മലയാളിയായ വിവേക് രാമസ്വാമിക്ക് യു.എസ് കാബിനറ്റിലെ നിര്‍ണായക വകുപ്പിന്റെ ചുമതല നല്‍കിയിരിക്കുകയാണ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ബ്യൂറോക്രസിയിലെ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ ചുമതലയാണ് ട്രംപ് വിവേക് രാമസ്വാമിക്ക് നല്‍കിയിരിക്കുന്നത്.
ആരാണ് വിവേക് രാമസ്വാമി
പാലക്കാട് സ്വദേശികളായ ദമ്പതികളുടെ മകന്‍, പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സമയത്ത് മത്സരരംഗത്തെത്തുകയും പിന്നീട് ട്രംപിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുകയും ചെയ്തതോടെ വിവേക് രാമസ്വാമിയുടെ പേര് വിണ്ടും ചര്‍ച്ചയായിരുന്നു.
പാലക്കാട് ജില്ലയിലെ അഗ്രഹാര കുടുംബത്തില്‍ നിന്ന് യു.എസിലെ ഒഹായോയിലേക്ക് വിവേക് രാമസ്വാമി കുടിയേറുകയും പിന്നാലെ റോവിയന്റ് സയന്‍സസ് എന്ന ബയോടെക് കമ്പനി സ്ഥാപിക്കുകയും ചെയ്തതോടെയാണ് ശതകോടീശ്വരനായി ഇയാള്‍ മാറുന്നത്.
2016ലെ ഫോര്‍ഡബ്സ് മാഗസിന്‍ പട്ടികയില്‍ 40 വയസ്സില്‍ താഴെയുള്ള സമ്പന്നരില്‍ 24ാം സ്ഥാനത്ത് ഉണ്ടായിരുന്ന രാമസ്വാമി ബയോടെക് മേഖലയിലും മരുന്നുകളുടെ കണ്ടുപിടിത്തത്തിലും പ്രാവീണ്യം തെളിയിച്ചിരുന്നു.
2021 ല്‍ എഴുതിയ വോക്, ഇങ്ക് എന്ന പുസ്തകത്തിലൂടെയാണ് വലതുപക്ഷ രാഷ്ട്രീയ ഭൂപടത്തിലേക്ക് വിവേക് രാമസ്വാമിയുടെ കടന്നുവരവ്.
യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിറങ്ങിയ അദ്ദേഹം കടുത്ത വലതുപക്ഷ നിലപാടുകള്‍ക്കുടമയുമാണ്. എല്‍.ജി.ബി.ടി.ക്യു.എ.പ്ലസ് സമൂഹത്തെ കള്‍ട്ട് എന്ന് വിളിക്കുകയും തൊഴിലാളികള്‍ക്കെതിരെയും കമ്മ്യൂണിസത്തിനെതിരെയും പരാമര്‍ശങ്ങളുന്നയിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യക്കാരനായ ഇദ്ദേഹം ഇന്ത്യയ്ക്ക് തിരിച്ചടിയാവുന്ന പ്രഖ്യാപനങ്ങളുന്നയിക്കുന്നതില്‍ ഒട്ടും മടിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റായാല്‍ ഇന്ത്യന്‍ തൊഴിലാളികളെ അമേരിക്കന്‍ കമ്പനികളില്‍ ജോലിചെയ്യാന്‍ അനുവദിക്കുന്ന എച്ച്-1 ബി വിസ നിര്‍ത്തലാക്കുമെന്ന പരാമര്‍ശമുന്നയിച്ചിരുന്നു. കൂടാതെ അമേരിക്ക ചൈനയോട് നിലപാട് കടുപ്പിക്കാത്തതില്‍ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തുകയുമുണ്ടായി.
ഡൊണാള്‍ഡ് ട്രംപ് നൂറ്റാണ്ടിന്റെ മികച്ച പ്രസിഡന്റാണെന്ന് പറഞ്ഞ് ട്രംപിന്റെ ഇഷ്ടം പിടിച്ചുപറ്റുകയും ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുകയും ചെയ്തപ്പോഴെല്ലാമാണ് വിവേക് രാമസ്വാമി എന്ന പേര് ചര്‍ച്ചകളില്‍ ഉണ്ടായിരുന്നത്.
ഇന്ന് തന്റെ കാബിനറ്റിലെ നിര്‍ണായക വകുപ്പ് നല്‍കിയ ട്രംപ് വിവേക് രാമസ്വാമി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താന്‍ യോഗ്യനാണെന്നും പറഞ്ഞു.
Content Highlight: Who is Vivek ramaswami