പച്ച ബൊലേറോ കാറിലാണ് പൊലീസ് ഓഫീസര്‍മാര്‍ വന്നതെന്നാണ് സാക്ഷികള്‍ ഗ്രാമവാസികളോട് പറഞ്ഞത്. തങ്ങളുടെ വാഹനത്തിന് വലതുവശത്തായി അവര്‍ കാര്‍ നിര്‍ത്തിയിട്ടു. കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്ന മുന്‍ഫൈദിനുനേരെ അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സെപ്റ്റംബര്‍ 16നാണ് ഹരിയാനയിലെ നൂഹ് ജില്ലയിലെ തൗരു നൂഹ് റോഡിലാണ് മുന്‍ഫൈദ് എന്ന യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഹരിയാനയിലെ ഖദാഖി ഗ്രാമവാസിയായിരുന്നു മുന്‍ഫൈദ് എന്ന 30കാരന്‍.
മിയോ സമുദായത്തില്‍പ്പെട്ട ഒരു കര്‍ഷകനാണ് മുന്‍ഫൈദ്. ഭാര്യയും മൂന്നുവയസുള്ള മകളും മാതാപിതാക്കളുമടങ്ങുന്നതാണ് മുന്‍ഫൈദിന്റെ കുടുംബം.
മുന്‍ഫൈദ് കൊല്ലപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തിന്റെ പിതാവ് ഇസ്‌ലാം ഹുസൈനും സിറ്റിസണ്‍സ് എഗൈന്‍സ്റ്റ് ഹെയ്റ്റ് എന്ന പൗരസംഘടനയും ഒരു വസ്തുതാന്വേഷണ സംഘത്തെ നൂഹിലേക്ക് അയച്ചിരുന്നു.ഹരിയാന പൊലീസിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (സി.ഐ.എ) ഉണ്ടാക്കിയ “വ്യാജ” എറ്റുമുട്ടലിലാണ് മുന്‍ഫൈദ് കൊല്ലപ്പെട്ടതെന്നാണ് ഇവരുടെ കണ്ടെത്തല്‍.
ഹരിയാന പൊലീസ് ക്രൈംബ്രാഞ്ചിന്റെ കുറ്റാന്വേഷണ വിഭാഗമാണ് സി.ഐ.എ. ഓരോ ജില്ലയ്ക്കും സബ് ഇന്‍സ്‌പെക്ടറുടെ, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടറുടെ കീഴില്‍ നിരവധി സി.ഐ.എ യൂണിറ്റുകളുണ്ട്. ന്യൂനപക്ഷ, കുടിയേറ്റ വിഭാഗങ്ങള്‍ക്കെതിരെ മുന്‍വിധിയോടെയാണ് സി.ഐ.എ സ്റ്റാഫ് പെരുമാറുന്നതെന്ന ആരോപണം പ്രദേശവാസികളില്‍ നിന്നും പലതവണ ഉയര്‍ന്നിരുന്നു.
ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കുറ്റകൃത്യം ഇല്ലാതാക്കുക, നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാരെ അറസ്റ്റു ചെയ്യുകയെന്നതാണ് സി.ഐ.എ സ്റ്റാഫിന്റെ പ്രധാന ലക്ഷ്യമെന്നാണ് ഫരീദാബാദ് ക്രൈംബ്രാഞ്ച് വെബ്‌സൈറ്റില്‍ പറയുന്നത്. സാമൂഹ്യമായ വേട്ടയാടലാണ് ഇവരുടെ ലക്ഷ്യമെന്ന സൂചനയാണിത് നല്‍കുന്നത്.
കൊലപാതകം
സെപ്റ്റംബര്‍ 15ന് മുന്‍ഫൈദ് തന്നെയും ഭാര്യാപിതാവ് ഖുര്‍ഷിദിനെയും നൂഹിലെ ദേകണ്ടിയെന്ന ഗ്രാമത്തിലേക്ക് വിളിപ്പിച്ചിരുന്നു എന്നാണ് പിതാവ് ഇസ്‌ലാം ഹുസൈന്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.
വിക്രാന്ത്, ശക്തി സിങ്, സതീഷ്, സിദ്ധാര്‍ത്ഥ് എന്നീ സി.ഐ.എ സ്റ്റാഫ് അംഗങ്ങള്‍ തന്നെ റിവാറിയിലേക്കു വിളിപ്പിക്കുകയും അവര്‍ക്കുവേണ്ടി ചില കാര്യങ്ങള്‍ ചെയ്താല്‍ തന്റെ പേരിലുള്ള എല്ലാ കള്ളക്കേസുകളും ഒഴിവാക്കി തരാമെന്ന് വാക്കുനല്‍കുകയും ചെയ്തിരുന്നു എന്നവന്‍ പറഞ്ഞിരുന്നെന്നും പിതാവ് പറയുന്നു.
“പൊലീസില്‍ നിന്നും ദിവസവുമുള്ള ഈ പീഡനം ഒഴിവാക്കാനാവുമെങ്കില്‍ അവര്‍ പറയുന്നതെന്തായാലും ചെയ്തുകൊടുത്തേക്ക് എന്ന് ഞാനും ഖുര്‍ഷിദും ഉപദേശിച്ചു.” ഇസ്‌ലാം ഹുസൈന്‍ വിവരിക്കുന്നു.
അന്നാണ് അവസാനമായി ഹുസൈന്‍ മകനെ കണ്ടത്.
പിറ്റേദിവസം രാവിലെ ഇസ്‌ലാം ഹുസൈന്‍ അറിഞ്ഞ വിവരം മകന്‍ തൗരു നൂഹ് റോഡില്‍ പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയില്‍ വെടിയേറ്റുമരിച്ചുവെന്ന കാര്യമാണ്. അദ്ദേഹം നൂഹ് ആശുപത്രിയിലേക്ക് പോയി മകന്റെ മൃതദേഹം തിരിച്ചറിഞ്ഞു.
ഹരിയാന പൊലീസ് സി.ഐ.എയിലെ മേല്‍പരാമര്‍ശിച്ച ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി മകനെ കൊലപ്പെടുത്തിയെന്നാണ് ഹുസൈന്‍ പരാതിയില്‍ ആരോപിക്കുന്നത്.
ഇരയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലല്ല പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം. പകരം നൂഹിലെ സി.ഐ.എ സ്റ്റാഫില്‍പ്പെട്ട ഇന്‍സ്‌പെക്ടര്‍ മസ്താന നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ എഫ്.ഐ.ആര്‍. 16.09.2017 ന് രാവിലെ 10.39ന് 0358 എന്ന നമ്പറില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത് “അജ്ഞാതരായ പ്രതികള്‍ക്കെതിരെയാണ്.”
ഇന്‍സ്‌പെക്ടര്‍ മസ്താന തന്റെ വൈറ്റ് പിക്കപ്പ് ട്രക്കില്‍ പോകവെ തൗരു ഘട്ടി റോഡിന്റെ മധ്യത്തിലായി ഗുരുതരമായി പരുക്കേറ്റ അജ്ഞാതനെ കണ്ടുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഇരയെ നൂഹിലെ നല്‍ഹാദ് ആശുപത്രിയിലേക്കു കൊണ്ടുപോകുകയും അവിടെവെച്ച് മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. അജ്ഞാതര്‍ അയാളുടെ കഴുത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സി.ഐ.എ സ്റ്റാഫ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
പൊലീസ് പിന്നീട് ഇസ്‌ലാം ഹുസൈന്റെ പരാതി പൊലീസ് സ്റ്റേഷന്‍ ജനറല്‍ ഡയറിയില്‍ ഉള്‍പ്പെടുത്തുകയും എഫ്.ഐ.ആറിനൊപ്പം അറ്റാച്ച് ചെയ്യുമെന്ന് പറയുകയും ചെയ്തു.
ഇസ്‌ലാം ഹുസൈന്റെ പരാതിയുള്‍പ്പെടെ ഈ കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് മേവത് പൊലീസ് ഉറപ്പുനല്‍കിയിട്ടുണ്ട്.
വസ്തുതാന്വേഷണ റിപ്പോര്‍ട്ട്
സെപ്റ്റംബര്‍ 17ന് സിറ്റിസണ്‍സ് എഗൈന്‍സ്റ്റ് ഹെയ്റ്റ് നൂരിലേക്ക് ഒരു വസ്തുതാന്വേഷണ സംഘത്തെ അയച്ചിരുന്നു. സംഘം ഇസ്‌ലാം ഹുസൈനെയും ഖുര്‍ഷിദിനെയും സന്ദര്‍ശിക്കുകയും കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
അവരുടെ കണ്ടെത്തലുകള്‍
•മുന്‍ഫൈദ് പൊലീസ് ഓഫീസര്‍മാരെ കാണാനായി പോകുമ്പോള്‍ അദ്ദേഹത്തിനൊപ്പം രണ്ടു സുഹൃത്തുക്കള്‍ക്കൂടിയുണ്ടായിരുന്നു എന്നാണ് റൊസ്‌കേമിയോ ഗ്രാമവാസികള്‍ വസ്തുതാന്വേഷണ സംഘത്തെ അറിയിച്ചത്. മുന്‍ഫൈദിനെ പൊലീസ് വെടിവെക്കുന്നത് അവര്‍ കണ്ടിട്ടുണ്ട്.
പച്ച ബൊലേറോ കാറിലാണ് പൊലീസ് ഓഫീസര്‍മാര്‍ വന്നതെന്നാണ് സാക്ഷികള്‍ ഗ്രാമവാസികളോട് പറഞ്ഞത്. തങ്ങളുടെ വാഹനത്തിന് വലതുവശത്തായി അവര്‍ കാര്‍ നിര്‍ത്തിയിട്ടു. കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്ന മുന്‍ഫൈദിനുനേരെ അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതുകണ്ട് ഭയന്ന സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെടുകയും ഗ്രാമത്തിലെത്തി ഗ്രാമീണരെ വിവരമറിയിക്കുകയുമായിരുന്നു. സാക്ഷികള്‍ ഇതുവരെ പൊലീസിന് മൊഴി നല്‍കിയിട്ടില്ലെന്നും അവര്‍ ജീവന്‍ ഭയന്ന് ഒളിവില്‍ കഴിയുകയാണെന്നുമാണ് ഗ്രാമവാസികള്‍ വസ്തുതാന്വേഷണ സംഘത്തെ അറിയിച്ചത്.
• മുന്‍ഫൈദിനെതിരെ ഫയല്‍ ചെയ്ത വ്യാജ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് പൊലീസ് ഓഫീസറുമായി മുന്‍ഫൈദ് നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നാണ് ഇസ്‌ലാം ഹുസൈന്‍ പറഞ്ഞത്. മുന്‍ഫൈദ് അടിക്കടി പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് പൊലീസിനുവേണ്ടി ചില കാര്യങ്ങള്‍ ചെയ്തുനല്‍കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ 15ന് കേസില്‍ നിന്നും പേര് ഒഴിവാക്കിത്തരാമെന്നും പകരം ഒരു കാര്യം ചെയ്തുതരണമെന്നും ആവശ്യപ്പെട്ട് പൊലീസ് മുന്‍ഫൈദിനെ തുടര്‍ച്ചയായി വിളിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ഫൈദിന്റെ ഭാര്യ പിതാവ് പറയുന്നത് സി.ഐ.എ സ്റ്റാഫില്‍പ്പെട്ട വിക്രാന്ത്, ശക്തി സിങ് എന്നിവര്‍ക്ക് കേസില്‍ നിന്നും ഒഴിവാക്കിതരണമെന്നാവശ്യപ്പെട്ട് മുന്‍ഫൈദ് രണ്ടായിരം രൂപ നല്‍കിയിരുന്നെന്നാണ്.
• പൊലീസ് മുന്‍ഫൈദിനെ ആദ്യം നൂഹിലെ നല്‍ഹദ് മെഡിക്കല്‍ കോളജിലേക്കാണ് കൊണ്ടുപോയതെന്നാണ് വസ്തുതാന്വേഷണ സംഘത്തോട് റൊസ്‌കീമിയോ ഗ്രാവാസികള്‍ പറഞ്ഞത്. അവിടെവെച്ചാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. അതിനുപിന്നാലെ പൊലീസ് പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിച്ചു. എന്നാല്‍ ചട്ടപ്രകാരം മരിച്ച് മൂന്നുദിവസത്തിനുശേഷം മാത്രമേ തിരിച്ചറിഞ്ഞിട്ടില്ലാത്ത വ്യക്തികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനാവൂ എന്നതിനാല്‍ നല്‍ഹദ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇതിനു വിസമ്മതിച്ചു.
ഇതിനുശേഷം പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി നൂഹിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കു കൊണ്ടുപോയി. അവിടുത്തെ ഡോക്ടര്‍മാരും പോസ്റ്റുമോര്‍ട്ടം നടത്താന്‍ വിസമ്മതിച്ചതോടെ പൊലീസ് പല്‍വാലില്‍നിന്നും ഒരു ഡോക്ടറെ വിളിച്ചുവരുത്തി പോസ്റ്റുമോര്‍ട്ടം നടത്തിക്കുകയായിരുന്നു.
• പൊലീസും ഡോക്ടര്‍മാരും അനാവശ്യമായ ഇടപെടല്‍ നടത്തിയെന്ന് മുന്‍ഫൈദിന്റെ പിതാവ് ആരോപിക്കുന്നു. മുന്‍ഫൈദിന്റെ മൃതശരീരത്തിലെ വസ്ത്രങ്ങള്‍ ഇവര്‍ കീറുന്നതും അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും ചിലത് നീക്കം ചെയ്യുന്നതും താന്‍ കണ്ടതാണെന്നും പിതാവ് മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെ താന്‍ എതിര്‍ത്തപ്പോള്‍ തന്നെ അധിക്ഷപിച്ചെന്നും മുറിയില്‍ നിന്നും പോകാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറയുന്നു.
• വൈകുന്നേരം മൂന്നു മണിയോടെ മുന്‍ഫൈദിന്റെ അച്ഛന്‍ പൊലീസിന് രേഖാമൂലം പരാതി നല്‍കി. പരാതിയില്‍ ആറ് സി.ഐ.എ സ്റ്റാഫ് അംഗങ്ങളുടെ പേരുപരാമര്‍ശിച്ചിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് മേവത് എസ്.പി അദ്ദേഹത്തിന് ഉറപ്പുനല്‍കിയിരുന്നു. വസ്തുതാന്വേഷണ സംഘം അദ്ദേഹത്തെ കണ്ടപ്പോള്‍ എഫ്.ഐ.ആറില്‍ തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
• സെപ്റ്റംബര്‍ 15ന് അര്‍ധരാത്രിയ്ക്കുശേഷം പൊലീസ് ലൈറ്റ് ഘടിപ്പിച്ച ബൊലേറോ കൊലപാതകം നടന്നെന്ന് പറയപ്പെടുന്നെന്ന് പൊലീസ് പറയുന്ന സ്ഥലത്തെ ലക്ഷ്യമിട്ട് നീങ്ങിയിരുന്നു എന്നാണ് സംഭവം നടന്ന സ്ഥലത്തിന് സമീപത്തുള്ള സന്‍ഖ് ഗ്രാമത്തിലെ ഗ്രാമീണര്‍ പറയുന്നത്. പിന്നേദിവസം രാവിലെ ആറിനും എഴിനും ഇടയിലും പി.സി.ആര്‍ വാഹനവും അതേ ദിശയിലേക്കു പോയെന്ന് അവര്‍ പറയുന്നു.
വലതുപക്ഷ ശക്തികളില്‍ നിന്നും മുസ്‌ലീങ്ങള്‍ക്കെതിരെ അതിക്രമം പതിവായ മേവത് മേഖലയിലാണ് നൂഹ് സ്ഥിതി ചെയ്യുന്നത്. പൊലീസിനെയും പ്രാദേശിക ഭരണകൂടത്തെയും കൂട്ടുപിടിച്ചാണ് വലതുപക്ഷ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലും നൂഹിലുമായി ഒരുകൂട്ടം മുസ്‌ലീം യുവാക്കളാണ് “ഏറ്റുമുട്ടലുകള്‍ക്ക്” ഇരയായതെന്ന് സിറ്റിസണ്‍സ് എഗൈന്‍സ്റ്റ് ഹെയ്റ്റ് പറയുന്നു. അതില്‍ ഭൂരിപക്ഷവും ക്രിമിനലുകളാണെന്ന സംശയത്തിന്റെ പേരിലായിരുന്നു ആക്രമിക്കപ്പെട്ടത്. ഇരകള്‍ ഹരിയാനക്കാരാണെങ്കിലും കൊലപാതകങ്ങളില്‍ ചിലത് യു.പിയിലാണ് നടന്നതെന്നും ഇവര്‍ പറയുന്നു.
കടപ്പാട്: ക്യാച്ച് ന്യൂസ്
മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍