|

ആരാണ് ശശികല ?, തിരിച്ചുവരവിൽ കുറുക്കൻ കണ്ണുകളുമായി കാത്തിരിക്കുന്ന ബി.ജെ.പി; തമിഴ്‌നാട്ടിൽ ഇനി എന്ത് സംഭവിക്കും ?

അശ്വിന്‍ രാജ്

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഫെബ്രുവരി മാസമാണ് വി.കെ ശശികല എന്ന വിവേകാനന്ദ കൃഷ്ണവേണി ശശികല നടരാജന്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലാവുന്നത്.

ബെംഗളൂരുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ നാല്‍പ്പത് ഏക്കറിലധികമുള്ള പരപ്പന അഗ്രഹാര ജയിലിലായിരുന്നു വി.കെ ശശികലയെയും കൂട്ടുപ്രതികളായ  ഇളവരസി, സുധാകരന്‍ എന്നിവരെയും പ്രവേശിപ്പിച്ചത്.

1442 ദിവസങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതയായ ശശികല അതേപോലെ ഒരു ഫെബ്രുവരി മാസം തിരികെ തമിഴ്‌നാട്ടിലേക്ക് എത്തിയിരിക്കുകയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയിലേക്ക് പോയപ്പോള്‍ ഉള്ള രാഷ്ട്രീയ സമവാക്യങ്ങളെല്ലാം തകിടം മറിയുകയും  പുതിയ എതിരാളികള്‍ രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വി.കെ ശശികല തിരികെ തമിഴ് രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്നത്.

ആരാണ് തമിഴ് രാഷ്ട്രീയത്തില്‍ കോളിളക്കങ്ങള്‍ സൃഷ്ടിക്കുന്ന വി.കെ ശശികലയെന്ന ചിന്നമ്മ ?  വി.കെ ശശികലയുടെ ഈ തിരിച്ചുവരവ് തമിഴ്‌നാട് രാഷ്ട്രീയത്തിലും മുന്നണി സമവാക്യങ്ങളിലും എന്ത് മാറ്റമായിരിക്കും ഉണ്ടാക്കുക. തമിഴ്‌നാട്ടില്‍ വേറുറപ്പിക്കാനുള്ള ബി.ജെ.പി ശ്രമത്തിന് ഈ തിരിച്ച് വരവോടെ എന്ത് സംഭവിക്കും. എ.ഐ.എ.ഡി.എം.കെ വീണ്ടും അധികാരത്തില്‍ തിരികെ വരുമോ ?  ഡൂള്‍ എക്‌സ്‌പ്ലെനര്‍ പരിശോധിക്കുന്നു.

1954 ഓഗസ്റ്റ് 18ന് തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് വിവേകാനന്ദ കൃഷ്ണവേണി ശശികല ജനിക്കുന്നത്. പിന്നീട് മന്നാര്‍ഗുഡിയിലേക്ക് താമസം മാറുകയായിരുന്നു. തമിഴ്‌നാട് പി.ആര്‍.ഡിയില്‍ ഉദ്യോഗസ്ഥനായിരുന്ന എം.നടരാജനുമായി വിവാഹം കഴിഞ്ഞതോടെ വി.കെ ശശികല എന്ന പേര് സ്വീകരിക്കുകയായിരുന്നു.

ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധിയാണ് നടരാജന്റെയും ശശികലയുടെയും വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്. 1980 കളില്‍ തമിഴ്‌നാട്ടില്‍  വീഡിയോ കാസ്റ്റുകള്‍ വാടകയ്ക്ക് നല്‍കുന്ന ബിസിനസ് ശശികല നടത്തിയിരുന്നു. ഈ ബിസിനസില്‍ നഷ്ടം സംഭവിക്കുകയും സാമ്പത്തികമായി ബുദ്ധിമുട്ടിലാവുകയും ചെയ്ത സമയത്താണ് തമിഴ്‌നാട്ടിലെ ആദ്യത്തെ വനിതാ കളക്ടറായിരുന്ന വി.എസ് ചന്ദ്രലേഖ വഴി തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി.ആറും ജയലളിതയുമായി വി.കെ ശശികല സൗഹൃദത്തിലാവുന്നത്.

ജയലളിത പങ്കെടുക്കുന്ന രാഷ്ട്രീയ പരിപാടികളുടെ വീഡിയോ കവറേജ് ചെയ്യുകയായിരുന്നു ശശികലയുടെ ആവശ്യം. ആ സൗഹൃദം വളരുകയും ജയലളിതയുടെ ഉറ്റത്തോഴി എന്ന നിലയിലേക്ക് ശശികല ഉയരുകയും ചെയ്തു.

തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ ഭരണ-സംഘടനാതലങ്ങളിലും അധികാര കേന്ദ്രങ്ങളിലും പതിയെ പതിയെ ശശികല സ്വാധീനം സ്ഥാപിക്കുകയായിരുന്നു. ശശികലയുടെ ബന്ധുക്കളെയും വളര്‍ത്തുമകനെയും അണ്ണാ ഡി.എം.കെ.യുടെയും സര്‍ക്കാരിന്റെയും വിവിധ മേഖലകളിലേക്ക് കൊണ്ടുവരാന്‍ ശശികലയ്ക്ക് ആയി.

ടി.ടി.വി ദിനകരന്‍, വി.എന്‍ സുധാകരന്‍, വി. ഭാസ്‌കരന്‍ തുടങ്ങിയവരുള്‍പ്പെട്ട ശശികലയുടെ ഈ സംഘത്തെ മന്നാര്‍ഗുഡി മാഫിയ എന്ന് രഹസ്യമായും പരസ്യമായും പലരും വിളിച്ചു തുടങ്ങി. കുറഞ്ഞ കാലം കൊണ്ട് കോടി കണക്കിന് രൂപയാണ് മന്നാര്‍ഗുഡി മാഫിയയുടെ കൈകളില്‍ എത്തിയത്. ഒ.പനീര്‍സെല്‍വം അടക്കമുള്ള നേതാക്കള്‍ ശശികലയുടെ നോമിനിയായിട്ടായിരുന്നു തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് എത്തിയത്.

എം.ജി.ആറിന്റെ മരണത്തിന് പിന്നാലെ 1987 – 1989 കാലഘട്ടത്തില്‍ ശശികല ജയലളിതയുടെ പേയ്‌സ് ഗാര്‍ഡനിലെ വീട്ടിലേക്ക് താമസം മാറ്റി.

1996ലാണ് ഡോ.സുബ്രഹ്മണ്യം സാമിയുടെ പരാതിയില്‍ ജയലളിതയ്ക്കും ശശികലയ്ക്കുമെതിരായി അനധികൃത സ്വത്ത് സമ്പാദന കേസ് ഉയരുന്നത്. ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991-1996 കാലഘട്ടത്തില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തതെന്നുമായിരുന്നു കേസ്.

66.65 കോടി രൂപയാണ് ഈ കാലഘട്ടത്തില്‍ ജയലളിത അനധികൃതമായി സമ്പാദിച്ചത് എന്നായിരുന്നു കേസ് ഇതിന് പുറമെ ആഭരണങ്ങള്‍, ക്യാഷ് ഡെപ്പോസിറ്റുകള്‍, നിക്ഷേപങ്ങള്‍, ആഡംബര കാറുകള്‍ എന്നിവയും ജയലളിത സ്വന്തമാക്കിയിരുന്നു.

1997ല്‍ ജയലളിതയുടെ  പേയ്സ് ഗാര്‍ഡന്‍ വസതിയില്‍ നടത്തിയ റെയ്ഡില്‍ 800 കിലോഗ്രാം  വെള്ളി, 28 കിലോഗ്രാം സ്വര്‍ണം, 750 ജോഡി ഷൂസ്, 10,500 സാരികള്‍, 91 വാച്ചുകള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്.

നീണ്ട പതിനെട്ട് വര്‍ഷമാണ് ഈ കേസില്‍ വിചാരണ നടന്നത്. കേസില്‍ ജയലളിത ഏകദേശം ശിക്ഷിക്കപ്പെടുമെന്ന ഘട്ടം വന്നു. തമിഴ്‌നാടിന്റെ അധികാരം ജയലളിതയില്‍ നിന്ന് സ്വന്തമാക്കി ശശികലയെ മുഖ്യമന്ത്രിയാക്കാനുള്ള ചരടുവലികള്‍ പതിയെ മന്നാര്‍ഗുഡി മാഫിയ ആരംഭിച്ചു.

അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജയലളിത ശശികലയെയും സംഘത്തെയും നിരീക്ഷിക്കാന്‍ തുടങ്ങി. 2011 ഡിസംബറില്‍ ശശികല, നടരാജന്‍, ഇവരുടെ ബന്ധുക്കളായ രാവണന്‍, വി.കെ സുധാകരന്‍, ടി.ടി.വി ദിനകരന്‍, എം രാമചന്ദ്രന്‍, മിഡാസ് മോഹന്‍  ഉള്‍പ്പെടെ 13 പേരെ പാര്‍ട്ടിയില്‍ നിന്നും അധികാര കേന്ദ്രങ്ങളില്‍നിന്നും ജയലളിത പുറത്താക്കി.

ഭരണത്തിലും സംഘടനയിലും ഇവര്‍ പിടിമുറുക്കുന്നതായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു നടപടി. പിന്നീട് 2012 മാര്‍ച്ചില്‍ ശശികലയെ മാത്രം പാര്‍ട്ടിയിലേക്ക് തിരികെയെടുത്തു.

കേസ് ആരംഭിച്ച് 18 വര്‍ഷങ്ങള്‍ക്ക് ശേഷം ബെംഗളൂരുവില്‍ നിന്ന്   ജസ്റ്റിസ് ജോണ്‍ മൈക്കല്‍ ഡി കുന്‍ഹയുടെ നേതൃത്വത്തിലുള്ള പ്രത്യേക കോടതിയില്‍ 2014 സെപ്റ്റംബര്‍ 27 ന് വിധി പ്രസ്താവിച്ചു.

ജയലളിത, ശശികല നടരാജന്‍, ഇളവരാസി, വി.എന്‍ സുധാകരന്‍ എന്നിവരെ കുറ്റക്കാരായി കണ്ടെത്തുകയും  നാല് വര്‍ഷത്തെ തടവിനും പിഴ ശിക്ഷയ്ക്കും വിധിക്കുകയും ചെയ്തു.

ഇതിന് തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നു. എന്നാല്‍  2014 ഒക്ടോബര്‍ 17 ന് പ്രത്യേക കോടതിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്യുകയും ജയലളിതയടക്കമുള്ളവര്‍ക്ക്  ജാമ്യം ലഭിക്കുകയും ചെയ്തു. 2015 മേയ് 11 ന്  കര്‍ണ്ണാടക ഹൈക്കോടതി ജയലളിതയേയും കൂട്ടാളികളേയും കുറ്റവിമുക്തരാക്കി.

തുടര്‍ന്ന് അങ്ങോട്ടുള്ള മാസങ്ങളില്‍ തികച്ചും നാടകീയമായ സംഭവങ്ങള്‍ക്കാണ് തമിഴ്‌നാട് സാക്ഷ്യം വഹിച്ചത്. 2016 ഡിസംബര്‍ മാസം ജയലളിത ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. പാര്‍ട്ടി ശശികലയിലേക്ക് എത്തുമെന്ന് കണക്ക് കൂട്ടലുകള്‍ ഉണ്ടായി. ജയലളിതയുടെ മൃതദേഹം കാണാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം പോയി ആശ്വസിപ്പിച്ചത് ഒരു കാലത്ത് ജയലളിതയ്ക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയ  ശശികലയെ ആയിരുന്നു.

എന്നാല്‍ ജയലളിതയുടെ മരണം സ്ഥിരീകരിച്ച അന്ന് തന്നെ പിന്‍ഗാമിയായി ധനമന്ത്രി ഒ. പനീര്‍ശെല്‍വം അര്‍ധരാത്രിയില്‍ തന്നെ ഗവര്‍ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.

സ്വാഭാവികമായി  അണ്ണാ ഡി.എം.കെയില്‍ അധികാര തര്‍ക്കവും വടം വലികളും നടന്നു. പനീര്‍സെല്‍വം മുഖ്യമന്ത്രിയായതില്‍ പാര്‍ട്ടിയിലെ എടപ്പടി പളനിസ്വാമി പക്ഷത്തിന് കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു.

ഇതേ സമയത്ത് തന്നെയാണ് ശശികല നേതൃസ്ഥാനത്തേക്ക് എത്താനുള്ള പദ്ധതികളും ചരടുവലികളും ആരംഭിച്ചത്. 2016 ഡിസംബര്‍ 29 ന് ജയലളിതയുടെ മരണശേഷം നടന്ന ആദ്യ യോഗത്തില്‍ ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചു. ഇതോടെ ശശികല നോമിയായി കൊണ്ടുവന്ന പനീര്‍സെല്‍വവും ശശികലയും നേരിട്ടുള്ള പോരാട്ടത്തിന് തുടക്കമായി.

2017 ഫെബ്രുവരി 5 ന് പാര്‍ട്ടിയിലെ  എം.എല്‍.എമാരുടെ യോഗത്തില്‍  ശശികലയെ എ.ഐ.ഡി.എം.കെ നിയമസഭാ പാര്‍ട്ടി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തു.  ഇതോടെ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം രാജി വെച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുന്നത് വരെ പനീര്‍സെല്‍വത്തിനോട് ആക്ടിംഗ് മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു.

വി.കെ ശശികലയെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ ഗവര്‍ണര്‍ വൈകി, അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്തിമ വിധി വരുന്നതിനായിരുന്നു ഇത്.

2017 ഫെബ്രുവരി 14 ന്  വി കെ ശശികല കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. 4 വര്‍ഷം തടവും 10 കോടി പിഴ ശിക്ഷയും കോടതി വിധിച്ചു.  ഇതോടെ  മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ അവകാശവാദം ഗവര്‍ണര്‍ നിരസിച്ചു.

ജനറല്‍ സെക്രട്ടറിയായ വി.കെ ശശികല പാര്‍ട്ടിയുടെ എം.എല്‍.എ കൗണ്‍സില്‍ വിളിക്കുകയും  അവിടെ വച്ച് പുതിയ മുഖ്യമന്ത്രിയായി എടപ്പടി കെ. പളനിസാമിയെ  നിയമിക്കുകയും ചെയ്തു.

സ്വയം കുഴിച്ച ഒരു കുഴിയാണെന്ന് വളരെ വൈകിയാണ് ശശികല തിരിച്ചറിഞ്ഞത്. ശശികലയെന്ന പൊതു ശത്രുവിനെ ഇല്ലാതാക്കാന്‍ ശത്രുക്കളായിരുന്ന പനീര്‍സെല്‍വവും പളനിസാമിയും ഒരുമിച്ചു.

2017 ഓഗസ്റ്റ് 21 ന് ശശികലയെ എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കുകയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

ഇതോടെ ടി.ടി.വി ദിനകരന്റെ നേതൃത്വത്തില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്ന പേരില്‍ പുതിയപാര്‍ട്ടി പ്രഖ്യാപിക്കുകയും ടി.ടി.വി ദിനകരനെ ജനറല്‍ സെക്രട്ടറിയായും ശശികലയെ പ്രസിഡന്റായും നിയമിക്കുകയും ചെയ്തു. പനീര്‍സെല്‍വം ഉപമുഖ്യമന്ത്രിയായും പളനിസാമി മുഖ്യമന്ത്രിയായി തുടരാനും തീരുമാനമായി. പാര്‍ട്ടി കണ്‍വീനറായി പനീര്‍സെല്‍വവും ജോയിന്റ് കണ്‍വീനറായി പളനിസാമിയും അധികാരമേറ്റു.

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം മാറി മാറിഞ്ഞ സമവാക്യങ്ങള്‍.

ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയപ്പോളുള്ള ഇമേജ് അല്ല തിരികെ വരുമ്പോള്‍ ശശികലയ്ക്ക് ഉള്ളത്. തങ്ങളുടെ അമ്മയ്ക്കായി ത്യാഗമനോഭാവത്തോടെ ജയില്‍ ശിക്ഷ അനുഭവിച്ച ചിന്നമ്മയായിട്ടാണ് അണ്ണാ ഡിം.എം.കെയിലെ ഒരു വിഭാഗം ആളുകള്‍ ശശികലയെ കാണുന്നത്.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് യാത്ര തിരിച്ച ശശികല രൂപത്തിലും ഭാവത്തിലും ജയലളിതയെ അനുകരിച്ചായിരുന്നു യാത്രതിരിച്ചത്. ജയലളിതയുടെ പ്രിയപ്പെട്ട പച്ച സാരിയും ചുവന്ന ചാന്ദ് കൊണ്ടുള്ള കുറിയും ധരിച്ച ശശികല. ജയലളിതയുടെ ഏറ്റവും പ്രിയപ്പെട്ട കാറുകലില്‍ ഒന്നില്‍ കാറിന്റെ മുന്‍സീറ്റില്‍ തന്നെ ആളുകള്‍ക്ക് കാണാവുന്ന തരത്തില്‍ ലൈറ്റ് അറേഞ്ച്‌മെന്റ് ചെയ്ത് കൊണ്ടായിരുന്നു യാത്ര  തിരിച്ചത്.

പരസ്യ യുദ്ധത്തിന് തന്നെയാണ് മുഖ്യമന്ത്രി എടപ്പടി പളനി സാമിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് ശശികലയുടെ 350 കോടി രൂപയുടെ സ്വത്തുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ കണ്ടുകെട്ടിയത്. തമിഴ്‌നാട്ടിലെ ജയലളിതയുടെ വീടിന് സമീപം ശശികല നിര്‍മ്മിച്ചുകൊണ്ടിരുന്ന വീടിന്റെ പണിയും സര്‍ക്കാര്‍ നിര്‍ത്തി വെച്ച് കണ്ടുകെട്ടി.

അതേസമയം പളനിസാമിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ശശികല. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ചട്ടവിരുദ്ധമാണെന്നാണ് ശശികല പറയുന്നത്.

ജയില്‍ മോചിതയായി തമിഴ്‌നാട്ടിലേക്ക് തിരിച്ച വി.കെ ശശികലയുടെ വാഹനവ്യൂഹത്തെ തമിഴ്‌നാട് അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു.  ശശികലയുടെ തിരിച്ചുവരവ് അണ്ണാ ഡി.എം.കെയില്‍ തന്നെ ചേരി തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. ഒരൂകൂട്ടം നേതാക്കള്‍ ശശികലയ്ക്ക് പരസ്യ പിന്തുണ പാര്‍ട്ടിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന കര്‍ശന നിലപാട് സ്വീകരിച്ച ഒ.പനീര്‍സെല്‍വം വീണ്ടും ശശികല പക്ഷത്തോട് അടുക്കുന്നതായി പളനിസാമി പക്ഷം ആരോപിക്കുന്നുണ്ട്.

ശശികലയ്ക്ക് പിന്തുണയുമായി ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ മകന്‍ പരസ്യമായി രംഗത്ത് എത്തിയിരുന്നു. ഇതാണ് പളനിസാമി പക്ഷം ചൂണ്ടികാണിക്കുന്നത്.

ശശികലയ്ക്ക് ഉടന്‍ തമിഴ്നാട്ടിലേക്ക് മടങ്ങാന്‍ കഴിയട്ടേയെന്നും ശശികലയുടെ നല്ല ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും പനീര്‍സെല്‍വത്തിന്റെ മകന്‍ ജയപ്രദീപ് വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞിരുന്നു. തന്നെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ശശികലയുമായി ഒ.പനീര്‍സെല്‍വം കൂട്ട്‌കെട്ട് ഉണ്ടാക്കുമെന്ന് എടപ്പടി പളനിസാമി ഭയക്കുന്നുണ്ട്.

ശശികല എത്തുന്നതോടെ രാഷ്ട്രീയസമവാക്യങ്ങള്‍ തമിഴ്‌നാട്ടില്‍ മാറുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ടി.ടി.വി ദിനകരന്‍ പ്രഖ്യാപിച്ചിരുന്നു. ശശികലയുടെ വരവോടെ അണ്ണാ ഡി.എം.കെ പിളരുമെന്നും, പനീര്‍സെല്‍വം, പളനിസാമി പക്ഷങ്ങളിലെ  അസംതൃപ്തരായ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നുമാണ് ദിനകര പക്ഷം വാദമുയര്‍ത്തുന്നത്.

എന്നാല്‍ 2017 ല്‍ ഉള്ള രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് ഏറെ വിഭിന്നമാണ് തമിഴ് രാഷ്ട്രീയം ഇന്ന്. അണ്ണാ ഡി.എം.കെയിലെ തര്‍ക്കം സാധ്യതയാക്കി ഏത് വിധേയനയും അധികാരത്തില്‍ എത്താനാണ് ഡി.എം.കെ നേതാവായ എം.കെ സ്റ്റാലിന്റെ നീക്കം. അതേസമയം കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതിമയ്യവും മത്സരത്തിന് ഉണ്ട്.

ഡി.എം.കെയ്ക്ക് കിട്ടുന്ന വോട്ടുകള്‍ കമല്‍ഹാസനിലേക്ക് പോയി ചേരുമോയെന്നാണ് സ്റ്റാലിന്‍ നേരിടുന്ന ഏറ്റവും വലിയ ചോദ്യം. കമലുമായി സംഖ്യത്തിനും പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. ഇതിനിടെ പാര്‍ട്ടി പ്രഖ്യാപനവുമായി രജനികാന്ത് എത്തിയിരുന്നെങ്കിലും അദ്ദേഹം പിന്‍മാറിയതോടെ പകുതി തലവേദന മുന്നണികള്‍ക്ക് മാറി.

ഇതേ സമയം തന്നെ ഈ തര്‍ക്കങ്ങളിലൂടെ നേട്ടമുണ്ടാക്കാനായി ബി.ജെ.പിയുടെ കുറുക്കന്‍ കണ്ണുകളും കാത്തിരിക്കുകയാണ്. നിലവില്‍ അണ്ണാ ഡി.എം.കെയുമായി സംഖ്യത്തിലുള്ള ബി.ജെ.പി ശശികല കൂടി എത്തുമ്പോള്‍ ആര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് കാത്തിരിക്കുകയാണ് തമിഴ്‌നാട് രാഷ്ട്രീയം.

ഫെബ്രുവരി 20 ന് കേന്ദ്ര സര്‍ക്കാരുമായി എടപ്പടി പളനിസാമി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനിടെ ശശികലയുടെ മോചനത്തിനായി ബി.ജെ.പി ഇടപെടല്‍ നടത്തിയെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ശശികല വഴി എ.ഐ.എ.ഡി.എം.കെയുടെ സഹായത്തോടെ തമിഴ്നാട്ടില്‍ ശക്തമായ നേതൃത്വം ഉണ്ടാക്കാനാണ്  ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Who is VK Sasikala | DoolNews Explainer |Tamil Nadu Politics

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.