മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ നാടകാന്ത്യത്തിനു ശേഷം ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസിന്റെ മഹാ വികാസ് ആഘാഡി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണ്. രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയില്‍ ശ്രദ്ധ നേടിയ പേരുകളിലൊന്നാണ് സോണിയ ദൂഹന്‍. എന്‍.സി.പിയുടെ വിദ്യാര്‍ഥി സംഘടനയുടെ ദേശീയ പ്രസിഡന്റാണ് 28 കാരിയായ ദൂഹന്‍.
എന്‍.സി.പി ക്യാമ്പില്‍ നിന്നും വിട്ടുപോയ എം.എല്‍.എമാരായ ദൗലത് ദരോഡ, നഹാരി ഗിര്‍വാള്‍, നിതിന്‍ പവാര്‍, അനില്‍ പാട്ടീല്‍ എന്നിവരെ ബി.ജെ.പിയുടെ വലയത്തില്‍ നിന്നും എന്‍.സി.പിയില്‍ തിരിച്ചെത്തിച്ചത് ദൂഹനാണ്.
നവംബര്‍ 23 ശനിയാഴ്ച അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഈ നാല് എം.എല്‍.എമാരെ കാണാതായിരുന്നു. തുടര്‍ന്ന് ഗുരുഗ്രാമിലെ ഹോട്ടലില്‍ വെച്ച് ബി.ജെ.പിയില്‍ നിന്നും ‘നാടകീയമായി’ നാലു എം.എല്‍.എമാരെ മോചിപ്പിക്കാനുള്ള ദൗത്യം ഏല്‍പ്പിച്ചത് ദൂഹനെയായിരുന്നു.
നവംബര്‍ 22 വെള്ളിയാഴ്ച വൈകീട്ട് നാല് എം.എല്‍.എമാരില്‍ ഒരാളില്‍ നിന്ന് എന്‍.സി.പി തലവന്‍ ശരത് പവാറിന് ഒരു മെസേജ് ലഭിക്കുന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത്.
തുടര്‍ന്ന് എം.എല്‍.എമാരെ ഒബ്രോയ് ഹോട്ടലില്‍ നിന്നും ഗുരുഗ്രാമിലെ ഏതു ഹോട്ടലിലേക്കാണ് മാറ്റിയതെന്ന് കണ്ടുപിടിക്കാന്‍ ദൂഹനും എന്‍.സി.പി യൂത്ത് വിങ് പ്രസിഡന്റ് ധീരജ് ശര്‍മയും അന്വേഷണം തുടങ്ങി. അവരെ രക്ഷപ്പെടുത്താന്‍ ദൂഹനും ധീരജും പദ്ധതികള്‍ ആസൂത്രണം ചെയ്തു.
‘അഞ്ചാം നിലയിലെ 5109, 5110, 5111 എന്നീ റൂമുകളിലായിരുന്നു അവരെ പാര്‍പ്പിച്ചിരുന്നത്. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ഒരു കോട്ടപോലെ അവരെ സംരക്ഷിച്ചിട്ടുണ്ടായിരുന്നു. ബി.ജെ.പിയുടെ നൂറോ നൂറ്റമ്പതോ പ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്നു. എനിക്ക് ഉറപ്പിച്ചു പറയാനാവും ബി.ജെ.പി പ്രവര്‍ത്തകരായിരുന്നു അവിടെ ഉണ്ടായിരുന്നതെന്ന്. കാരണം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഭൂപീന്ദര്‍ ചൗഹാന്‍ അവിടെയുണ്ടായിരുന്നു. അവിടുത്തെ ചുറ്റുപാട് കണ്ടതോടെ ഞങ്ങള്‍ക്ക് മനസ്സിലായി അത്ര എളുപ്പമല്ല കാര്യങ്ങളെന്ന്.’, ദൂഹന്‍ പറഞ്ഞു.
ബി.ജെ.പി പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ വേണ്ടി ഓപ്പറേഷനില്‍ ഉള്‍പ്പെട്ട എന്‍.സി.പി പ്രവര്‍ത്തകര്‍ ഹോട്ടലില്‍ മുറിയെടുത്തു. 100 പേരടങ്ങുന്ന രണ്ടു ടീം സജ്ജമാക്കി.
‘ഞാറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ എം.എല്‍.എ നിതിന്‍ പവാറിനെ ഞങ്ങള്‍ക്ക് മോചിപ്പിക്കാനായി. ഏകദേശം 9:30, 10 മണി ആയപ്പോഴേക്കും അവരുടെ ടീമുകള്‍ മാറുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. അവര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ മാറിയതാവാം. ഈ സമയം
കൊണ്ട് ഞങ്ങള്‍ മറ്റു രണ്ടു എം.എല്‍.എമാരെ കൂടി മോചിപ്പിച്ചു.’
‘ഹോട്ടലിന്റെ പിന്‍വാതിലില്‍ വഴിയാണ് എം.എല്‍.എമാരെ മാറ്റിയത്. സി.സി.ടി.വി ക്യാമറകളില്ലാത്ത ഏക വഴി അതായിരുന്നു. എം.എല്‍.എമാരെ ശരത് പവാറിന്റെ ന്യൂദല്‍ഹിയിലുള്ള വസതിയിലേക്കാണ് മാറ്റിയത്.’, ദൂഹന്‍ പറഞ്ഞു.
‘പവാറിന്റെ ജനപഥിലെ വസതിയിലെത്തി ഞങ്ങള്‍ അത്താഴം കഴിച്ചു. അതിന് ശേഷം പുലര്‍ച്ചെ 2.40നുള്ള വിമാനത്തില്‍ കയറി 4.40-തിന് മുംബൈയിലെത്തി. 5.10നു ഹോട്ടലില്‍ തിരിച്ചെത്തി.’
‘എങ്ങനെയെങ്കിലും എം.എല്‍.എ നഹാരിയെ ഹോട്ടലിന്റെ മുന്‍വാതില്‍ കൂടി രക്ഷപ്പെടുത്തികൊണ്ടുവരാമെന്നു ഞങ്ങള്‍ വിചാരിച്ചു. അവിടെ ബി.ജെ.പി പ്രവര്‍ത്തകരുമായി അടിപിടിയുണ്ടായി. നഹാരിയെ ആ രാത്രി തന്നെ ശരത് പവാറിന്റെ വീട്ടിലെത്തിച്ചു.’, ദൂഹന്‍ പറഞ്ഞു.
ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ നിന്നുള്ള സോണിയ ദൂഹന്‍ 21-ാം വയസ്സിലാണ് എന്‍.സി.പിയില്‍ ചേരുന്നത്. ഹിസാര്‍ ജില്ലയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ദൂഹന്‍ അംബാല ഗുരുക്ഷേത്ര സര്‍വകലാശാലയില്‍ നിന്നും ബി.എസ്.സിയില്‍ ബിരുദം നേടി. സര്‍വകലാശാലയില്‍ വെച്ചാണ് എന്‍.സി.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
ദല്‍ഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പുകളില്‍ രണ്ട് തവണ എന്‍.സി.പിയുടെ വിദ്യാര്‍ഥി സംഘടനയെ നയിച്ച ശേഷം വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി. പിന്നീട് ദേശീയ ജനറല്‍ സെക്രട്ടറിയുമായി. നിലവില്‍ വിദ്യാര്‍ഥി സംഘടനയുടെ ദേശീയ പ്രസിഡന്റാണ്.