| Saturday, 2nd May 2020, 7:45 pm

'ലോകം കണ്ടു പഠിക്കണം'; കൊവിഡ് പ്രതിരോധത്തില്‍ ചൈനയെ പുകഴ്ത്തി ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് പ്രതിരോധത്തില്‍ ചൈന സ്വീകരിക്കുന്ന നടപടി ക്രമങ്ങളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. മറ്റു രാജ്യങ്ങള്‍ ചൈനയുടെ പ്രതിരോധ നടപടികള്‍ മാതൃകയാക്കണമെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

ജനീവയില്‍ നടന്ന വിര്‍ച്വല്‍ പ്രസ് മീറ്റിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സി പ്രോഗ്രാമിന്റെ ടെക്‌നിക്കല്‍ ലീഡായ മരിയ വന്‍ കെര്‍ഖൊവിന്റെ പരാമര്‍ശം.

‘ വുഹാനില്‍ ഗുരുതരമായ കേസുകളും രോഗികളും ഇല്ലെന്ന വാര്‍ത്ത സ്വാഗതാര്‍ഹമാണ്. ഈ നേട്ടത്തിന് അഭിനന്ദനങ്ങള്‍’
‘ വുഹാന്‍ എങ്ങനെയാണ് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതെന്ന് ചൈനയില്‍ നിന്നും ലോകം പഠിക്കണം, എങ്ങനെയാണ് സമൂഹത്തെ സാധാരണഗതിയിലേക്ക് കൊണ്ടു വരുന്നത്, അല്ലെങ്കില്‍ ഒരു പുതിയ സാധാരണ നിലയെ ഉണ്ടാക്കുന്നത് എന്നത്,’ ലോകാരോഗ്യ സംഘടനാംഗം പറഞ്ഞു.

ഏപ്രില്‍ നാലിനു ശേഷം തുടര്‍ച്ചയായി 28 ദിവസം ഹുബൈ പ്രവിശ്യയിലും തലസ്ഥാനമായ വുഹാനിലും കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഇവിടത്തെ പ്രാദേശിക ആരോഗ്യകമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

അതേ സമയം കൊവിഡ് നിയന്ത്രണ വിധേയമായതിനു ശേഷം വുഹാനില്‍ രോഗലക്ഷണങ്ങളില്ലാതെ 647 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ നിലവില്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണ്. 68128 പേര്‍ക്കാണ് വുഹാനില്‍ ഇതുവരെയും കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 50333 കേസുകളും വുഹാനില്‍ നിന്നാണ്. 4633 പേരാണ് ചൈനയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

അതേ സമയം കൊവിഡ് ലോകവ്യാപകമായി പടരാന്‍ ചൈനയാണെന്ന അമേരിക്കയുടെ ആരോപണം തുടരുകയാണ്. ചൈനയുടെ പി.ആര്‍ ഏജന്‍സിയായതില്‍ ലോകാരോഗ്യ സംഘടന ലജ്ജിക്കണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച പറഞ്ഞത്. ഒപ്പം ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, ഓസ്ടട്രേലിയ തുടങ്ങിയ രാജ്യങ്ങളും കൊവിഡ് വ്യാപനത്തില്‍ ചൈനയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more