മലപ്പുറത്ത് സെവന്‍സ് കളിച്ചുനടന്നവന്റെ ഗോളില്‍ ബ്രസീല്‍ തോറ്റു. കാമറൂണ്‍ താരം വിന്‍സെന്റ് അബൂബക്കര്‍ മലപ്പുറത്തെ സൂപ്പര്‍ സ്റ്റുഡിയോയുടെ കളിക്കാരനായിരുന്നു. ഇത്തരത്തിലുള്ള ചര്‍ച്ചകളായിരുന്നു കഴിഞ്ഞ ദിവസം കേരളത്തിന്റെ ഫുട്‌ബോള്‍ ലോകത്ത് ഉയര്‍ന്നുവന്നത്.
സെവന്‍സിന്റെ മേന്മ പറയാന്‍ വേണ്ടിയല്ല, സൂപ്പര്‍ സ്റ്റുഡിയോയുടെ പേരില്‍ ബ്രസീലിനെ ഒന്നിരുത്തിക്കളയാം എന്ന ഉദ്ദേശത്തോടെയാണ് ചിലര്‍ ഇത്തരത്തിലുള്ള പ്രചരണവുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായത്.
എന്നാല്‍ വിന്‍സെന്റ് അബൂബക്കര്‍ തങ്ങള്‍ക്കായി കളിച്ചു എന്ന വാദം ക്ലബ്ബ് അധികൃതര്‍ തന്നെ തള്ളിക്കളയുകയാണ്. മലപ്പുറം സൂപ്പര്‍ സ്റ്റുഡിയോസിന് വേണ്ടി മാത്രമല്ല, കേരളത്തില്‍ ഒരിടത്തും താരം കളിച്ചിട്ടില്ലെന്നാണ് ക്ലബ്ബ് മാനേജര്‍ അഷ്റഫ് ബാവുക്ക പറയുന്നത്.
‘ഫെയ്സ്ബുക്കിലൂടെയും മറ്റും ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നതായി അറിഞ്ഞു. വിന്‍സെന്റ് അബൂബക്കര്‍ ഞങ്ങളുടെ ക്ലബ്ബില്‍ കളിച്ചിട്ടില്ല. പ്രചാരണം കണ്ട് കേരളത്തിലെ മറ്റു ക്ലബ്ബുകളുമായും സെവന്‍സ് ഫുട്ബോള്‍ കോര്‍ഡിനേഷനുമായി ഞാന്‍ ബന്ധപ്പെട്ടിരുന്നു.
കേരളത്തിലെവിടേയും ഇയാള്‍ കളിച്ചതായി വിവരമില്ല. ഫുട്ബോളിന്റെ പേരില്‍ ഇത്തരം വ്യാജ പ്രചാരണം നടത്തുന്ന ഖേദകരമാണ്’ എന്നായിരുന്നു അഷ്‌റഫ് ബാവുക്ക പറഞ്ഞത്.
താരം മലപ്പുറത്ത് കളിച്ചിട്ടില്ലെങ്കില്‍ പിന്നെ എവിടെയാണ് കളിച്ചത്? ഏത് ടീമിന് വേണ്ടിയാണ് വിന്‍സെന്റ് അബൂബക്കര്‍ ബൂട്ടുകെട്ടിയത്?
താരം മലപ്പുറത്ത് സെവന്‍സ് കളിച്ചു എന്ന പ്രചരിപ്പിക്കുന്നവരുടെ റേഞ്ചിനേക്കാള്‍ അല്‍പം കൂടിയ ഇനമാണ് വിന്‍സെന്റ് അബൂബക്കര്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം വരെയണിഞ്ഞ ടീമിനായി കളിച്ച താരമാണ് കാമറൂണിന്റെ ക്യാപ്റ്റന്‍.
ഇക്കഴിഞ്ഞ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ താരം കൂടിയാണ് വിന്‍സെന്റ് അബൂബക്കര്‍. ഏഴ് മത്സരത്തില്‍ നിന്നും എട്ട് ഗോളുകള്‍ നേടിയാണ് താരം ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായത്. ഇതിനൊപ്പം തന്നെ ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു.
അധികം ഗോളുകളൊന്നും തന്നെ പിറക്കാത്ത, എന്നാല്‍ സ്‌കോര്‍ ചെയ്യുന്ന ഗോളുകളെല്ലാം തന്നെ അതിമനോഹരമാകുന്ന ടൂര്‍ണമെന്റാണ് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്. ഗോള്‍ പെര്‍ മാച്ച് സ്റ്റാറ്റുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഈയൊരു ടൂര്‍ണമെന്റിലാണ് വിന്‍സെന്റ് അബൂബക്കര്‍ ഗോളടി ശീലമാക്കിയത്.
ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ ഏഴ് ഗോളായിരുന്നു കാമറൂണ്‍ അടിച്ചിരുന്നത്. അതില്‍ അഞ്ച് ഗോളും വിന്‍സെന്റ് അബൂബക്കര്‍ തന്നെയായിരുന്നു സ്വന്തമാക്കിയത്.
സാദിയോ മാനേ, മുഹമ്മദ് സല അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ കളിക്കുന്ന ടൂര്‍ണമെന്റാണ് ഇത് എന്ന കാര്യം കൂടി ഓര്‍ക്കണം. ടൂര്‍ണമെന്റില്‍ മാനേ മൂന്നും സല രണ്ടും ഗോള്‍ മാത്രമാണ് നേടിയത് എന്നറിയുമ്പോഴാണ് വിന്‍സെന്റ് അബൂബക്കറിന്റെ നേട്ടം എത്രത്തോളം വലുതാണെന്ന് വ്യക്തമാകുക.
നിലവില്‍ സൗദി പ്രോ ലീഗിലെ അല്‍ നാസര്‍ എഫ്.സിക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. ടര്‍ക്കിഷ് ക്ലബ്ബായ ബെസിക്ടസില്‍ നിന്നുമാണ് താരം അല്‍ നാസറിലെത്തിയത്.
നേരത്തെ പോര്‍ച്ചുഗല്‍ സൂപ്പര്‍ ക്ലബ്ബായ പോര്‍ട്ടോക്ക് വേണ്ടിയും താരം ബൂട്ടുകെട്ടിയിട്ടുണ്ട്. 2014 മുതല്‍ 2020 വരെയായിരുന്നു പോര്‍ട്ടോയില്‍ വിന്‍സെന്റ് അബൂബക്കര്‍ കളിച്ചത്.
ബെസ്‌ക്ടസിന് വേണ്ടി 67 മത്സരത്തില്‍ നിന്നും 35 ഗോളും ഒമ്പത് അസിസ്റ്റും സ്വന്തമാക്കിയ അബൂബക്കര്‍ പോര്‍ട്ടോക്ക് വേണ്ടി കളിച്ച 125 മത്സരത്തില്‍ നിന്നും 58 ഗോളും 16 അസിസ്റ്റുമാണ് കോണ്‍ട്രിബ്യൂട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ബ്രസീല്‍-കാമറൂണ്‍ മത്സരത്തില്‍ ഗോള്‍ നേടിയപ്പോഴും കാമറൂണ്‍ ആരാധകര്‍ക്ക് അത്രകണ്ട് അത്ഭുതമൊന്നും തോന്നിക്കാണില്ല, കാരണം അവര്‍ അത് കണ്ട് ശീലിച്ചവരാണ്. എന്നാല്‍ ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രസീലിനെതിരെ നേടിയ ഗോളായതിനാല്‍ അതിനല്‍പം മധുരവുമേറെയാണ്.
1998ന് ശേഷം ഒരൊറ്റ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പോലും തോറ്റിട്ടില്ലെന്ന ബ്രസീലിന്റെ റെക്കോഡാണ് കാമറൂണ്‍ കഴിഞ്ഞ മത്സരത്തില്‍ തിരുത്തിക്കുറിച്ചത്.
സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരായ മത്തരത്തില്‍ വിജയിച്ച് തുടര്‍ച്ചയായ 17 മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറി ചരിത്രം സൃഷ്ടിച്ചതിന്റെ തൊട്ടടുത്ത മത്സരത്തില്‍ തന്നെയാണ് കാമറൂണ്‍ ആ നേട്ടത്തിന് അന്ത്യം കുറിച്ചത്. അതിന് കാരണമായത് അബൂബക്കറിന്റെ തകര്‍പ്പന്‍ ഗോളും.
തന്റെ ജേഴ്‌സിയൂരിയാണ് താരം ഗോള്‍ സെലിബ്രേഷന്‍ നടത്തിയത്. ഇനിയൊരു മത്സരം ഈ ലോകകപ്പിലുണ്ടാകില്ല എന്ന ഉത്തമബോധ്യത്തോടെ അയാള്‍ ബ്രസീലിനെതിരായ വിജയം ആഘോഷിക്കുകയായിരുന്നു.
ആദ്യമേ ഒരു മഞ്ഞക്കാര്‍ഡ് കണ്ട കാമറൂണ്‍ ക്യാപ്റ്റന് കൈ കൊടുത്ത് ചിരിച്ചുകൊണ്ടായിരുന്നു റഫറി രണ്ടാം മഞ്ഞക്കാര്‍ഡും റെഡ് കാര്‍ഡും നല്‍കിയത്.
30 വയസുകാരനായ വിന്‍സെന്റ് അബൂബക്കറിന് ഇനിയും ഫുട്‌ബോള്‍ ബാക്കിയുണ്ട്. കേവലം അയാള്‍ക്ക് വേണ്ടിയോ കാമറൂണിന് വേണ്ടിയോ മാത്രമല്ല, മറിച്ച് ആഫ്രിക്കയെന്ന ഭൂഖണ്ഡത്തിന് വേണ്ടി കൂടിയുള്ളതാണത്. ഇവരിലൂടെയാണ് ആഫ്രിക്കയില്‍ ഫുട്‌ബോള്‍ വളരുന്നത്. വരും കാലങ്ങളില്‍ ഒരു ആഫ്രിക്കന്‍ രാജ്യം ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയിലെത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.