കോഹ്‌ലിയേക്കാള്‍ കേമനാണോ ബാബര്‍; ചാറ്റ് ജി.പി.ടിയുടെ ഈ മറുപടി വൈറലാകുന്നു
Cricket news
കോഹ്‌ലിയേക്കാള്‍ കേമനാണോ ബാബര്‍; ചാറ്റ് ജി.പി.ടിയുടെ ഈ മറുപടി വൈറലാകുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th May 2023, 8:37 pm

ഇന്ത്യയുടെ വിരാട് കോഹ്‌ലിയാണോ അതോ പാകിസ്ഥാന്റെ ബാബര്‍ അസമാണോ കൂടുതല്‍ കേമന്‍? വര്‍ഷങ്ങളായി ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ക്രിക്കറ്റ് ലോകം. ഈ രണ്ട് ക്രിക്കറ്റ് ലെജന്‍ഡ്‌സും തങ്ങളുടെ കരിയറില്‍ അവിശ്വസനീയമായ നേട്ടങ്ങള്‍ കൈവരിച്ചവരാണ്. സ്വന്തം രാജ്യങ്ങളില്‍ ബാറ്റിങ് പ്രതിഭകളായാണ് ഇവര്‍ വാഴ്ത്തപ്പെടുന്നത്.

ഒരിക്കലും അവസാനിക്കാത്ത ഈ സംവാദം ഒടുവില്‍ പരിഹരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സായ ‘ചാറ്റ് ജി.പി.ടി’ അതിശയകരമായൊരു ഉത്തരവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. ചാറ്റ് ജി.പി.ടി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇപ്പോള്‍ വലിയ ചര്‍ച്ചയാകുകയാണ്.

ആത്യന്തികമായി വിരാട് കോഹ്‌ലിക്കും ബാബര്‍ അസമിനും ഇടയില്‍ ആരാണ് മികച്ചതെന്ന് നിര്‍ണയിക്കുന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് ചാറ്റ് ജി.പി.ടി വിശ്വസിക്കുന്നത്. ‘രണ്ട് കളിക്കാര്‍ക്കും അവരുടേതായ അതുല്യമായ ശക്തികളുണ്ട്. അവരുടെ കരിയറില്‍ മികച്ച വിജയം നേടിയിട്ടുണ്ട്. അവരെ പരസ്പരം പോരടിപ്പിക്കുന്നതിന് പകരം അവരുടെ കഴിവുകളും ക്രിക്കറ്റിന് നല്‍കിയ സംഭാവനകളും അഭിനന്ദിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതാണ് നല്ലത്,’ എന്നാണ് ചാറ്റ് ജി.പി.ടി നല്‍കിയ മറുപടി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനായ വിരാട് കോഹ്‌ലി, കളിയുടെ എല്ലാ ഫോര്‍മാറ്റുകളിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അസാധാരണമായ ബാറ്റിംഗ് ടെക്‌നിക്ക്, ഏത് വെല്ലുവിളിയേയും നേരിടാനുള്ള ചങ്കൂറ്റം, ഉയര്‍ന്ന സ്‌കോറുകള്‍ പിന്തുടരാനുള്ള കഴിവ് എന്നീ മികവുകളാല്‍ അദ്ദേഹം പ്രശസ്തനാണ്.

കോഹ്‌ലിയുടെ അവിശ്വസനീയമായ കരിയര്‍ റെക്കോര്‍ഡുകളും ആക്രമണാത്മക കളിശൈലിയും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരില്‍ നിന്ന് അദ്ദേഹത്തിന് വലിയ പ്രശംസ നേടിക്കൊടുത്തു. മറുവശത്ത്, പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നിലവിലെ ക്യാപ്റ്റന്‍ ബാബര്‍ അസം സാങ്കേതികമായി മികച്ച ബാറ്റ്‌സ്മാനാണ്.

ഒരേസമയം കൂളും ഡെയ്ഞ്ചറസുമായ താരം അനിതരസാധാരണമായ സ്ഥിരതയാണ് പ്രകടിപ്പിക്കുന്നത്. സമീപ വര്‍ഷങ്ങളില്‍ മികച്ച റണ്‍ സ്‌കോറര്‍ കൂടിയായ ബാബര്‍ ഗംഭീരമായ സ്ട്രോക്ക് പ്ലേ, ടൈമിംഗ്, ഇന്നിങ്‌സ് നിര്‍മിക്കാനുള്ള കഴിവ് എന്നിവ കൊണ്ട് പ്രതിഭാസമായി അറിയപ്പെടുന്ന താരം കൂടിയാണ്. ഈ മികവുകളൊക്കെ കൊണ്ട് തന്നെയാണ് ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലിയുമായി അദ്ദേഹം താരതമ്യം ചെയ്യപ്പെടുന്നത്. 2021ല്‍ ഐ.സി.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ കൂടിയായിരുന്നു അദ്ദേഹം.

content highlights: Who is the best between Virat and Babar? Chat GPT settles debate