണ് ട്വീറ്റ്.

സലോമി കര്‍വ

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സന്നദ്ധ സേവന രംഗത്തുണ്ടായിരുന്ന നഴ്‌സ് ആയിരുന്നു സലോമി കര്‍വ. 11,310 പേരെ കൊന്നൊടുക്കിയ എബോള വൈറസിനെ പക്ഷേ കര്‍വ അതിജീവിച്ചു. തന്റെ ശരീരത്തില്‍ നിന്ന് വൈറസിനെ തുരത്തിയ അതേ പോരാട്ട വീര്യത്തോടെ വൈറസ് ബാധിച്ചവരെ പരിചരിക്കാന്‍ ദുരിത മുഖത്ത് കര്‍വ സന്നദ്ധയായി.

കര്‍വയുടെ അമ്മയെയും അച്ഛനെയും സഹോദരനെയും മറ്റ് ബന്ധുക്കളെയും എബോള മരണത്തിലേക്ക് കൊണ്ട് പോയിട്ടും അവര്‍ തളരാതെ നിന്നു. ജീവന്‍ പണയപ്പെടുത്തി അസുഖ ബാധിതരെ പരിചരിച്ചു. അതിലൂടെ തന്റെ ഗര്‍ഭിണിയായ സഹോദരിയെയും മറ്റനേകം ബാധിതരെയും രക്ഷിച്ചെടുക്കാനായി. എബോളയെ അതിജീവിച്ചെങ്കിലും പ്രസവത്തെ തുടര്‍ന്നുള്ള സങ്കീര്‍ണതകളെ തുടര്‍ന്ന് 2017 ഫെബ്രുവരിയില്‍ കര്‍വ മരിച്ചു.

എബോള വൈറസിനെതിരെ നടത്തിയ പോരാട്ടത്തിന് ആദര സൂചകമായി ടൈം മാഗസിന്‍ സലോമി കര്‍വയെ 2014ലെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തിരുന്നു.

റസാന്‍ അല്‍ നജ്ജാര്‍

സന്നദ്ധപ്രവര്‍ത്തകയായ റസാന്‍ അല്‍ നജ്ജാറിനെ ഇസ്രഈല്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗാസാ അതിര്‍ത്തിയില്‍ പരിക്കേറ്റ പ്രക്ഷോഭകനെ ശുശ്രൂശിക്കുന്നതിനിടയിലാണ് റസാന്‍ നജ്ജാറിന് നേരെ ഇസ്രഈല്‍ സൈന്യം വെടിയുതിര്‍ത്തത്. അതിര്‍ത്തിയില്‍ നിന്ന് വെറും 100 മീറ്റര്‍ മാറി വ്യക്തമായി കാണാവുന്ന തരത്തില്‍ വെളുത്ത യൂണിഫോം ധരിച്ചിരുന്ന നജ്ജറിന് നേരെ സൈന്യം മനഃപൂര്‍വ്വം ആക്രമണം നടത്തുകയായിരുന്നെന്നാണ് പാലസ്തീനിയന്‍ മനുഷ്യാവകാശ സംഘടനയായ അല്‍ മെന്‍സെ റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 31ന് ആരംഭിച്ച പ്രക്ഷോഭത്തിനിടെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടാമത്തെ വനിതയാണ് റസാന്‍. 123 പേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകയുടെ വേഷം വ്യക്തമായിരുന്നിട്ടും നജ്ജറിന് നേരെ വെടിയുതിര്‍ത്തെന്ന് ആരോപിച്ച് കൊലപാതകത്തില്‍ ഐക്യരാഷ്ട്ര സഭയും അപലപിച്ചിരുന്നു. പ്രക്ഷോഭത്തെ തുടര്‍ന്ന് നജ്ജറിന്റെ കൊലപാതകം അന്വേഷിക്കാമെന്ന് ഇസ്രഈല്‍ പ്രഖ്യാപിച്ചിരുന്നു.

ലിനി

പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിലെ നഴ്സായിരുന്നു ലിനി. തന്റെ ജീവന് വില കല്‍പിക്കാതെ നിപാ ബാധിതരെ പരിചരിച്ച  ലിനിയുടെ ജീവനെടുത്തതും നിപാ വൈറസ് ആയിരുന്നു. വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു പോലും വിട്ടുകൊടുക്കാതെ സംസ്‌കരിക്കുകയായിരുന്നു. വിദേശത്തായിരുന്ന ലിനിയുടെ ഭര്‍ത്താവ് സജീഷ് സ്ഥലത്തെത്തിയിരുന്നെങ്കിലും ദൂരെ നിന്ന് ലിനിയെ ഒരു നോക്ക് കാണാന്‍ മാത്രമേ കഴിഞ്ഞുള്ളു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് മൃതശരീരം കണ്ടത്.

തന്റെ മരണം ഉറപ്പായ സാഹചര്യത്തിലും സധൈര്യം തന്റെ ഭര്‍ത്താവ് സജീഷിന് നല്‍കാനായി കത്തെഴുതി വച്ചിട്ടാണ് ലിനി യാത്രയായത്.

“സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry…
നമ്മുടെ മക്കളെ നന്നായി നോക്കണേ…
പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം…
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please…

with lots of love….

എന്നാണ് ലിനി കത്തില്‍ കുറിച്ചത്. ഈ കത്ത് ഉള്‍പ്പടെ ലോകപ്രശസ്ത മാഗസിനായ ദ എക്കണോമിസ്റ്റും ലിനിക്ക് ആദരം അറിയിച്ചിരുന്നു.