| Thursday, 21st March 2024, 10:46 am

ഗസയിൽ ഇതുവരെ 400ലധികം ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് ശേഷം ഗസയിലെ 410 ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രഈല്‍ ആക്രമണം നടത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യൂ.എച്ച്.ഒ ബുധനാഴ്ചയാണ് എക്‌സിലൂടെ കണക്കുകള്‍ പുറത്ത് വിട്ടത്.

ഗസയിലുടനീളമുള്ള 104 ആംബുലന്‍സുകള്‍ക്ക് നേരെയും ഇസ്രഈല്‍ ആക്രമണം നടത്തിയെന്ന് ഡബ്ല്യൂ.എച്ച്.ഒ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ആരോഗ്യ മേഖലയെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന് ഡബ്ലൂ.എച്ച്.ഒ ആവര്‍ത്തിച്ചു. സിവിലിയന്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യ സ്ഥാപനങ്ങളേയും സംരക്ഷിക്കണമെന്ന അന്താരാഷ്ട്ര നിയമങ്ങള്‍ മാനിക്കണമെന്നും ഡബ്ലൂ.എച്ച്.ഒ ഇസ്രഈലിനോട് അഭ്യര്‍ത്ഥിച്ചു.

വര്‍ധിച്ച് വരുന്ന പട്ടിണി മൂലം ഗസയിലെ കുട്ടികള്‍ മരണത്തിന്റെ വക്കിലാണെന്ന് ലോകാരോഗ്യ സംഘടനാ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പട്ടിണിയെ തുടര്‍ന്ന് ശിശുമരണ നിരക്ക് വര്‍ധിച്ചെന്നാണ് ഗസയില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍.

ഈ സാഹചര്യം മറികടക്കാന്‍ പോഷകാഹാരം ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും ഗസയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതികരിച്ചു. ഗസക്കെതിരായ വംശഹത്യയില്‍ പട്ടിണിയെ ആയുധമാക്കുന്നത് ഇസ്രഈല്‍ നിര്‍ത്തണമെന്ന് അടുത്തിടെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.

യുദ്ധം തുടരുന്നതിനിടെ പട്ടിണിയിലൂടെ ജനങ്ങളെ വേട്ടയാടുന്നത് യുദ്ധക്കുറ്റം ആണെന്നാണ് ഐക്യരാഷ്ട്രസഭ പറഞ്ഞത്. ഗസയിലെ പട്ടിണിയെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് അപലപിച്ചു. പട്ടിണി ഉണ്ടാകുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നിട്ടും മനുഷ്യ നിര്‍മിതമായ ദുരന്തമാണ് ഇപ്പോള്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 31,600ലധികം ആളുകളാണ് ഗസയില്‍ കൊല്ലപ്പെട്ടത്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

Content Highlight: WHO records over 400 attacks on Gaza healthcare facilities

We use cookies to give you the best possible experience. Learn more