ന്യൂദല്‍ഹി: ആര്‍.ബി.ഐ പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനോ നിക്ഷേപിക്കുന്നതിനോ തിരിച്ചറിയല്‍ രേഖകളോ ഫോമുകളോ ആവശ്യമില്ലെന്ന് എസ്.ബി.ഐ സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നാലെ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി പി.ചിദംബരം.
ഇത്തരത്തില്‍ ഒരു തീരുമാനം കള്ളപ്പണം വെളുപ്പിക്കുന്നവരെ സഹായിക്കാന്‍ ഉതകുന്നതാണെന്നായിരുന്നു ചിദംബരത്തിന്റെ വിമര്‍ശനം. 2000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്നും പിന്‍വലിച്ചാല്‍ എങ്ങനെയാണ് കള്ളപ്പണം കണ്ടെത്തുകയെന്ന് അദ്ദേഹം ചോദിച്ചു.
2000 രൂപ നോട്ട് കള്ളപ്പണം സൂക്ഷിക്കുന്നവരെ അവരുടെ പണം എളുപ്പത്തില്‍ പൂഴ്ത്താന്‍ സഹായിച്ചുവെന്ന് ചിദംബരം കുറ്റപ്പെടുത്തി.
‘നോട്ടുകള്‍ സൂക്ഷിക്കുന്നവരെ സഹായിക്കാനായി സൗകര്യമൊരുക്കി നല്‍കുന്നു. അവരെ ചുവന്ന പരവതാനി വിരിച്ച് സ്വാഗതം ചെയ്യുന്നു. കള്ളപ്പണം നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ ലക്ഷ്യം ഇത്രമാത്രം. 2016ലെ ഒരു വിഡ്ഢിത്ത തീരുമാനമായിരുന്നു 2000 രൂപ നോട്ടുകള്‍. ഏഴ് വര്‍ഷത്തിന് ശേഷമെങ്കിലും ഈ വിഡ്ഢിത്ത തീരുമാനത്തെ പിന്‍വലിച്ചതില്‍ സന്തോഷമുണ്ട്,’ ചിദംബരം പറഞ്ഞു.
ആര്‍.ബി.ഐ 2000രൂപ നോട്ടുകള്‍ പിന്‍വലിച്ചതായുള്ള പ്രഖ്യപനം വന്നതിന് പിന്നാലെ പല കടകളിലും നോട്ടുകള്‍ സ്വീകരിച്ചിരുന്നില്ല. സെപ്റ്റംബര്‍ 30നകം ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റുകയോ ചെയ്യാമെന്നാണ് ആര്‍.ബി.ഐ അറിയിച്ചിരുന്നത്.
ഇതിന് പിന്നാലെയാണ് 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനോ നിക്ഷേപിക്കുന്നതിനോ തിരിച്ചറിയല്‍ രേഖകളോ ഫോമുകളോ ആവശ്യമില്ലെന്ന് എസ്.ബി.ഐ വ്യക്തമാക്കിയത്. ഒരു തവണ 20,000 രൂപ എന്ന രീതിയില്‍ നോട്ടുകള്‍ മാറ്റി നല്‍കാമെന്ന് എസ്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. നോട്ടുകള്‍ മാറ്റാന്‍ ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും വരി നില്‍ക്കാമെന്നും എസ്.ബി.ഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
Contenthighlight: Who kept 2000 notes and used: P Chidambaram