ആത്മീയാചാര്യനും സത്‌സംഗ് ഫൗണ്ടേഷന്‍ സ്ഥാപകനുമായ ശ്രീ എമ്മിന് യോഗ സെന്റര്‍ ആരംഭിക്കാന്‍ തിരുവനന്തപുരത്ത് നാലേക്കര്‍ ഭൂമി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം വിവാദമാവുകയാണ്. കേരളത്തില്‍ ഭൂരഹിതരായ ആദിവാസി ദളിത് ന്യൂനപക്ഷങ്ങള്‍ കിടപ്പാടത്തിന് വേണ്ടി സമരം ചെയ്യുമ്പോള്‍ അത് പരിഗണിക്കാത്ത സര്‍ക്കാറാണ് ആര്‍.എസ്.എസ് അനുകൂലിയായ ഒരു ആത്മീയാചാര്യന് യോഗ സെന്റര്‍ ആരംഭിക്കാന്‍ വേണ്ടി ഭൂമി നല്‍കുന്നത് എന്നാണ് നടപടിയില്‍ സര്‍ക്കാരിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം.
പാവപ്പെട്ടവന് വീട് വെച്ചുനല്‍കേണ്ട ഭൂമിയാണ് യോഗ ഗുരുവില്‍ നിന്ന് ആള്‍ദൈവമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ആര്‍.എസ്.എസ് സഹയാത്രികന് കൈമാറുന്നതെന്ന വിമര്‍ശനവുമായി പ്രതിപക്ഷ എം.എല്‍.എ വി.ടി ബല്‍റാമും രംഗത്ത് വന്നു. ഇടതുപക്ഷ സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതിനെതിരെ നവമാധ്യങ്ങളിലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഒപ്പം ശ്രീ എം എന്ന പേരും ചര്‍ച്ചയാകുന്നു.
യോഗ സെന്റര്‍ ആരംഭിക്കാനായി പിണറായി സര്‍ക്കാര്‍ ഭൂമിയനുവദിച്ച, ആര്‍.എസ്.എസ് അനുകൂലിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീ എം ആരാണ്? എന്താണദ്ദേഹത്തിന്റെ രാഷ്ട്രീയം?
1948 നവംബര്‍ 6ന് തിരുവനന്തപുരത്തെ വഞ്ചിയൂരിലെ ഒരു സാധാരണ മുസ്‌ലിം കുടുംബത്തില്‍ ജനിച്ച മുംതാസ് അലിയാണ് പിന്നീട് ദീര്‍ഘകാലം ശ്രീ മധുകര്‍നാഥ് എന്ന പേരിലും ശേഷം ശ്രീ എം എന്ന പേരിലും അറിയപ്പെട്ട ആത്മീയാചാര്യനായി വളര്‍ന്നത്. മുസ്ലിം പാരമ്പര്യത്തില്‍ നിന്നും ഹൈന്ദവ ആത്മീയതയിലേക്ക് വന്ന്, ഇന്ത്യയിലെ പരമ്പരാഗത ആത്മീയ സഞ്ചാരികളുടെ വഴികളില്‍ നിന്നും വേറിട്ട് സഞ്ചരിച്ച വ്യക്തി എന്ന നിലയിലാണ് ശ്രീ എം ശ്രദ്ധേയനാകുന്നത്.
അദ്ദേഹത്തിന്റെ ആത്മകഥയെ അധികരിച്ചുകൊണ്ട് തയ്യാറാക്കിയിട്ടുള്ള വിക്കിപീഡിയയിലെ വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, ചെറുപ്പകാലം മുതല്‍ തന്നെ ശ്രീ എം ആത്മീയതയില്‍ ആകൃഷ്ടനായിരുന്നു. 19ാമത്തെ വയസ്സില്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ഹിമാലയത്തിലേക്ക് പോകാനുള്ള താത്പര്യത്തിന്റെ ഭാഗമായി യാത്ര തിരിച്ചു.
അങ്ങനെ ഹിമാലയത്തിലെത്തി. ഭാരതീയ ഋഷിവര്യന്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന മഹാവതാര്‍ ബാബാജിയുടെ ശിഷ്യന്‍ എന്നവകാശപ്പെടുന്ന ശ്രീ മഹേശ്വര്‍നാഥ് ബാബാജിയെ ഹിമാലയത്തില്‍ വെച്ച് കണ്ടുമുട്ടിയ മുംതാസ് അലി പിന്നീട് അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. പഠനത്തിനായി വര്‍ഷങ്ങളോളം മഹേശ്വര്‍നാഥ് ബാബാജിയുടെ കൂടെ ചെലവഴിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ദീക്ഷ സ്വീകരിച്ച് ശ്രീ മധുകര്‍നാഥ് എന്ന പേരിലേക്ക് മാറുകയായിരുന്നു. അതോടെ ഹിമാലയത്തിലെ നാഥ് പരമ്പരയില്‍പ്പെട്ട ഒരു ആത്മീയാചാര്യനായി അദ്ദേഹം മാറിയെന്നാണ് ശ്രീ.എമ്മിന്റെ ആദ്യ നാളുകളെ കുറിച്ച് പറയപ്പെടുന്നത്.
ആന്ധ്രാപ്രദേശിലെ മദനപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സത്‌സംഗ് ഫൗണ്ടേഷന്റെ സ്ഥാപകനാണ് ശ്രീ എം. ‘മാനവ ഏകതാമിഷന്‍’ എന്ന പേരില്‍ ആത്മീയ പ്രചരണ പരിപാടികളും ക്യാംപയിനുകളും അദ്ദേഹം നടത്തിവരുന്നുണ്ട്. ആത്മീയതയുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുമുണ്ട്. ‘ഗുരുസമക്ഷം – ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ’ എന്ന പേരില്‍ അദ്ദേഹത്തിന്റെ ആത്മകഥയും പുറത്ത് വന്നിട്ടുണ്ട്. 2015ല്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 7500 കിലോമീറ്റര്‍ നടന്നുകൊണ്ട് അദ്ദേഹം നടത്തിയ ‘വാക്ക് ഓഫ് ഹോപ്’എന്ന ആത്മീയ പ്രചാരണ യാത്രയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
മുസ്ലിം പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന താന്‍ എങ്ങിനെ ഹൈന്ദവ വിശ്വാസങ്ങളുടെ ഭാഗമായി നില്‍ക്കുന്ന നാഥ് പരമ്പരയില്‍പ്പെട്ട യോഗി ആയി എന്നും എന്തുകൊണ്ട് ഇത്തരമൊരു ജീവിതരീതിയിലേക്ക് ആകര്‍ഷിക്കപ്പെട്ടു എന്നും ശ്രീ എം തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ അമാനുഷിക വിവരണങ്ങളും അതിനിഗൂഢവും അതിശയോക്തി കലര്‍ന്നതുമായ ആത്മകഥയിലെ നിരവധി ഭാഗങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
തന്റെ മുന്‍ജന്മത്തെക്കുറിച്ചും ഇരു ജന്മങ്ങളിലെയും യജമാനന്‍, ഗുരു എന്നീ സങ്കല്‍പങ്ങളെക്കുറിച്ചും കുട്ടിക്കാലത്ത് തന്റെ മുന്നില്‍ വന്ന് പെട്ടെന്ന് അദൃശ്യനായ സന്യാസിയെ പിന്നീട് ഹിമാലയത്തില്‍ കണ്ടെത്തിയെന്നതിനെക്കുറിച്ചുമുള്ള വിവരണങ്ങളുമെല്ലാം വായനക്കാരെ സംബന്ധിച്ച് അവിശ്വസനീയം മാത്രമായിരുന്നു. ആത്മീയാചാര്യന്‍മാര്‍ ആള്‍ദൈവങ്ങളായി മാറുന്നതിനെ പലപ്പോഴും തുറന്നെതിര്‍ത്ത അദ്ദേഹത്തിന്റെ ആത്മകഥയില്‍ യുക്തി നിരക്കാത്ത പല കാര്യങ്ങളും സംഭവപരമ്പരകളും കടന്നുവന്നത് വലിയ വിമര്‍ശനത്തിനിടയാക്കി.
അതേസമയം ആത്മീയാചാര്യര്‍ കാഷായ വസ്ത്രമണിഞ്ഞ് സഞ്ചരിക്കുമ്പോള്‍ സാധാരണക്കാരെ പോലെ മാത്രം വസ്ത്രം ധരിച്ച് നീണ്ട താടിയും മുടിയുമൊന്നുമില്ലാതെ ഒരു ശരാശരി ജീവിതം നയിച്ച് തന്റെ ആത്മീയ സഞ്ചാരത്തിലൂടെ മുന്നേറാന്‍ ശ്രീ എം ശ്രമിച്ചു.
എന്നാല്‍ ഇന്ത്യയിലെ ഹിന്ദുത്വ പ്രസ്ഥാനങ്ങളോടും ആര്‍.എസ്.എസ് ബി.ജെ.പി നേതൃത്വങ്ങളോടും ഒരു മൃദു സമീപനമാണ് എക്കാലവും ശ്രീ എം സ്വീകരിച്ചിട്ടുള്ളത് എന്നതുകൊണ്ടാണ് അദ്ദേഹത്തിന് നേരെ ആര്‍.എസ്.എസ് അനുകൂലി എന്ന വിശേഷണം ഉയരുന്നത്. യോഗയുമായി ബന്ധപ്പെട്ടും അല്ലാതെയുമൊക്കെ സംഘപരിവാര്‍ സംഘടിപ്പിച്ചിട്ടുള്ള നിരവധി ആത്മീയ പരിപാടികളില്‍ സന്നിഹിതനായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയുമായും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതുമായും അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. മുസ്ലിമായി ജനിച്ചിട്ടും ഹിന്ദുവായി മാറിയ സന്യാസി എന്നാണ് ആര്‍.എസ്.എസിന്റെ മുഖമാസികയായ ഓര്‍ഗനൈസര്‍ ശ്രീ എമ്മിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ശ്രീ എമ്മിന്റെ ദീര്‍ഘ അഭിമുഖവും ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ചിരുന്നു.
2013ല്‍ ശ്രീ എമ്മിന്റെ ആത്മകഥ പ്രകാശനം ചെയ്തത് നരേന്ദ്ര മോദിയായിരുന്നു. മോദിക്കേറ്റവും പ്രിയപ്പെട്ട ഗുരുവായാണ് ശ്രീ എമ്മിനെ പലരും കണക്കാക്കുന്നത്. 2015ല്‍ ശ്രീ എം നടത്തിയ വാക്ക് ഓഫ് ഹോപ്പിനെ ആധുനിക ഇന്ത്യയെ ചേര്‍ത്ത് കെട്ടാനുള്ള മഹത് യാത്ര എന്നായിരുന്നു മോദി വിശേഷിപ്പിച്ചത്. നിക്ഷിപ്ത താത്പര്യങ്ങളൊന്നുമില്ലാത്ത കരുത്തനായ പ്രധാനമന്ത്രി എന്നാണ് നരേന്ദ്ര മോദിയെ ശ്രീ എം വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് അസഹിഷ്ണുതാ കൊലപാതകങ്ങളും പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകളും വര്‍ധിച്ച ഘട്ടത്തില്‍ മോദി സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ടും അദ്ദേഹം രംഗത്ത് വന്നിരുന്നു.
അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ പ്രചരണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും നടത്തിവന്ന പരിപാടികള്‍ യോഗയെ ഹിന്ദുത്വവത്കരിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ യോഗ കേവലം കായികവ്യായാമാണെന്ന സന്ദേശം ഉയര്‍ത്തി സി.പി.ഐ.എം ക്യാംപയിന്‍ ആരംഭിച്ചിരുന്നു. ഈ ക്യാംപയിനിന്റെ ഭാഗമായി 2014 ല്‍ സി.പി.ഐ.എം നടത്തിയ യോഗ പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തത് ശ്രീ എം ആയിരുന്നു. തുടര്‍ന്നിങ്ങോട്ട് കേരളത്തിലെ ഇടതുപക്ഷത്തിനും സ്വീകാര്യനായ വ്യക്തിയായി ശ്രീ എം മാറി.
ഇതിനിടയില്‍ അദ്ദേഹത്തിന്റെ പല നിലപാടുകള്‍ക്കെതിരെയും ചോദ്യങ്ങളുയര്‍ന്നിരുന്നു. അടുത്ത കാലത്തായി ശ്രീ എമ്മിനെതിരെ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നതും അദ്ദേഹത്തിന്റെ ഹിന്ദുത്വ-ബി.ജെ.പി അനുകൂല നിലപാടുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടതും പൗരത്വ ഭേദഗതി നിയമവുമായി പ്രതിഷേധമുയര്‍ന്ന സന്ദര്‍ഭത്തിലായിരുന്നു.
നിയമത്തെ കുറിച്ച് മനസ്സിലാകാത്തവരും തെറ്റിദ്ധരിക്കപ്പെട്ടവരുമാണ് സമരം ചെയ്യുന്നതെന്നും താന്‍ മധ്യസ്ഥതക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു 2020 ഫെബ്രുവരിയില്‍ പൗരത്വ പ്രതിഷേധം ശക്തമായി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം പറഞ്ഞത്.
‘സമൂഹത്തിലുണ്ടാക്കിയിരിക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റാന്‍ മധ്യസ്ഥതക്ക് തയ്യാറെന്ന് ആത്മീയാചാര്യന്‍ ശ്രീ എം’ എന്ന തലക്കെട്ടിലായിരുന്നു ഈ വാര്‍ത്ത ജന്മഭൂമി പ്രസിദ്ധീകരിച്ചത്.
ഇപ്പോള്‍ കേരള സര്‍ക്കാര്‍ യോഗ സെന്റര്‍ തുടങ്ങാനായി ശ്രീ എമ്മിന് ഭൂമി നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ ഇപ്പറഞ്ഞ ബി.ജെ.പി അനുകൂല നിലപാടുകളുടെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ് പ്രീണനമാണ് പിണറായി ലക്ഷ്യം വെക്കുന്നതെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനമുന്നയിക്കുന്നത്.
ശ്രീ എമ്മിന്റെ ഹിന്ദുത്വ അനുകൂല നിലപാടുകള്‍ക്കൊപ്പം തന്നെ സര്‍ക്കാര്‍ ഭൂമി നല്‍കിയ നടപടിയിലെ പ്രശ്നങ്ങള്‍ കൂടി വിമര്‍ശന വിധേയമാകുന്നുണ്ട്. യോഗ വളര്‍ത്താനാണ് സര്‍ക്കാറിന്റെ ഉദ്ദേശ്യമെങ്കില്‍ നയം തീരുമാനിച്ച് അതില്‍ വൈദഗ്ദ്യം ഉള്ളവരെ കണ്ടെത്തി സഹായിക്കണമെന്നുമാണ് ഹരീഷ് വാസുദേവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.
ഇതുവരെയും ഈ വിമര്‍ശനങ്ങളോടൊന്നും കേരള സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഒരു പക്ഷെ സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ ആയുധമായി ശ്രീ എം ഭൂമി വിവാദം കത്തിപ്പടരാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.
Content Highlight: Who is Sri M of Yoga Centre land controversy against LDF govt