ജര്‍മനിയില്‍ കാറിടിച്ച് കയറ്റി ആക്രമണം നടത്തിയ സൗദി വംശജന്‍ ആരാണ്?
World News
ജര്‍മനിയില്‍ കാറിടിച്ച് കയറ്റി ആക്രമണം നടത്തിയ സൗദി വംശജന്‍ ആരാണ്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st December 2024, 4:17 pm

ജര്‍മനിയിലെ ശൈത്യകാലത്തെ ഒരു സായാഹ്നം. ക്രിസ്തുമസ് കാലമായതിനാല്‍ ഈസ്റ്റേണ്‍ ജര്‍മനിയിലെ മഗ്‌ഡെബര്‍ഗ് നഗരത്തില്‍ പതിവില്‍ കവിഞ്ഞ തിരക്ക് ഉണ്ടായിരുന്നു. ആ ആള്‍ക്കൂട്ടത്തിലേക്കാണ് ഡോക്ടറും മനശാസ്ത്ര വിദഗ്ദനുമായ തലേബ് എന്ന 50കാരന്‍ അമിത വേഗത്തില്‍ കാര്‍ ഇടിച്ച് കയറ്റുന്നത്.

അപകടത്തില്‍ ഒരു കുട്ടി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും 15 പേരുടെ നില ഗുരുതരമായി തുടരുന്നതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

അപകടത്തില്‍ കാര്‍ ഓടിച്ച തലേബിനെ ജര്‍മന്‍ പൊലീസ് ഉടനടി അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അവിടം കൊണ്ട് അവസാനിച്ചില്ല.

അല്‍പ്പം പുറകിലോട്ട് പോയാല്‍ 2016ലും ഇത്തരത്തില്‍ ജര്‍മന്‍ മാര്‍ക്കറ്റില്‍ സമാനമായ ആക്രമണം ഉണ്ടായതായി കാണാം. എന്നാല്‍ അന്ന് അത് കേവലമൊരു കാറപകടം ആയിരുന്നില്ല. ഒരു തീവ്രവാദി ആക്രമണം തന്നെയായിരുന്നു. ആ ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. ആ സംഭവത്തിന് ശേഷം ക്രിസ്തുമസ് വിപണികളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

ഇനി തലേബിലേക്ക് വരാം. ആരാണ് തലേബ്? നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗദിയില്‍ നിന്ന് പത്ത് പതിനെട്ട് വര്‍ഷം മുമ്പ് ജര്‍മനിയിലേക്ക് കുടിയേറിയ ഒരു സൈക്യാട്രിസ്റ്റ് ആണ് തലേബ്. കടുത്ത തീവ്ര വലതുപക്ഷ ചിന്താഗതിക്കാരന്‍. ഇസ്‌ലാം വിരോധി. ജര്‍മനിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ അള്‍ട്ടര്‍നേറ്റീവ് ഓഫ് ജര്‍മനിയുടെ പിന്തുണക്കാരന്‍.

എന്നാല്‍ കാര്‍ ഓടിച്ച് അപകടം നടത്തിയത് ഒരു സൗദി പൗരനാണെന്ന് വാര്‍ത്ത വന്നതോടെ ഇവിടുത്തേയും എന്തിന് അമേരിക്കയിലെ വരെ ചില ആളുകള്‍ ഇസ്‌ലാം തീവ്രവാദമാണ് അപകടത്തിന് പിന്നിലെന്ന് ആരോപിച്ച് രംഗത്തെത്തുകയുണ്ടായി. അതില്‍ ഇന്ത്യയിലെ ഇസ്‌ലാം വിരുദ്ധര്‍ മുതല്‍ അമേരിക്കയിലെ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് വരെ ഉള്‍പ്പെടുന്നുണ്ട്.

ജര്‍മനിയില്‍ ഇതിന് മുമ്പ് സമാനമായ ആക്രമണങ്ങള്‍ ഉണ്ടായതിനാല്‍ ഇതൊരു ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി സര്‍ക്കാര്‍ വക്താവ് മാത്തിയാസ് ഷുപ്പെ അപകടശേഷം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണങ്ങളില്‍ അപകടത്തിന് പിന്നില്‍ ഇസ്‌ലാമിക ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്ന് ജര്‍മന്‍ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ മസ്‌ക് അപ്പോഴും തന്റെ അഭിപ്രായത്തില്‍ ഉറച്ച് നിന്നു. ഇത് കരുതി കൂട്ടിയുള്ള ആക്രമണമാണെന്ന് പ്രസ്താവിച്ചതിന് പുറമെ നിലവിലെ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഒരു വിഢിയാണെന്നും അദ്ദേഹം രാജി വെക്കണമെന്നും മസ്‌ക് പറയുകയുണ്ടായി. തുടര്‍ന്ന് ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ജര്‍മനിയില്‍ ഭരണമാറ്റം വരണമെന്നും മസ്‌ക് പ്രഖ്യാപിച്ചു.

ഇനി ജര്‍മനിയെ രക്ഷിക്കാന്‍ തന്റെ അഭിപ്രായത്തില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിക്ക് മാത്രമെ സാധിക്കൂ എന്നും മസ്‌ക് പ്രഖ്യാപിച്ചു. അതായത് ഈ കേസിലെ പ്രതിയായ താലേബിന്റെ പാര്‍ട്ടിക്ക് മാത്രമെ അതിന് സാധിക്കൂ എന്നാണ് മസ്‌കിന്റെ വിചിത്ര വാദം.

Content Highlight: Who is the Saudi origin Taleb, who carried out the car attack in Germany?