| Tuesday, 28th January 2020, 6:11 pm

ആരാണ് ഷര്‍ജീല്‍ ഇമാം?

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭ നേതാവും ജെ.എന്‍.യു വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാം പൊലീസില്‍ കീഴടങ്ങിയിരിക്കുകയാണ്.

ജനുവരി 16 ന് അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രസംഗം നടത്തിയതിനാണ് അസമിലും യു.പിയിലും ഷര്‍ജില്‍ ഇമാമിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തത്.

ആരാണ് ഷര്‍ജീല്‍ ഇമാം?

ബിഹാറിലെ ജഹനാബാദിലാണ് ഷര്‍ജിലിന്റെ ജനനം. പുസ്തകങ്ങള്‍ക്കിടയിലായിരുന്നു ഷര്‍ജില്‍ വളര്‍ന്നത്. ചരിത്രത്തിലും കമ്പ്യൂട്ടര്‍ സയന്‍സിലുമായിരുന്നു വിദ്യാഭ്യാസ കാലത്ത് ഷര്‍ജില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നത്.

പ്ലസ് ടു പരീക്ഷയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ 100 ല്‍ 98 മാര്‍ക്കാണ് ഷര്‍ജില്‍ നേടിയത്. എന്നാല്‍ ഷര്‍ജിലിന് 100 ല്‍ 100 മാര്‍ക്കും കിട്ടാത്തതില്‍ അതിശയിച്ച് അവന്റെ അധ്യാപകന്‍ ഉത്തരക്കടലാസ് പുനപരിശോധനക്കായി തിരിച്ചയച്ചിരുന്നു.

തീവ്രമായി അറിവ് സമ്പാദിച്ചയാള്‍ എന്നാണ് ജെ.എന്‍.യുവില്‍ ഷര്‍ജിലിന്റെ സഹപാഠിയായ അഫ്രീന്‍ ഫാത്തിമ ദി പ്രിന്റിനോട് പറഞ്ഞത്. ‘ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ച് ഇത്രയും ആഴമേറിയ അറിവുള്ളവര്‍ ഈ പ്രായത്തിലുണ്ടോ എന്നെനിക്ക് സംശയമാണ്. ഇക്ബാല്‍ അഹമ്മദിനെക്കുറിച്ചും (എഴുത്തുകാരന്‍, യുദ്ധവിരുദ്ധ പ്രവര്‍ത്തകന്‍), അല്ലാമ ഇക്ബാലിനെക്കുറിച്ചും (തത്വ ചിന്തകന്‍, കവി) എത്ര വേണമെങ്കിലും വിശദീകരിച്ച് സംസാരിക്കാന്‍ അവന് കഴിയും’, അഫ്രീന്‍ പറയുന്നു.

2006 ല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഷര്‍ജില്‍ ആദ്യ ശ്രമത്തില്‍ തന്നെ ജെ.ഇ.ഇ പരീക്ഷ പാസായിരുന്നു. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബോംബെ ഐ.ഐ.ടിയില്‍ നിന്ന് ബി.ടെക് എടുത്തിട്ടുണ്ട് ഷര്‍ജില്‍.

200 ബിരുദ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏക മുസ്‌ലിം വിദ്യാര്‍ത്ഥിയായ താന്‍ എങ്ങനെയാണ് പഠിച്ചതെന്നതിനെക്കുറിച്ച് ഷര്‍ജില്‍ പിന്നീട് എഴുതിയിരുന്നു. ‘മുസ്‌ലിങ്ങളെക്കുറിച്ച് വലിയ കിംവദന്തികളും മുന്‍വിധികളും സത്യമറിയാത്ത ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ടായിരുന്നു. അവരെ തിരുത്താന്‍ അവിടെ ഒരു മുസ്‌ലിം പോലുമുണ്ടായിരുന്നില്ല.’

ബിരുദത്തിന് ശേഷം ഷര്‍ജില്‍ ഇമാം ബെംഗളൂരുവിലെ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ രണ്ട് വര്‍ഷം ജോലി ചെയ്തു. ഈ ജോലിയ്ക്കിടെ ഷര്‍ജിലിന് നിരവധി തവണ യൂറോപ്പ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നു. അനുയോജ്യമായ സാഹചര്യത്തില്‍ ജീവിക്കാന്‍ കുടുംബം ഷര്‍ജിലിനോട് പറഞ്ഞെങ്കിലും അവന്‍ തയ്യാറായിരുന്നില്ല.

പിന്നീട് സോഷ്യല്‍ സയന്‍സിലേക്ക് തിരിയുകയും പിതാവിനെപ്പോലെ സാമൂഹ്യപ്രവര്‍ത്തനത്തിലേക്ക് മാറുകയുമായിരുന്നു. ബിഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ അടുത്ത ആളാണ് ഷര്‍ജിലിന്റെ പിതാവ് അക്ബര്‍ ഇമാം. 2005 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ജെ.ഡി.യു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുമുണ്ട് അക്ബര്‍ ഇമാം.

2013 ലാണ് ഷര്‍ജില്‍ ജെ.എന്‍.യുവില്‍ ചേരുന്നത്. ഷര്‍ജിലിന്റെ മതേതര നിലപാടും ഫാസിസ്റ്റ് ചിന്തകളെ എതിര്‍ക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടും ഇടത് വിദ്യാര്‍ത്ഥി സംഘടനകളെ ആകര്‍ഷിച്ചു. പിന്നാലെ സി.പി.ഐ.എം.എല്ലിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ഐസയില്‍ (ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) അംഗമായി. 2015 ലെ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ ഐസ സ്ഥാനാര്‍ത്ഥിയായി കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ചു.

ഈ സമയത്താണ് പുരോഗമനമെന്ന് വിശേഷിപ്പിക്കുന്ന ക്യാംപസിനുള്ളിലും ഇസ്ലാമോഫോബിയ ഉണ്ടെന്ന് താന്‍ മനസിലാക്കുന്നതെന്ന് ഷര്‍ജില്‍ പറഞ്ഞതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘താന്‍ ബിരുദ കാലത്ത് കണ്ട മുസ്‌ലിങ്ങളെക്കുറിച്ച് ഒന്നുമറിയാത്ത ഹിന്ദു വിദ്യാര്‍ത്ഥികളില്‍ നിന്ന് വ്യത്യസ്തമല്ല എന്റെ സഖാക്കളുമെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു’, ഷര്‍ജില്‍ എഴുതിയതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജെ.എന്‍.യു വിദ്യാര്‍ത്ഥിയായ നജീബിനെ കാണാതായ സംഭവത്തിലും ഇടത് പാര്‍ട്ടികളെ കുറ്റപ്പെടുത്തി ഷര്‍ജില്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷര്‍ജില്‍ ഐസ വിടുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി നേതാവിനെതിരെ കനയ്യകുമാര്‍ മത്സരിക്കുന്നതിനെ പുരോഗമനവാദികള്‍ പിന്തുണച്ചതിനെതിരെയും ഷര്‍ജില്‍ രംഗത്തെത്തിയിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ റോഡ് ഉപരോധിച്ച് തുടങ്ങുന്നത് ഷര്‍ജിലിന്റെ നേതൃത്വത്തിലായിരുന്നു. ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം ആരംഭിക്കുമ്പോഴും ഷര്‍ജില്‍ നേതൃനിരയിലുണ്ടായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more