സ്വന്തം വളര്‍ച്ചയ്ക്കുവേണ്ടി രാഷ്ട്രീയത്തേയും അധികാരത്തേയും മാധ്യമങ്ങളേയും സമര്‍ത്ഥമായി ഉപയോഗിച്ച വ്യവസായിയാണ് സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത. മുവാറ്റുപുഴ പുല്ലുവഴി സ്വദേശിയായ ശശിധരന്‍ കര്‍ത്ത ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളിലാണ് കോടിക്കണക്കിന് രൂപ ആസ്തിയുള്ള വ്യവസായിയായി മാറിയത്. ഗള്‍ഫിലായിരുന്നു ആദ്യം ജോലി. അവിടെ നിന്നും ഉണ്ടാക്കിയ പണം കൊണ്ടാണ് 1996ല്‍ കരിമണല്‍ സംസ്‌കരിച്ച് സിന്തറ്റിക് റൂട്ടൈല്‍ നിര്‍മ്മിക്കുന്ന സ്ഥാപനമായ കൊച്ചിന്‍ മിനറൈല്‍സ് ആന്റ് റുട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍) തുടങ്ങിയത്.
കര്‍ത്തയുടെ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ അപകടരമായ രാസവസ്തുക്കളുടെ കൂട്ടത്തില്‍പ്പെടുന്നതാണ്. സംസ്ഥാനത്തും കേന്ദ്രത്തിലുമുള്ള സ്വാധീനം ഉപയോഗിച്ച് ഇത് അപകടകരമായ രാസവസ്തുക്കളുടെ പട്ടികയില്‍ നിന്നും എടുത്തുമാറ്റി. ഇത്തരത്തിലുള്ള നിയമവിരുദ്ധ പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അധികാരത്തിന്റെ ഇടനാഴികള്‍ മുഴുവന്‍ അദ്ദേഹം ഉപയോഗിച്ചു. പത്തുപന്ത്രണ്ട് ഓഫീസുകള്‍ കയറിയിറങ്ങി മാസങ്ങള്‍കൊണ്ട് നേടിയെടുക്കേണ്ട നിയമപരമായ അനുമതികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അയാള്‍ നേടിയെടുത്തു.
Also read:കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്
ഇടതു വലതു ബി.ജെ.പി വ്യത്യാസം ഇല്ലാതെ എല്ലാരാഷ്ട്രീയപാര്‍ട്ടികള്‍ക്കും വാരിക്കോരി സാമ്പത്തിക സഹായം കൊടുക്കുന്ന ഇടമാണ് ശശിധരന്‍ കര്‍ത്തയുടെ വ്യവസായം. 2009-2010 കാലഘട്ടത്തില്‍ അന്നത്തെ സര്‍ക്കാര്‍ പത്മശ്രീ പുരസ്‌കാരത്തിനായി കര്‍ത്തയുടെ പേര് ശുപാര്‍ശ ചെയ്തിരുന്നു. സി.ഐ.ടി.യു നേതാവും വ്യവസായ മന്ത്രിയുമായിരുന്ന എളമരം കരീമാണ് 2010ല്‍ പത്മശ്രീയ്ക്കായി കര്‍ത്തയുടെ പേര് ശുപാര്‍ശ ചെയ്തത്.
പ്രളയദുരിതാശ്വാസത്തിന് കോടികള്‍ നല്‍കി ഭരണനേതൃത്വത്തെ പിണക്കാതിരിക്കാനും കര്‍ത്ത ശ്രദ്ധിച്ചിരുന്നു. എപ്പോഴും പരിസ്ഥിതി അനുകൂല നിലപാടെടുക്കാറുള്ള വി.എസ് അച്യുതാനന്ദനുമായുള്ള കര്‍ത്തയ്ക്കുള്ള അടുത്ത സൗഹൃദവും ഒരുകാലത്ത് മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തകളായി.
മാധ്യമ മുതലാളികളുമായി കര്‍ത്തയ്ക്കുണ്ടായിരുന്ന അടുത്തബന്ധം അദ്ദേഹത്തിനെതിരായ പല വാര്‍ത്തകളും പുറത്തുവരാതിരിക്കാന്‍ കാരണമായി. ഇതിനിടയില്‍ 2014ല്‍ മാതൃമലയാളം എന്ന പേരില്‍ കര്‍ത്ത പത്രം തുടങ്ങിയിരുന്നു.
കുടുംബാംഗങ്ങളും സഹോദരനുമൊക്കെ പങ്കാളിയായിട്ടായിരുന്നു ആദ്യം വ്യവസായം തുടങ്ങിയത്. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ വ്യവസായം വലിയ രീതിയില്‍ വികസിച്ചു. പിന്നീട് ബിസിനസ് പങ്കാളികളായ സഹോദരങ്ങളുമായി തെറ്റിപ്പിരിഞ്ഞ കര്‍ത്ത സാമ്രാജ്യം മുന്നോട്ടുകൊണ്ടുപോയത് മകനൊപ്പമാണ്.
ആലപ്പാട്, ചവറ മേഖലയിലെ തീരങ്ങളിലാണ് ഇല്‍മനേറ്റ് കിട്ടുന്നത് എന്നതിനാലാണ് അദ്ദേഹം ആലപ്പാട് ഭൂമി വാങ്ങിക്കൂട്ടിയത്. ബിനാമി പേരുകളിലും അല്ലാതെയും ഏക്കറുകണക്കിന് ഭൂമിയാണ് ഇവിടെ വാങ്ങിക്കൂട്ടിയത്.
ആലപ്പാട് ഖനനം നടത്താനുള്ള അധികാരം ഐ.ആര്‍.ഇയ്ക്കും കെ.എം.ആര്‍.എല്ലിനും മാത്രമാണുളളത്. എന്നെങ്കിലും സ്വകാര്യ കമ്പനികളെ ഖനനത്തിന് അനുവദിക്കുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഇയാള്‍ അവിടെ ഭൂമി വാങ്ങിക്കൂട്ടിയത്. സ്വകാര്യ മേഖലയിലുള്ള കമ്പനികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.എം.ആര്‍.എല്ലിനുവേണ്ടി കര്‍ത്ത സുപ്രീം കോടതിയെ സമീപിക്കുകയും കോടതിയില്‍ നിന്ന് അനുകൂല വിധി നേടുകയും ചെയ്തിരുന്നു. സ്വകാര്യ കമ്പനികള്‍ക്ക് കരിമണല്‍ ഖനനം നടത്താമെന്നും എന്നാല്‍ ഏതൊക്കെ മേഖലകളില്‍ കമ്പനികളെ ഖനനം നടത്താന്‍ അനുവദിക്കണമെന്നത് സംസ്ഥാന സര്‍ക്കാറിന് തീരുമാനമെടുക്കാമെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിധി.
പെരിയാറിനെ മലിനീകരിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനിയുടെ ഉടമയെന്ന നിലയില്‍ പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ശശിധരന്‍ കര്‍ത്തയ്‌ക്കെതിരെ പലതവണ സമരരംഗത്തിറങ്ങിയിരുന്നു. ഇയാള്‍ക്കെതിരെ സമരം ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി അകത്തിട്ട സംഭവങ്ങളുമുണ്ട്.
പമ്പ ശുദ്ധീകരണവുമായി ബന്ധപ്പെട്ട കരാര്‍ നഷ്ടപ്പെടാനിടയാക്കിയതാണ് പരിസ്ഥിതി പ്രവര്‍ത്തകരോടുള്ള വൈരാഗ്യത്തിന്റെ പ്രധാന കാരണം. തന്റെ കമ്പനിയിലെ മാലിന്യങ്ങളിലെ രാസവസ്തുക്കള്‍ ഉപയോഗിച്ച് പമ്പ ശുദ്ധീകരിക്കാമെന്ന അവകാശവാദത്തോടെയായിരുന്നു പദ്ധതി. മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി ചേര്‍ന്ന് പരീക്ഷണ പ്ലാന്റാണ് പമ്പയില്‍ തുടങ്ങിയത്.
2008-2009ല്‍ അത് ചെയ്തു. അന്ന് ഹിന്ദു പത്രം ഇതിന്റെ ദോഷഫലങ്ങളെക്കുറിച്ച് തുടര്‍ച്ചയായി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകര്‍ വിദഗ്ധരുടെ സഹായത്തോടെ അവിടെ പഠനം നടത്തുകയും ഇതിന്റെ അനന്തര ഫലം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് 2009-10 കര്‍ത്തയുടെ നേതൃത്വത്തിലുള്ള പമ്പ ശുദ്ധീകരണ പദ്ധതി സര്‍ക്കാര്‍ നിരോധിച്ചു.
കര്‍ത്തയുടെ കമ്പനിയിലെ മാലിന്യങ്ങള്‍ പമ്പയില്‍ കലര്‍ത്താനുള്ള ശ്രമമായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ പദ്ധതി. കരിമണലില്‍ നിന്നും സിന്തറ്റിക് റുട്ടൈല്‍ നിര്‍മ്മിക്കുമ്പോഴുണ്ടാകുന്ന ഉപോല്‍പന്നമായ ഫെറസ് ക്ലോറൈഡ് പമ്പയില്‍ പരീക്ഷിച്ച് അത് വിജയമാണെന്ന് അവകാശപ്പെട്ട് കേരളത്തിലെ എല്ലാ നദികളിലും ഉപയോഗിക്കാമെന്നതായിരുന്നു പദ്ധതി. അങ്ങനെ ഉപയോഗിച്ചാല്‍ തന്റെ കമ്പനിയിലെ മാലിന്യം ഒഴിവായി കിട്ടും. ഒപ്പം ഫെറസ് ക്ലോറൈഡിന് വിപണി കണ്ടെത്താനുമാകും. ഈ ലക്ഷ്യം പരിസ്ഥിതി പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ കാരണം പാളുകയാണുണ്ടായത്.
ഇന്നലെ ആലുവയിലെ സി.എം.ആര്‍.എല്‍ സ്ഥാപനങ്ങളിലും കര്‍ത്തയുടെ വീട്ടിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടത്തിയിരുന്നു. വന്‍തോതില്‍ നികുതി വെട്ടിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.