ഷെയ്ന്‍ വോണിന്റെ ലെഗസി കാക്കാന്‍ പിറന്നവന്‍, ഇന്ത്യയുടെ അടിത്തറയിളക്കിയവന്‍; ആരാണ് ടോഡ് മര്‍ഫി?
Sports News
ഷെയ്ന്‍ വോണിന്റെ ലെഗസി കാക്കാന്‍ പിറന്നവന്‍, ഇന്ത്യയുടെ അടിത്തറയിളക്കിയവന്‍; ആരാണ് ടോഡ് മര്‍ഫി?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th February 2023, 1:56 pm

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ ഞെട്ടിച്ചത് ടോഡ് മര്‍ഫി എന്ന 22കാരനായിരുന്നു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ കടപുഴക്കി എറിഞ്ഞുകൊണ്ടായിരുന്നു മര്‍ഫി ഓസീസ് നിരയില്‍ തരംഗമായത്.

പരിചയ സമ്പന്നനായ താരങ്ങളെല്ലാം തന്നെ വിക്കറ്റ് വീഴ്ത്താന്‍ കഷ്ടപ്പെടുമ്പോഴാണ് കരിയറിലെ ആദ്യ ടെസ്റ്റിനിറങ്ങിയ മര്‍ഫി ഇന്ത്യന്‍ ബാറ്റര്‍മാരെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നത്.

മത്സരത്തിന്റെ ആദ്യ ദിവസം തന്നെ മര്‍ഫി തന്റെ മാജിക് കാണിച്ചിരുന്നു. കെ.എല്‍. രാഹുലിനെ ഒരു തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി പുറത്താക്കിയാണ് മര്‍ഫി തുടങ്ങിയത്.

രണ്ടാം ദിവസവും മര്‍ഫി വിക്കറ്റ് നേട്ടം ആവര്‍ത്തിച്ചു. ഇത്തവണ ആര്‍. അശ്വിനായിരുന്നു മര്‍ഫിയുടെ ആദ്യത്തെ ഇര. ഇതിന് പിന്നാലെ ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, എസ്. ഭരത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരും മര്‍ഫിയുടെ കുത്തിത്തിരിപ്പന്‍ പന്തുകളുടെ ചൂടറിഞ്ഞു.

ആദ്യ ഇന്നിങ്‌സില്‍ 12 മെയ്ഡനുകളടക്കം 47 ഓവര്‍ പന്തെറിഞ്ഞ് 124 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് എന്നതായിരുന്നു താരത്തിന്റെ പേരിന് നേരെ കുറിക്കപ്പെട്ട നമ്പറുകള്‍.

ഓസീസ് ലെജന്‍ഡ് ഷെയ്ന്‍ വോണിന്റെ പാരമ്പര്യം കാക്കാന്‍ പോന്നവനാണ് താനെന്ന് ലോകത്തിന് മുമ്പില്‍ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ടോഡ് മര്‍ഫിയെന്ന 22കാരന്‍ ടെസ്റ്റില്‍ തന്റെ അരങ്ങേറ്റം നടത്തിയത്.

2021ല്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് രംഗത്തേക്ക് കാലെടുത്ത് വെച്ച ടോഡ് മര്‍ഫി ഇന്ത്യക്കെതിരായ ടെസ്റ്റിന് മുമ്പ് വരെ കരിയറില്‍ ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് കളിച്ചത്. അതിലെ 11 ഇന്നിങ്‌സില്‍ നിന്നും 47 മെയ്ഡനടക്കം 233 ഓവര്‍ താരം പന്തെറിഞ്ഞു. 650 റണ്‍സിന് 26 വിക്കറ്റുകളാണ് ഫസ്റ്റ് ക്ലാസിലെ താരത്തിന്റെ സമ്പാദ്യം.

42 റണ്‍സിന് നാല് വിക്കറ്റ് എന്നതാണ് ഫസ്റ്റ് ക്ലാസില്‍ താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം. 2.78 എക്കോണമിയിലും 25 ആവറേജിലും പന്തെറിയുന്ന മര്‍ഫി മൂന്ന് തവണ നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

14 ലിസ്റ്റ് എ മത്സരങ്ങളിലെ 13 ഇന്നിങ്‌സില്‍ നിന്നും 12 വിക്കറ്റുകളും പത്ത് ടി-20യില്‍ നിന്നും ഒമ്പത് ടി-20 വിക്കറ്റുകളും മര്‍ഫി തന്റെ പേരിലാക്കിയിട്ടുണ്ട്.

2021 മാര്‍ച്ച് പത്തിന് ടാസ്മാനിയക്കെതിരെ മെല്‍ബണില്‍ വെച്ച് വിക്ടോറിയക്ക് വേണ്ടി കളിച്ചുകൊണ്ടായിരുന്നു മര്‍ഫി ലിസ്റ്റ് എ കരിയര്‍ ആരംഭിച്ചത്. അതേ വര്‍ഷം എപ്രില്‍ ആറിന് സൗത്ത് ആഫ്രിക്കെതിരെ വിക്ടോറിയക്ക് വേണ്ടി തന്നെ കളിച്ചുകൊണ്ട് ഫസറ്റ് ക്ലാസ് മത്സരത്തിലും താരം അരങ്ങേറ്റം കുറിച്ചു.

ഓസ്‌ട്രേലിയന്‍ ഫ്രാഞ്ചൈസി ലീഗായ ബിഗ് ബാഷ് ലീഗ് എന്ന ബി.ബി.എല്ലില്‍ സിഡനി സിക്‌സേഴ്‌സിന് വേണ്ടിയാണ് മര്‍ഫി ഇപ്പോള്‍ പന്തെറിയുന്നത്.

ബിഗ് ബാഷ് ലീഗിന്റെ 11ാം സീസണിലാണ് മര്‍ഫി സിക്‌സേഴ്‌സിനായി ആദ്യമായി പന്തെറിഞ്ഞത്. ആകെ കളിച്ച രണ്ട് സീസണില്‍ നിന്നുമായി ഒമ്പത് മത്സരത്തില്‍ നിന്നും ഒമ്പത് വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തില്‍ തന്നെ വരവറിയിച്ച മര്‍ഫിക്ക് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് വേണ്ടി പലതും ചെയ്യാന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മറ്റ് ചില ബോര്‍ഡുകളെ അപേക്ഷിച്ച് താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ പക്ഷാഭേദം കാണിക്കാത്ത ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് കീഴില്‍ മര്‍ഫി വളരുമെന്നും ഭാവിയില്‍ ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളാകുമെന്നും ഉറപ്പാണ്.

 

Content highlight: Who is Todd Murphy?