| Thursday, 1st June 2017, 9:54 am

ബാഹുബലിയില്‍ നന്നായി അഭിനയിച്ചതാര്? രാജമൗലിയുടെ ഈ മറുപടി ഞെട്ടിക്കും തീര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഹുബലി സിനിമയിലെ ഓരോ അഭിനേതാക്കളും കാഴ്ചവെച്ച പ്രകടനം അതിമനോഹരം തന്നെയാണ്. ഓരോ താരങ്ങളും യഥാര്‍ത്ഥത്തില്‍ മത്സരിച്ച് അഭിനയിക്കുകയായിരുന്നു. എന്നാല്‍ ബാഹുബലി സിനിമയിലെ താരങ്ങളുടെ പ്രകടനം വിലയിരുത്തിയാല്‍ ഏത് താരത്തിനാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നല്‍കുകയെന്ന ചോദ്യത്തിന് ഏവരേയും അമ്പരിപ്പിക്കുന്ന മറുപടിയായിരുന്നു സംവിധായകന്‍ രാജമൗലി നല്‍കിയത്.

നമ്മള്‍ പ്രതീക്ഷിക്കുന്നതുപോലെ പ്രഭാസ് എന്നോ അനുഷ്‌കയെന്നോ രമ്യകൃഷ്ണനെന്നോ ആയിരുന്നില്ല. മറിച്ച് നാസറിന്റെ പേരാണ് ഉത്തരമായി പറഞ്ഞത്.


Dont Miss ജേക്കബ് തോമസ് അവധി ഒരു മാസത്തേക്ക് കൂടി നീട്ടി; തീരുമാനം സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമെന്ന് സൂചന 


ബിജലദേവ എന്ന കഥാപാത്രത്തെയാണ് നാസര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. “ബിജലദേവ എന്ന കഥാപാത്രത്തിന് വളരെ ചെറിയ രംഗങ്ങള്‍ മാത്രമേ സിനിമയിലൊള്ളൂ. മാത്രമല്ല മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ െചറിയൊരു വേഷമാണത്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിനയപ്രകടനത്താല്‍ ആ വേഷം വലുതായി മാറുകയായിരുന്നു.”രാജമൗലി പറയുന്നു. ഓപ്പണ്‍ ഹാര്‍ട്ട് എന്നൊരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് രാജമൗലി മനസ്സു തുറന്നത്.

ബാഹുബലിയെ കട്ടപ്പ പിന്നില്‍ നിന്നും കുത്തുന്ന ആ രംഗം മനസ്സില്‍ കണ്ടതുപോലെ സിനിമയില്‍ കൊണ്ടുവരാന്‍ ആയില്ലെന്നും രാജമൗലി വ്യക്തമാക്കി.

“ആ രംഗത്തില്‍ സിനിമയില്‍ വന്നതില്‍ കൂടുതല്‍ ഷോട്ടുകള്‍ ചിത്രീകരിച്ചിരുന്നു. കാരണം അവര്‍ അത്രത്തോളം പരസ്പരം സ്‌നേഹിച്ചിരുന്നു. എന്നാല്‍ സിനിമയുടെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 45 മിനിറ്റ് പിന്നിട്ട് പോയിരുന്നു. അതുകൊണ്ടാണ് ആ രംഗങ്ങള്‍ ഒഴിവാക്കേണ്ടി വന്നത്.”രാജമൗലി പറഞ്ഞു.

സിനിമയെ ഒരു ആഗോളവിജയമാക്കി മാറ്റാന്‍ ഹിന്ദി മാധ്യമങ്ങള്‍ ഒരുപാട് സഹായിച്ചെന്നും കരണ്‍ ജോഹറിന്റെ മാര്‍ക്കറ്റിങ് തന്ത്രങ്ങളാണ് ബോളിവുഡില്‍ ബാഹുബലി ഇത്രവിജയമാകാന്‍ കാരണമെന്നും രാജമൗലി പറഞ്ഞു.

ചിത്രം സൂപ്പര്‍ഹിറ്റാണെന്ന് കാണിക്കാന്‍ ചില നിര്‍മാതാക്കള്‍ നിര്‍ബന്ധപൂര്‍വം തിയറ്ററുകളില്‍ 100 ദിവസം സിനിമ ഓടിക്കാറുണ്ട്. മഗധീര 175 ദിവസം വരെ ചില തിയറ്ററുകളില്‍ ഓടിച്ചു. ഇതെനിക്ക് ഒരു തരത്തിലും യോജിക്കാനാകില്ല. അതുകൊണ്ടാണ് മഗധീരയുടെ വിജയാഘോഷത്തിന് താന്‍ പോകാതിരുന്നതെന്നും രാജമൗലി പറഞ്ഞു.

We use cookies to give you the best possible experience. Learn more