കൊവിഡിനെതിരെ കൂട്ടായി പ്രവര്‍ത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നു; ബൈഡന് ആശംസകളുമായി ലോകാരോഗ്യ സംഘടന
World News
കൊവിഡിനെതിരെ കൂട്ടായി പ്രവര്‍ത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നു; ബൈഡന് ആശംസകളുമായി ലോകാരോഗ്യ സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th November 2020, 11:27 pm

ജനീവ: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രസിഡണ്ട് ജോ ബൈഡന് ആശംസകളുമായി ലോകാരോഗ്യ സംഘടന തലവന്‍ ടെട്രോസ് അഥനോം ഗബ്രിയേസിസ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോകത്ത് ഭീഷണിയായിക്കൊണ്ടിരിക്കുന്ന കൊവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു കൂട്ടായ പ്രവര്‍ത്തനം ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രസിഡണ്ട് ജോ ബൈഡനും വൈസ് പ്രസിഡണ്ട് കമല ഹാരിസിനും അഭിനന്ദനങ്ങള്‍. കൊവിഡ് 19 പോലുള്ള പ്രതിസന്ധികളില്‍ നിങ്ങളോടൊത്തുള്ള കൂട്ടായ പ്രവര്‍ത്തനത്തിന് ആഗ്രഹിക്കുന്നു. ആഗോള സാഹോദര്യവും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്- അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെ നിരവധി ലോകനേതാക്കള്‍ ബൈഡനെ അഭിനന്ദിച്ച് രംഗത്തത്തിയിരുന്നു. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍, തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് വിജയത്തില്‍ ബൈഡനെ അഭിനന്ദിച്ചിരുന്നു.

അതേസമയം പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനെ അംഗീകരിക്കാന്‍ തയ്യാറാവാതെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പ്രസിഡണ്ടു കൂടിയ ഡൊണാള്‍ഡ് ട്രംപ്.

ലോകനേതാക്കള്‍ ബൈഡന് ആശംസകള്‍ അറിയിച്ചെത്തിയിട്ടും തോല്‍വി സമ്മതിക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നെന്നും വോട്ടെണ്ണലില്‍ കൃത്രിമത്വം നടന്നെന്ന ആരോപണത്തെ ഗൗരവമായി കാണണമെന്നുമാണ് ട്രംപിന്റെ പുതിയ ആരോപണം. ഇപ്രാവശ്യം വോട്ടിംഗ് രീതിയിലാണ് കൃത്രിമത്വം നടന്നതെന്നാണ് ട്രംപ് പറയുന്നത്.

ഇവരൊക്കെ കള്ളന്‍മാരാണ്. ഇത് മോഷ്ടിക്കപ്പെട്ട ഒരു തെരഞ്ഞെടുപ്പാണ്. ഒബാമയെ പിന്തള്ളി പല സ്റ്റേറ്റുകളിലും ബൈഡന്‍ നടത്തിയ മുന്നേറ്റം തന്നെ ഇതിന് ഉദാഹരണമാണ്. മോഷ്ടിക്കേണ്ടത് അവര്‍ മോഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു എന്നാണ് ട്രംപ് ഫേസ്ബുക്കിലെഴുതിയത്.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ 290 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. 270 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം.

പെന്‍സില്‍വാനിയയില്‍ 49.7 ശതമാനം വോട്ട് നേടിയാണ് ബൈഡന്‍ ജയിച്ചത്. ട്രംപിന് ഇവിടെ 49.2 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; WHO Praises Joe Biden