ചണ്ഡിഗഢ്: അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ പേഴ്‌സ് ആരാണ് മോഷ്ടിച്ചതെന്ന ചോദ്യവുമായി മുന്‍ എന്‍.ഡി.എ കേന്ദ്രമന്ത്രിയും ശിരോമണി അകാലി ദള്‍ നേതാവുമായിരുന്ന ഹര്‍സിമ്രത് കൗര്‍ ബാദല്‍.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൗര്‍ ഇക്കാര്യം ഉന്നയിച്ചത്, എന്നാല്‍ ഇത് ശരിയല്ലെന്നും തെറ്റായായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.
ട്വിറ്ററിലൂടെയായിരുന്നു കൗറിന്റെ പ്രതികരണം.
‘ആരാണ് ശ്രീ ഹര്‍മന്ദിര്‍ സാഹേബില്‍ വെച്ച് രാഹുല്‍ ഗാന്ധിയുടെ പേഴ്‌സ് മോഷ്ടിച്ചത്? ചരണ്‍ജിത് സിംഗ് ചന്നിയാണോ നവജ്യോത് സിംഗ് സിദ്ദുവാണോ അതോ രണ്‍ധാവയോ? Z കാറ്റഗറി സെക്യൂരിറ്റിയുള്ള രാഹുല്‍ ഗാന്ധിക്കൊപ്പം ഇവര്‍ മാത്രമാണുണ്ടായിരുന്നത്. അതോ പവിത്രമായ ആരാധനാലയത്തിന് ചീത്തപ്പേരുണ്ടാക്കാനുള്ള ശ്രമമായിരുന്നോ,’ കൗര്‍ ചോദിക്കുന്നു.
എന്നാല്‍ കൗറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സര്‍ജേവാല രംഗത്തെത്തിയിരുന്നു. ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നും വെറുതെ കുപ്രചരണങ്ങള്‍ നടത്തരുതെന്നുമായിരുന്നു രണ്‍ദീപിന്റെ മറുടി.
മോദിയുടെ മന്ത്രി സഭയിലെ അംഗമാവുകയും മോദി കൊണ്ടുവന്ന ഓര്‍ഡിനന്‍സുകള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്ത് പാവം കര്‍ഷകരുടെ പോക്കറ്റടിച്ചത് ആരാണ് എന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണെന്നും അദ്ദേഹം തിരിച്ചടിച്ചു.
ഏറെ വിവാദമായ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ 2020 സെപ്തംബറിലായിരുന്നു കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വകുപ്പ് മന്ത്രിയായ കൗര്‍ രാജിവെച്ചത്.
പഞ്ചാബ് നിമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു രാഹുല്‍ ഗാന്ധി പഞ്ചാബിലെത്തിയത്. ചന്നിക്കും സിദ്ദുവിനുമൊപ്പം സുവര്‍ണക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍, പ്രചരണപരിപാടികളിലും പങ്കെടുത്തിരുന്നു.
ഫെബ്രുവരി 20ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ പുകയുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും തീരുമാനിക്കൂ എന്ന നിലപാടിലായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ കാരണം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തന്നെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബ് മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടായതിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയില്‍ പ്രതിച്ഛായയുടെ വിഷയം എന്ന രീതിയില്‍ക്കൂടിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.
Content Highlight: Who Picked Rahul Gandhi’s Pocket At Golden Temple, Asks Harsimrat Kaur