| Thursday, 8th June 2023, 1:49 pm

എംബാപ്പെയോ ഹാലണ്ടോ ഗോട്ട്? പ്രതികരണവുമായി എ.സി റോമ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

സമകാലിക ഫുട്‌ബോളിലെ ഏറ്റവും മികച്ച യുവതാരങ്ങളാണ് ഫ്രഞ്ച് സൂപ്പര്‍ താരം എംബാപ്പെയും നോര്‍വീജിയന്‍ ഗോളടി യന്ത്രം എര്‍ലിങ് ഹാലണ്ടും. കരിയറിന്റെ തുടക്കത്തില്‍ തന്നെ പ്രതിഭയും കഠിനാധ്വാനവും കൊണ്ട് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റാനും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കാനും ഇരുതാരങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്.

ഭാവിയില്‍ ഗോട്ട് ആരെന്നുള്ള ചോദ്യത്തില്‍ പരസ്പരം മത്സരിക്കുക എംബാപ്പെയും ഹാലണ്ടുമായിരിക്കുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്. വിഷയത്തില്‍ തന്റെ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് എ.എസ്. റോമ കോച്ച് ഹോസെ മൊറീഞ്ഞോ. കിലിയന്‍ എംബാപ്പെയാണ് ആധുനിക ഫുട്ബോളിലെ മികച്ച താരമെന്നാണ് അദ്ദേഹം പറഞ്ഞത്.

നിലവില്‍ ക്രിസ്റ്റ്യാനോക്കും മെസിക്കുമൊപ്പം എത്തി നില്‍ക്കുന്ന താരമാണ് എംബാപ്പെയെന്നും അദ്ദേഹത്തെ പോലൊരു താരം ടീമിലുണ്ടെങ്കില്‍ മത്സരം എളുപ്പത്തില്‍ ജയിക്കാനാകുമെന്നും മൊറീഞ്ഞോ പറഞ്ഞു.

‘നിങ്ങളുടെ ടീമില്‍ എംബാപ്പെ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാതിരിക്കാന്‍ കഴിയില്ല. ടീമിന് എളുപ്പത്തില്‍ ജയം നേടാനാകും. മത്സരങ്ങള്‍ എളുപ്പത്തില്‍ ജയിക്കുന്ന എതിരാളികളെ വിറപ്പിക്കാന്‍ കഴിയുന്ന താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. മെസിക്കും ക്രിസ്റ്റ്യാനോക്കുമൊപ്പമെത്തി നില്‍ക്കാന്‍ കഴിയുന്ന താരമാണ് എംബാപ്പെ. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമായി അവന്‍ അറിയപ്പെടും, മൊറീഞ്ഞോ പറഞ്ഞു.

ഈ സീസണില്‍ പി.എസ്.ജിക്കായി എംബാപ്പെ 34 ഗോളുകള്‍ അക്കൗണ്ടിലാക്കിയപ്പോള്‍ 52 ഗോളുകളാണ് മാന്‍ സിറ്റിയുടെ ജേഴ്‌സിയില്‍ ഹാലണ്ടിന്റെ സമ്പാദ്യം. ഇരുതാരങ്ങളെയും നോട്ടമിട്ട് നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2025 വരെയാണ് പി.എസ്.ജിയില്‍ എംബാപ്പെക്ക് കരാറുള്ളത്. അതിനുശേഷം മാത്രമെ താരം ക്ലബ്ബ് വിടുകയുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, മാന്‍ സിറ്റിയുടെ ഗോളടി യന്ത്രമായ ഹാലണ്ടിനെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ നിലനിര്‍ത്താനാണ് മാനേജ്‌മെന്റ് പദ്ധതിയിടുന്നതെന്നും അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

Content Highlights: Who is the best player between Mbappe and Haaland, reacts Jose Mourinho

We use cookies to give you the best possible experience. Learn more