| Sunday, 19th December 2021, 10:08 am

മൂന്ന് ദിവസം കൊണ്ട് ഒമിക്രോണ്‍ കേസുകള്‍ ഒന്നരയിരട്ടി; പുതിയ ആരോഗ്യജാഗ്രതാ നിര്‍ദേശം പുറത്തുവിട്ട് ഡബ്ല്യു.എച്ച്.ഒ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: വിവിധ ലോകരാജ്യങ്ങളില്‍ കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം അതിവേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ പുതിയ ജാഗ്രതാനിര്‍ദേശം പുറത്തുവിട്ട് ലോകാരോഗ്യസംഘടന. ശനിയാഴ്ചയാണ് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് പുറത്തുവിട്ടത്.

ഇതുവരെ 89 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മൂന്ന് ദിവസം കൊണ്ട് ആകെ ഒമിക്രോണ്‍ കണക്ക് ഒന്നര ഇരട്ടിയായി വര്‍ധിക്കുന്നുണ്ടെന്നും ഇത് പലയിടങ്ങളിലും സമൂഹവ്യാപനത്തിന് കാരണമാകാമെന്നും ഡബ്ല്യു.എച്ച്.ഒ റിപ്പോര്‍ട്ടില്‍ പറയുന്നു.

”ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം കുത്തനെ കൂടുന്നുണ്ട്. കൂടുതല്‍ കണക്കുകള്‍ പുറത്തുവരേണ്ടതുണ്ട്.

നിലവില്‍ ആളുകളിലുള്ള രോഗപ്രതിരോധത്തിനും വാക്‌സിനേഷന്‍ നിരക്കിലും എത്രത്തോളം രോഗപ്പടര്‍ച്ചയില്‍ സ്വാധീനമുണ്ടാകുമെന്ന് വരുന്ന ദിവസങ്ങളില്‍ വ്യക്തമാകും. നിലവിലെ വാക്‌സിനുകള്‍ ഒമിക്രോണിനെതിരെ എത്രത്തോളം ഫലപ്രദമാണെന്നതിനും ശാസ്ത്രീയ തെളിവുകളൊന്നുമില്ല,” ലോകാരോഗ്യസംഘടന പ്രസ്താവനയില്‍ പറഞ്ഞു.

സാഹചര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ പല രാജ്യങ്ങളിലും ആശുപത്രികള്‍ക്ക് രോഗികളെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത സ്ഥിതിയാകുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈജിപ്തില്‍ കഴിഞ്ഞദിവസം ഒമിക്രോണിന്റെ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലെബനനില്‍ വാക്‌സിന്‍ എടുക്കാത്ത ആളുകള്‍ക്ക് മേല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയില്‍ ന്യൂയോര്‍ക്കും ഒമിക്രോണ്‍ ഭീതിയിലാണ്. 2020ല്‍ അമേരിക്കയില്‍ ദുരന്തം വിതച്ച കൊവിഡ് തരംഗത്തിന്റെ അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകുമോ എന്നാണ് ആളുകള്‍ ഭയക്കുന്നത്.

ഒമിക്രോണ്‍ വ്യാപനം കാരണം അയര്‍ലന്‍ഡില്‍ റസ്റ്ററന്റുകളും ബാറുകളും അടച്ചിട്ടിരിക്കുകയാണ്. ഡെന്മാര്‍ക്കിലും തിയേറ്ററുകളടക്കമുള്ള പൊതുസ്ഥലങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: WHO issued new health alert as omicron virus strain spreads in various countries

We use cookies to give you the best possible experience. Learn more