ബെംഗളൂരു: ഐ.പി.എല്‍ ലേലത്തില്‍ നായകന് ഗൗതം ഗംഭീറിനെ ഒഴിവാക്കിക്കൊണ്ടാണ് കിങ് ഖാന്റെ സ്വന്തം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആരാധകര്‍ക്ക് ഷോക്കിങ് സര്‍പ്രൈസ് നല്‍കിയത്. രണ്ട് കിരീടങ്ങള്‍ നേടിത്തന്ന നായകനെ ഒഴിവാക്കിയതിന്റെ ഞെട്ടലില്‍ നില്‍ക്കുമ്പോഴും ലേലം വിളിയ്ക്കിടെ കൊല്‍ക്കത്തയുടെ മേശയ്ക്കരികില്‍ ഇരിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. ആരാണ് ഈ പെണ്‍കുട്ടിയെന്ന് അധികമാര്‍ക്കും മനസിലായിരുന്നില്ല.
കൊല്‍ക്കത്ത പരിശീലകരായ ജാക്ക് കാലിസിന്റേയും സൈമണ്‍ കാറ്റിച്ചിന്റേയും ഒപ്പമിരുന്ന ഈ പെണ്‍കുട്ടി ആരാണെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഓണ്‍ലൈനിലേയും ഓഫ്ലൈനിലേയും ആരാധകര്‍. ലേലം നടക്കുന്നതിനിടയിലും എല്ലാ കണ്ണുകളും ഇവളിലായിരുന്നു. എന്നാല്‍ ഇതാരാണെന്ന് മാത്രം പലര്‍ക്കും മനസിലായില്ല. അതോടെ ആരാണ് ഇവളെന്ന അന്വേഷണവുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.
മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച “ഹരികൃഷ്ണന്‍സ്” എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസില്‍ ഇടം പിടിച്ച ബോളിവുഡ് സുന്ദരി ജൂഹി ചൗളയെ മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമസ്ഥയായ ജൂഹി ചൗളയുടെ മകളായ ജാന്‍വി മെഹ്തയായിരുന്നു ഈ 16-കാരി സുന്ദരി. ഐ.പി.എല്‍ താരലേലത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന റെക്കോര്‍ഡിന്റെ ഉടമ കൂടിയാണ് ജാന്‍വി. ഫെബ്രുവരി ഒന്നിനാണ് ജാന്‍വിയുടെ 17-ാം പിറന്നാള്‍.
ലണ്ടനിലെ ചാര്‍ട്ടര്‍ ഹൗസ് ബോര്‍ഡിങ് സ്കൂളിലാണ് ജാന്‍വിയും 15-കാരനായ അനുജന് അര്ജുന് മെഹ്തയും പഠിക്കുന്നത്. പഠിക്കാന്‍ മിടുക്കിയായ ജാന്‍വി 10-ാം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ1 ഗ്രേഡ് നേടിയിരുന്നു. എഴുത്തുകാരിയാകണമെന്നാണ് ജാന്‍വിയുടെ അഭിലാഷം.
പുതിയ ചിത്രമായ “പത്മാവതു”മായി ബന്ധപ്പെട്ട് അടുത്തിടെ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന ദീപിക പദുക്കോണിന്റെ കടുത്ത ആരാധിക കൂടിയാണ് ജാന്‍വി. നടന്മാരില് ജാന്‍വിയ്ക്ക് ഇഷ്ടം വരുണ്‍ ധവാനോടാണ്. ഐ.പി.എല്‍ താരലേലം അവസാനിച്ചെങ്കിലും ലേലവേദിയിലെ പ്രായം കുറഞ്ഞ ജാന്‍വി ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.