national news
ആരാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയെ കൊന്നത്; മോദി- മാര്‍പാപ്പ സന്ദര്‍ശനം സംഘ് പ്രൊഫൈലുകള്‍ ആഘോഷമാക്കുന്നതിനിടെ വൈറലായി മീന കന്തസാമിയുടെ ചോദ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 30, 02:37 pm
Saturday, 30th October 2021, 8:07 pm

ചെന്നൈ: മോദി- മാര്‍പാപ്പ സന്ദര്‍ശനം ട്വിറ്ററടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ ആഘോഷമാക്കുന്നതിനിടെ വൈറലായി എഴുത്തുകാരിയും കവയത്രിയുമായ മീന കന്തസാമിയുടെ ചോദ്യം.

ആരാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയെ കൊന്നത് എന്നാണ് മീന കന്തസാമി മോദിയും മാര്‍പാപ്പയും കെട്ടിപ്പിടിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്. മീന കന്തസാമിയുടെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കിലടക്കം നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്.

മോദി- മാര്‍പാപ്പ സന്ദര്‍ശനം ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ക്ക് നല്ലകാലമുണ്ടാക്കും എന്ന് സംഘ്പരിവാര്‍ ബന്ധമുള്ള മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതിനിടയിലാണ് മീന കന്തസാമിയുടെ ചോദ്യം ആളുകള്‍ ഏറ്റെടുക്കുന്നത്.

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.

മാര്‍പാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാല്‍ മണിക്കൂറിലേറെയാണ് ചര്‍ച്ച നടത്തുയും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ മോദിക്കൊപ്പമുണ്ടായിരുന്നു.

അതേസമയം, ഇന്ത്യയില്‍ ക്രൈസ്തവരും മറ്റ് ന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന ദുരിതം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ സൂചിപ്പിക്കുമെന്നായിരുന്നു സിറോ മലബാര്‍ സഭാ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞത്.

ആരും പീഡനത്തിന് വിധേയമാകരുതെന്ന സന്ദേശമായിരിക്കും മാര്‍പാപ്പ ഇന്ത്യക്ക് നല്‍കുക. മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം അടുത്ത വര്‍ഷമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനു വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

CONTENT HIGHLIGHTS: Who killed Father Stan Swamy?. Question from Meena Kanthasamy