| Monday, 17th September 2018, 10:16 am

നിരാഹാരം അവസാനിപ്പിക്കാനായി ഹര്‍ദിക് പട്ടേലിന് വെള്ളം കൊടുത്തതാര്? ; ഗുജറാത്ത് ക്ലര്‍ക്ക് പരീക്ഷയുടെ ചോദ്യം വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗാന്ധിനഗര്‍ മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം ക്ലറിക്കല്‍ പോസ്റ്റിലേക്ക് നടന്ന കോംപിറ്റേറ്റീവ് പരീക്ഷയുടെ ചോദ്യം വിവാദത്തില്‍.

പട്ടേല്‍ സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍ 19 ദിവസമായി നടത്തിവന്ന നിരാഹാരസമരവുമായി ബന്ധപ്പെട്ട ചോദ്യമാണ് വിവാദത്തിലായത്.

നിരാഹാര സമരം അവസാനിപ്പിക്കുന്ന സമയത്ത് ഹര്‍ദികിന് സമീപമിരുന്ന് വെള്ളം കൊടുത്ത രാഷ്ട്രീയ നേതാവ് ആരാണ് എന്നായിരുന്നു ചോദ്യം. ശരദ് യാദവ്, ശത്രുഘ്‌നന്‍ സിന്‍ഹ, ലാലു പ്രസാദ് യാദവ്, വിജയ് രൂപാനി എന്നിവരുടെ പേരായിരുന്നു ഉത്തര സൂചികയായി നല്‍കിയത്.

ജെ.ഡി.യു മുന്‍ തലവനും മുന്‍ കേന്ദ്രമന്ത്രിയുമായി ശരദ് യാദവ് എന്നതായിരുന്നു ശരിയായ ഉത്തരം.


Dont Miss നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു


ഇതോടെ ഹര്‍ദിക് പട്ടേലിന്റെ സമരവുമായി ബന്ധപ്പെട്ട ഒരു ചോദ്യം എന്തുകൊണ്ടാണ് ഒരു മത്സരപരീക്ഷയില്‍ ഉള്‍പ്പെടുത്തിയത് എന്ന വിമര്‍ശനം ഉയര്‍ന്നു.

ചോദ്യം ഉള്‍പ്പെടുത്തിയതിന്റെ കാരണം അറിയില്ലെന്നാണ് ഗാന്ധിനഗര്‍ മേയര്‍ പ്രവീണ്‍ഭായ് പ്രതികരിച്ചത്. പരീക്ഷനടത്തിപ്പിലും മറ്റും ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ പ്രതിനിധികള്‍ ഭാഗമായിരുന്നില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ജോലി, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, കര്‍ഷക വായ്പ തുടങ്ങി വിവിധ മേഖലകളില്‍ സമുദായത്തിന് പ്രത്യേക സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 25 നായിരുന്നു ഹര്‍ദിക് പട്ടേല്‍ നിരാഹാര സമരം ആരംഭിച്ചത്.

ഹര്‍ദികിന്റെ ആരോഗ്യം മോശമായതോടെ പടീദാര്‍ നേതാക്കള്‍ സമരം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് സെബ്റ്റംബര്‍ എട്ടിന് ആശുപത്രിയില്‍ എത്തി ശരദ് യാദവ് പട്ടേലിന് വെള്ളം നല്‍കി. എന്നാല്‍ ആശുപത്രിയില്‍ നിന്നും സെപ്റ്റംബര്‍ 9 ന് ഡിസ്ചാര്‍ജ് ചെയ്ത അദ്ദേഹം വീണ്ടും സമരം ആരംഭിച്ചു. സെപ്റ്റംബര്‍ 12 നാണ് പിന്നീട് നിരാഹാര സമരം അവസാനിപ്പിച്ചത്.

എന്നാല്‍ ഹര്‍ദികിന്റെ ആവശ്യങ്ങള്‍ക്ക് മേല്‍ ചര്‍ച്ച നടത്താന്‍ പോലും ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സമരം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രതികരണം.

വിവിധ ബി.ജെ.പി നേതാക്കള്‍ക്കു പുറമേ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ എന്നിവര്‍ ഹര്‍ദിക്കിന് പിന്തുണ പ്രഖ്യാപിച്ച് സമരമുഖത്തെത്തിയിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, ആര്‍.ജെ.ഡി എന്നി പാര്‍ട്ടികളുടെ പ്രതിനിധികളും ഹര്‍ദിക്കിനെ സന്ദര്‍ശിക്കുന്നതിനും സമരത്തിന് പിന്തുണയറിയിക്കുന്നതിനും സമരപ്പന്തലിലെത്തിയിരുന്നു.

അതിനിടെ, ബി.ജെ.പി നേതാക്കളായ യശ്വന്ത് സിന്‍ഹയും ശത്രുഘ്നന്‍ സിന്‍ഹയും ഹര്‍ദിക്കിനെ സന്ദര്‍ശിക്കാനെത്തിയിരുന്നു. ഇവര്‍ ദീര്‍ഘനേരം ഹര്‍ദിക്കുമായി സംസാരിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more