'ബ്ലാക്ക് ക്യാറ്റും പരിവാരങ്ങളുമില്ലാതെ വടകര റെയില്‍വെ സ്റ്റേഷനില്‍ നരേന്ദ്രമോദി'; രാജ്യം തിരഞ്ഞ ആ അപരന്‍ ഈ മലയാളിയാണ്
India
'ബ്ലാക്ക് ക്യാറ്റും പരിവാരങ്ങളുമില്ലാതെ വടകര റെയില്‍വെ സ്റ്റേഷനില്‍ നരേന്ദ്രമോദി'; രാജ്യം തിരഞ്ഞ ആ അപരന്‍ ഈ മലയാളിയാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th July 2017, 8:48 pm

ബംഗളൂരു: ബ്ലാക്ക് ക്യാറ്റും പരിവാരങ്ങളൊന്നുമില്ലാതെ റെയില്‍വെ സ്റ്റേഷനില്‍ നില്‍ക്കുന്ന മോദിയായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലെ താരം. മോദിയെ വാര്‍ത്തു വെച്ചതു പോലുള്ള ഈ അപരനെ കണ്ട് ഇന്ത്യ തന്നെ ഞെട്ടി. കേരളത്തിലെ ഏതോ റെയില്‍വെ സ്‌റ്റേഷനാണെന്നും കോഴിക്കോട്ടെ വടകരയിലാണ് മോദി നില്‍ക്കുന്നതെന്നുമൊക്കെ ട്രോളുകളുണ്ടായിരുന്നു.

അതേസമയം സംഭവത്തെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അപരന്റെ ചിത്രം മോര്‍ഫ് ചെയ്ത് മോദിയ്‌ക്കെതിരെ ട്രോളുണ്ടാക്കിയ എ.ഐ.ബി റോസ്റ്റിനെതിരെ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ട്രോള്‍ ഗ്രൂപ്പ് ഈ ചിത്രത്തിനോടൊപ്പം സ്നാപ് ചാറ്റിലെ ഡോഗ് ഫില്‍റ്റര്‍ ആപ്പില്‍ മോദി ചിത്രം എടുക്കുന്നത് വിവാദമായതോടെ നരേന്ദ്രമോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രതികരിച്ചു. ജീവിതത്തില്‍ ഇത്തരത്തിലുള്ള തമാശകളൊക്കെ ആവശ്യമാണെന്നാണ് മോദിയുടെ പ്രതികരണം.

എന്നാല്‍ ആരായിരുന്നു ആ അപരനെന്ന്് ആര്‍ക്കും അറിയില്ലായിരുന്നു. ഇപ്പോഴിതാ അതും പുറത്തു വന്നിരിക്കുകയാണ്.

ഇന്ത്യയൊന്നാകെ ശ്രദ്ധിച്ച മോദിയുടെ അപരന്‍ ഒരു മലയാളിയാണ്. പയ്യന്നൂരുകാരന്‍ രാമചന്ദ്രന്‍. രാമചന്ദ്രന്‍ ഇപ്പോള്‍ ബംഗളൂരുവിലാണ്. കുട്ടികളും മറ്റുള്ളവരും എവിടെ കണ്ടാലും സെല്‍ഫിയെടുത്ത് തുടങ്ങിയപ്പോഴാണ് മോദിയുടെ സാമ്യമുണ്ടെന്ന് മനസ്സിലാക്കിയതെന്ന് രാമചന്ദ്രന്‍ പറയുന്നു. ബിജെപിയുടെ രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും മോഡിയോട് തനിക്ക് വലിയ താല്‍പര്യമാണെന്നും രാമചന്ദ്രന്‍ പറഞ്ഞു.