ന്യൂദല്‍ഹി: അയോധ്യാക്കേസില്‍ 1045 പേജുള്ള വിധിന്യായമാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ ഐക്യകണ്‌ഠേന എടുത്ത വിധി എഴുതിയ ജഡ്ജി ആരാണെന്നതിനെക്കുറിച്ച് ഇപ്പോഴും സൂചനയില്ല.
കീഴ്‌വഴക്കപ്രകാരം വിധിന്യായം എഴുതിയതാരെന്നതിനെക്കുറിച്ചു വ്യക്തമായി കോടതി തന്നെ പറയേണ്ടതാണ്. ഏത് ബെഞ്ചാണോ വിധി പുറപ്പെടുവിച്ചത്, ആ ബെഞ്ചിനെ പ്രതിനിധീകരിച്ച് ഒരു ജഡ്ജി വിധിന്യായം തയ്യാറാക്കാറുകയാണു പതിവ്. വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ള മറ്റു വിധിന്യായങ്ങളൊന്നും ഇല്ലായിരുന്നു താനും. എന്നാല്‍ വിധിന്യായം തയ്യാറാക്കിയ ആ ഒരൊറ്റ ജഡ്ജിയെക്കുറിച്ച് പറയാന്‍ കോടതി തയ്യാറായിട്ടില്ല.
അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍.
വിധിന്യായത്തെക്കൂടാതെ 116 പേജുള്ള ഒരു അനുബന്ധം കൂടി സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് തര്‍ക്കസ്ഥലം ഹിന്ദു വിശ്വാസപ്രകാരം രാമന്റെ ജന്മഭൂമിയാണെന്നു പറയുന്നത് എന്നതു വിശദീകരിക്കുകയാണ് ഇതില്‍. ഇതെഴുതിയതാരെന്നും വ്യക്തമല്ല. ഇതില്‍ പല പ്രാചീന ഹിന്ദുമത ഗ്രന്ഥങ്ങളെ പരാമര്‍ശിച്ചതായി കാണാം.
അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി തള്ളിയാണ് ഇന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്.
തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്കു വിട്ടുനല്‍കണമെന്നും മുസ്‌ലിങ്ങള്‍ക്ക് ആരാധനയ്ക്കു പകരം ഭൂമി നല്‍കുമെന്നും കോടതി വ്യക്തമാക്കി. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കും.
കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കും. അത് ഉചിതമായ സ്ഥലത്ത് നല്‍കും. എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അയോധ്യയില്‍ രാമന്‍ ജനിച്ചു എന്ന ഹിന്ദുക്കളുടെ വിശ്വാസത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും തര്‍ക്കഭൂമി ആരുടേതെന്ന് തീരുമാനിക്കുന്നത് നിയമപരമായ വശങ്ങള്‍ കണക്കിലെടുത്തായിരിക്കുമെന്നും ദൈവശാസ്ത്രമല്ല ചരിത്ര വസ്തുതകളാണ് അടിസ്ഥാനമെന്നും കോടതി പറഞ്ഞു.
തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന്റെ രേഖകള്‍ തള്ളിക്കളയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുറസ്സായ സ്ഥലത്തല്ല ബാബറി മസ്ജിദ് നിര്‍മ്മിച്ചത്. ബാബ്റി മസ്ജിദ് നിര്‍മിച്ചത് മറ്റൊരു നിര്‍മിതിക്ക് മുകളിലാണെന്നും എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് കണ്ടെത്താനായിട്ടില്ലെന്നും കോടതി പറഞ്ഞു.