| Thursday, 4th February 2021, 10:24 pm

അടുത്ത എഫ്.ഐ.ആര്‍ സാന്താക്ലോസിനെതിരെയായിരിക്കും, അല്ലേ?; ദല്‍ഹി പൊലീസിനെ പരിഹസിച്ച് ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷകസമരത്തെ പിന്തുണച്ചതിന് പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ദല്‍ഹി പൊലീസിനെ പരിഹസിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ദല്‍ഹിയിലെ എല്ലാ കുറ്റകൃത്യങ്ങളും തുടച്ചുനീക്കിയ പൊലീസ് ഇനി ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവായ സ്വീഡിഷ് കൗമാരക്കാരിയെ നേരിടാന്‍ പോകുകയാണെന്ന് ഉവൈസി പരിഹസിച്ചു.

ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ദല്‍ഹി തെരുവിലെ എല്ലാ കുറ്റങ്ങളും തൂത്തുകളഞ്ഞ പൊലീസ് ഇനി ഇന്ത്യയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കൗമാരക്കാരിയെ നേരിടും. അതിന് ശേഷം ആര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്? മൃഗങ്ങളെ ഉപദ്രവിക്കുന്നതിന് സാന്താക്ലോസിനെതിരെയാണോ?’, ഉവൈസി ചോദിച്ചു.

നേരത്തെ കര്‍ഷകസമരത്തെ പിന്തുണച്ച് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തന്‍ബര്‍ഗ് രംഗത്തെത്തിയിരുന്നു.

കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ ഗ്രെറ്റക്കെതിരെ ദല്‍ഹി പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ താന്‍ എപ്പോഴും കര്‍ഷകരോടൊപ്പം നില്‍ക്കുമെന്നായിരുന്നു ഗ്രെറ്റയുടെ പ്രതികരണം.

‘ഞാന്‍ കര്‍ഷകരോടൊപ്പം നില്‍ക്കുന്നു. അവരുടെ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. വിദ്വേഷമോ, ഭീഷണികളോ, മനുഷ്യാവകാശ ലംഘനങ്ങളോ ഈ തീരുമാനത്തില്‍ മാറ്റം വരുത്തില്ല. #farmersprotest, എന്നായിരുന്നു ഗ്രെറ്റയുടെ പ്രതികരണം.

കര്‍ഷക പ്രതിഷേധത്തിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനാണ് ഗ്രെറ്റ തന്‍ബര്‍ഗനെതിരെ ദല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 120 ബി, 153-എ എന്നിവ പ്രകാരമാണ് ദല്‍ഹി പൊലീസ് ഗ്രെറ്റയ്ക്കെതിരെ കേസെടുത്തത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡി.എന്‍.എയും സീ ന്യൂസും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗ്രെറ്റ വിദ്വേഷ പ്രചാരണവും ഗൂഢാലോചനയും നടത്തിയെന്നാണ് പൊലീസ് ആരോപിക്കുന്നത്.

കര്‍ഷകപ്രതിഷേധത്തില്‍ പോപ് ഗായിക റിഹാന പ്രതികരിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി ഗ്രെറ്റ തന്‍ബര്‍ഗും രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Who next…Santa Claus?’ Asaduddin Owaisi asks Delhi Police after FIR on Greta Thunberg’s farm stir ‘toolkit’

We use cookies to give you the best possible experience. Learn more