national news
മെറ്റ ഇന്ത്യക്ക് പുതിയ മേധാവി; ആരാണ് സന്ധ്യ ദേവനാഥന്‍, കൂടുതല്‍ അറിയാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 17, 11:28 am
Thursday, 17th November 2022, 4:58 pm

ന്യൂദല്‍ഹി: മെറ്റ ഇന്ത്യ മേധാവി അജിത് മോഹന്റെ രാജിയെത്തുടര്‍ന്ന് പുതിയ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. മെറ്റ ഏഷ്യ പസഫിക് വൈസ് പ്രസിഡന്റ് ഡാന്‍ നിയറിയ്ക്ക് കീഴില്‍ ജനുവരി ഒന്ന് മുതലാണ് സന്ധ്യ ദേവനാഥന്‍ മെറ്റ ഇന്ത്യ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുക.

ഏഷ്യ പസഫിക് നേതൃസംഘത്തിലും സന്ധ്യ ഭാഗമാവും. വന്‍കിട ടെക്ക് കമ്പനികള്‍ക്ക് മേല്‍ ഇന്ത്യ നിയന്ത്രണം കടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് സന്ധ്യ ചുമതലയേല്‍ക്കുന്നത്.

‘ഞങ്ങളുടെ ഇന്ത്യയിലെ പുതിയ മേധാവിയായി സന്ധ്യയെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നു. ബിസിനസ് സ്‌കൈലിങ്, ടീമുകളുടെ നിയന്ത്രണം, ഉത്പന്നങ്ങളുടെ നവീകരണത്തിന് നേതൃത്വം നല്‍കല്‍, ശക്തമായ പങ്കാളിത്തം എന്നിവയില്‍ സന്ധ്യക്ക് ട്രാക്ക് റെക്കോര്‍ഡുണ്ട്. മെറ്റയുടെ തുടര്‍ന്നുള്ള മുന്നേറ്റത്തിനും സന്ധ്യയുടെ നേതൃപാഠവം കരുത്താകും,’ മെറ്റ ചീഫ് ബിസിനസ് ഓഫീസര്‍ മാര്‍നെ ലെവിന്‍ പറഞ്ഞു.

സന്ധ്യ ദേവനാഥനെ കൂടുതല്‍ അറിയാം:

  • 2000ത്തില്‍ ദല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.എ പൂര്‍ത്തിയാക്കി.
  • 2016ലാണ് സന്ധ്യ ദേവനാഥന്‍ മെറ്റയുടെ ഭാഗമാകുന്നത്.
  • സിംഗപ്പൂരിലെയും വിയറ്റ്‌നാമിലെയും മെറ്റയുടെ ചുമതലയുണ്ടായിരുന്ന സന്ധ്യ തെക്കുകിഴക്കന്‍ ഏഷ്യയിലെ ടെക് ഭീമന്റെ ഇ-കൊമേഴ്സ് സംരംഭങ്ങളും കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിച്ചു.
  • 2020ല്‍ സന്ധ്യ ദേവനാഥന്‍ മെറ്റയുടെ ഏഷ്യ പസഫിക് ഗെയിമിങ് മേധാവിയായി ചുമതലയേറ്റു. മെറ്റയുടെ ഏഷ്യ-പസഫിക് മേഖലയില്‍ കമ്പനിയുടെ ഗെയിമിങ് ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

  • ബാങ്കിങ്, പേമെന്റ്സ്, സാങ്കേതിക വിദ്യാ രംഗങ്ങളില്‍ അന്തര്‍ദേശീയ തലത്തില്‍ സന്ധ്യക്ക് 22 വര്‍ഷത്തെ അനുഭവ പരിചയമുണ്ട്.
  • കമ്പനികളില്‍ നേതൃതലത്തില്‍ സ്ത്രീകളെ നിയമിക്കുന്നതിനും ജോലിസ്ഥലത്ത് വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിലും ശക്തമായി വാദിക്കുന്ന വ്യക്തിയാണ് സന്ധ്യ.
  • സന്ധ്യ ദേവനാഥന്‍ മെറ്റയിലെ വിമന്‍@എ.പി.എ.സിയുടെ എക്സിക്യൂട്ടീവ് സ്പോണ്‍സറും ഗെയിമിങ് വ്യവസായത്തിലെ വൈവിധ്യമാര്‍ന്ന പ്രാതിനിധ്യം മെച്ചപ്പെടുത്തുന്നതിനുള്ള ആഗോള മെറ്റാ സംരംഭമായ പ്ലേ ഫോര്‍വേഡിന്റെ ആഗോള ലീഡറുമാണ്.
  • പെപ്പര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഗ്ലോബല്‍ ബോര്‍ഡിലും സന്ധ്യ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
  • അതേസമയം, ഇക്കഴിഞ്ഞ നംവംബര്‍ മൂന്നിനാണ് മെറ്റ ഇന്ത്യാ മേധാവിയായിരുന്ന അജിത് മോഹന്‍ രാജിവെച്ചത്. നാല് വര്‍ഷം മുമ്പാണ് അജിത് മോഹന്‍ മെറ്റയുടെ മേധാവിയായി ചുമതലയേറ്റെടുത്തത്.

    മെറ്റയുടെ ഇന്ത്യയിലെ പബ്ലിക് പോളിസി തലവന്‍ രാജീവ് അഗര്‍വാള്‍, വാട്‌സാപ്പ് ഇന്ത്യയുടെ തലവന്‍ അഭിജിത് ബോസ് എന്നിവരും ഈയടുത്ത് രാജിവെച്ചിരുന്നു.

    Content Highlight: Who is Sandhya Devanathan, the new Meta India head