| Tuesday, 5th May 2020, 7:40 pm

ലോക്ഡൗണിനിടയിലും യു.എ.പി.എ ചുമത്തി ഏകാന്തതടവിലാക്കപ്പെട്ട ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനി; ആരാണ് സഫൂറ സര്‍ഗാര്‍? എന്താണവര്‍ ചെയ്ത കുറ്റം?

അന്ന കീർത്തി ജോർജ്

‘കിടക്കുമ്പോഴും ഇരിക്കുമ്പോഴും എണീറ്റുനില്‍ക്കേണ്ടി വരുന്ന ഒരവസ്ഥയുണ്ട്. അസ്വസ്ഥതയുടെ, ദു:ഖത്തിന്റെ, നിസ്സഹായതയുടെയൊക്കെ ചില വാര്‍ത്തകള്‍ അങ്ങനെയാണ്. ഇതെഴുമ്പോള്‍ തീഹാര്‍ ജയിലിന്റെ ഒറ്റമുറി സെല്ലില്‍ സഫൂറ സെര്‍ഗാര്‍ എന്തെടുക്കുകയായിരിക്കും?’

ഏപ്രില്‍ 10ന് സഫൂറ സര്‍ഗാര്‍ എന്ന 27കാരിയെ, മൂന്ന് മാസം ഗര്‍ഭിണിയായ, ജാമിഅ മില്ലിയയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യു. എ.പി.എ ചുമത്തി തിഹാര്‍ ജയിലില്‍ അടച്ച സമയത്ത് ഫേസ്ബുക്കില്‍ വന്ന ഒരു കുറിപ്പിലെ വരികളാണിത്.

ഇന്ന് സഫൂറ സര്‍ഗാറിന്റെ മോചനത്തിനായി ശബ്ദമുയരുമ്പോള്‍ നമ്മള്‍ അറിയേണ്ടതുണ്ട്, സഫൂറ സര്‍ഗാറിനെക്കുറിച്ച്, രാജ്യത്തെ നിയമവ്യവസ്ഥയെ മുഴുവന്‍ നോക്കുകുത്തികളാക്കിക്കൊണ്ട് അവരെ ജയിലിലടച്ചതിനെക്കുറിച്ച, സഫൂറക്കെതിരെ നടന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച്…

ജാമിഅയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന സഫൂറയെക്കുറിച്ച് നമ്മള്‍ അറിയുന്നത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധ സമരങ്ങളുടെ സമയത്താണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥി സമൂഹത്തെയും അണിനിരത്തുന്ന തലത്തിലേക്കുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജാമിഅ കോഡിനേഷന്‍ കമ്മിറ്റിയിലെ അംഗമായിരുന്നു സഫൂറ സര്‍ഗാര്‍. കമ്മിറ്റിയിലെ മീഡിയ വിഭാഗം കൈകാര്യം ചെയ്തിരുന്നത് സഫൂറയായിരുന്നു. പൗരത്വ പ്രതിഷേധ സമരങ്ങള്‍ക്കെതിരെ നടന്ന പൊലീസ് മര്‍ദനങ്ങള്‍ക്കും ഹിന്ദുത്വ ഗ്രൂപ്പുകളുടെ അക്രമങ്ങള്‍ക്കിടയിലും അടിപതറാതെ, ഒരിക്കല്‍ പോലും സമാധാനത്തിന്റെ പാതയില്‍ നിന്നും വ്യതിചലിക്കാതെയാണ് വിദ്യാര്‍ത്ഥി സമരങ്ങള്‍ മുന്നേറിയത്.

ജാമിഅ കോഡിനേഷന്‍ കമ്മിറ്റിയിലെ ഏറ്റലും ശക്തമായ പെണ്‍ശബ്ദമായിരുന്നു സഫൂറയെന്ന് സുഹൃത്തായ കൗസര്‍ ജാന്‍ പറയുന്നു. കഠിനാധ്വാനിയായ അഭിപ്രായങ്ങള്‍ യാതൊരു മടിയും കൂടാതെ തുറന്നുപറയുന്ന വിദ്യാര്‍ത്ഥിയെന്നാണ് സഫൂറയെക്കുറിച്ച് അധ്യാപകരും പറയുന്നത്. സഫൂറയുടെ അക്കാദമിക് റെക്കോര്‍ഡ്സും ഇപ്പോഴത്തെ പ്രത്യേക ആരോഗ്യനിലയും പരിഗണിച്ചെങ്കിലും എത്രയും വേഗം മോചിപ്പിക്കുമെന്നാണ് കരുതുന്നതെന്നും ഇവര്‍ അല്‍ ജസീറയോട് പറഞ്ഞു.

ഫെബ്രുവരി 23ന് തുടങ്ങിയ ദല്‍ഹി കലാപത്തിന്റെ മുഖ്യസൂത്രധാരയാണ് സഫൂറ എന്നാണ് പൊലീസിന്റെ ആരോപണം. സഫൂറക്കെതിരെയുള്ള കേസ് ദല്‍ഹി പൊലീസ് കെട്ടിച്ചതാണെന്ന് മാത്രമല്ല, ഭീകരമായ നിയമലംഘനങ്ങളാണ് നടന്നിട്ടുള്ളതെന്ന് സഫൂറയുടെ വക്കീല്‍ ചൂണ്ടിക്കാണിക്കുന്നു. സഫൂറയെ ആദ്യം അറസ്റ്റ് ചെയ്ത ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പൊലീസ് മറ്റൊരു കേസില്‍ ഇവരെ വീണ്ടും അറസ്റ്റ് ചെയ്തത്. പക്ഷെ ഈ കേസിന് ആസ്പദമായ തെളിവുകള്‍ ഹാജരാക്കാനോ വിശദാംശങ്ങള്‍ വെളിപ്പെടുത്താനോ പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കോടതി തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിന് ശേഷമാണ് പൊലീസ് സഫൂറക്കെതിരെ യു.എ.പി.എ ചുമത്തിയതെന്നും വക്കീല്‍ ചൂണ്ടിക്കാണിക്കുന്നു. സഫൂറ ഗര്‍ഭിണിയായത് കൊണ്ട് മോചിപ്പിക്കണമെന്നുള്ളതല്ല ആവശ്യം, പക്ഷെ കൃത്യമായ യാതൊരു തെളിവുകളും ഇല്ലാതെ ഒരാളെ തടവിലാക്കുന്നത് ഭീകരമായ നീതിനിഷേധമാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ജയിലില്‍ നിന്നും സഫൂറ ടെലിഫോണ്‍ വഴിയെങ്കിലും ഭര്‍ത്താവിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൊവിഡ്-19 പ്രോട്ടോക്കോളിന്റെ പേര് പറഞ്ഞുകൊണ്ട് ഈ ആവശ്യവും അധികൃതര്‍ പല തവണ നിഷേധിച്ചെന്നും വക്കീല്‍ വ്യക്തമാക്കി.

ഗര്‍ഭിണിയായതിനെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥകള്‍ മൂലം ഫെബ്രുവരി 10 മുതല്‍ പ്രധാനമായും വീട്ടിലിരുന്നുകൊണ്ടാണ് സഫൂറ ജോലികള്‍ ചെയ്തിരുന്നതെന്ന് ഭര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നു. ഫെബ്രുവരി 10ന് നടന്ന സമരത്തിനെതിരെ പൊലീസ് നടത്തിയ അക്രമത്തെ തുടര്‍ന്ന് സഫൂറ ബോധരഹിതയായിരുന്നു. കൊവിഡ് കൂടി വന്നതോടെ അത്യാവശകാര്യങ്ങള്‍ക്കല്ലാതെ വീട്ടില്‍ നിന്നും സഫൂറ പുറത്തേക്കിറങ്ങുക പോലും ചെയ്യാറില്ലെന്നും ഭര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള വിചാരണ തടവുകാരെ വിട്ടയക്കാനുള്ള സുപ്രീം കോടതി നിര്‍ദേശം വന്നതിന് ശേഷമാണ് സഫൂറ സര്‍ഗാറിനെ യു എ പി എ ചുമത്തി ജയിലടക്കുന്നത്. അതും താമസിപ്പിക്കാനാവുന്നതിനേക്കാള്‍ ഇരട്ടിയിലേറെ തടവുപ്പുള്ളികളുള്ള തീഹാര്‍ ജയിലില്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇവരെ സന്ദര്‍ശിക്കാന്‍ വീട്ടുകാരെ വിലക്കിയിരിക്കയാണ്, മാത്രമല്ല ക്വാറന്റൈന്‍ എന്ന് കാരണം പറഞ്ഞുക്കൊണ്ട് ഏകാന്ത തടവിലുമാക്കിയിരിക്കുന്നു.

സഫൂറയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ആംനസ്റ്റി ഇന്റര്‍നാഷ്ണല്‍ അടക്കം നിരവധി മനുഷ്യാവകാശ സംഘടനകളും സാമൂഹ്യപ്രവര്‍ത്തകും രംഗത്തെത്തിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തോടും വിമത സ്വരങ്ങളോടും തികച്ചും അസഹിഷ്ണുമായ നിലപാടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. പക്ഷെ, കൊവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍, മൂന്ന് മാസം ഗര്‍ഭിണിയായ സഫൂറയെ തടവുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന തീഹാര്‍ ജയിലിലേക്ക് പറഞ്ഞയച്ചതിലൂടെ ഇന്ത്യന്‍ സര്‍ക്കാര്‍ എത്രമാത്രം ക്രൂരമായാണ് അടിച്ചമര്‍ത്തല്‍ നടപടികള്‍ നടത്തുന്നതെന്നാണ് വ്യക്തമാക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ അവിനാഷ് കുമാര്‍ പറയുന്നു.

കൊവിഡിന്റെയും ലോക്ക്ഡൗണിന്റെയും മറവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ തുടച്ചുനീക്കുന്നതിനും മുസ്ലിം വേട്ടയുമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് വ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ട്. പൗരത്വ ഭേദഗതി സമരക്കാരെ യു എ പി എ അടക്കം ചുമത്തി അറസ്റ്റ് ചെയ്യുന്നത് ലോക്ക് ഡൗണ്‍ എടുത്തുമാറ്റിയ ശേഷം ഈ സമരങ്ങള്‍ തുടരാതിരിക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നീക്കമാണെന്നാണ് നിരീക്ഷണങ്ങള്‍.

സഫൂറ സര്‍ഗാറിനെ കൂടാതെ, ജാമിഅ കോഡിനേഷന്‍ കമ്മിറ്റിയിലെ അംഗമായ ആര്‍.ജെ.ഡി നേതാവ് മീരാന്‍ ഹൈദര്‍, ജാമിഅ അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് ഷിഫ ഉര്‍ റഹ്മാന്‍ എന്നിവരെയും യു.എ.പി.എ ചുമത്തി ജയിലടച്ചിട്ടുണ്ട്. യു.എ.പി.എ പ്രകാരം യാതൊരു കുറ്റവും ചുമകത്താതെ തന്നെ 180 ദിവസം ഇവരെ തടവില്‍ പാര്‍പ്പിക്കാനാകും. മാത്രമല്ല, അറസ്റ്റ്് ചെയ്യപ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനോ കസ്റ്റഡി പീഡനം ഒഴിവാക്കുന്നതിനോ ഉള്ള യാതൊരു നിബന്ധനകളും ഈ നിയമത്തിലില്ലെന്നും ആംനസ്റ്റി ചൂണ്ടിക്കാണിക്കുന്നു.

കൊവിഡ് 19 പടരാന്‍ തുടങ്ങിയ സമയത്ത് തന്നെ യു.എന്‍ ഹൈകമ്മിഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രത്യേക നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ‘രാഷ്ട്രീയ തടവുകാരെയും പ്രതിഷേധക്കാരെയും വിമത അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ തടവിലാക്കിയിരിക്കുന്നവരെയും തുടങ്ങി മതിയായ തെളിവുകളില്ലാതെ തടവില്‍ കഴിയുന്ന എല്ലാവരെയും വിട്ടയക്കണം. ഗര്‍ഭിണികള്‍, വൃദ്ധര്‍, വികലാംഗര്‍, രോഗികള്‍ എന്നിവരെയും വിട്ടയക്കണം.’ എന്നായിരുന്നു നിര്‍ദേശം. പക്ഷെ ലോക്ക്ഡൗണിന്റെ മറവില്‍ പ്രതിഷേധങ്ങള്‍ ഉയരാനുള്ള സാധ്യതയില്ലെന്ന് കണക്കാക്കി കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഭീമ കൊറേഗാവ് കേസിന്റെ പേരില്‍ കഴിഞ്ഞ മാസം അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തകരായ ആനന്ദ് തെല്‍തുദെയും ഗൗതം നവ്ലഖയുമെല്ലാം ഇവരില്‍ ചിലര്‍ മാത്രം.

‘ഞങ്ങളുടെ ആദ്യ കുഞ്ഞിനെ കാത്തിരിക്കുകയാണ് ഞങ്ങള്‍. ഇത് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളാകുമായിരുന്നു. പക്ഷെ സഫൂറയുടെ സുരക്ഷക്കും എത്രയും വേഗമുള്ള ജയില്‍ മോചനത്തിനുമായി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ ഇപ്പോള്‍ ഞങ്ങള്‍ക്കാകൂ. ഇപ്പോഴത്തെ അവസ്ഥയില്‍ അവള്‍ക്ക് കരുതലാണ് ആവശ്യം അല്ലാതെ തടങ്കലല്ല.’ സഫൂറയുടെ ഭര്‍ത്താവിന്റെ വാക്കുകളാണിത്.

പൗരത്വ പ്രതിഷേധങ്ങളുടെ ഏറ്റവും ശക്തമായ പെണ്‍ശബ്ദമായിരുന്ന സഫൂറ തിരിച്ചുവരുമെന്ന് പ്രതീക്ഷയിലാണ് കുടുംബവും സുഹൃത്തുക്കളും മോചനത്തിനായി രംഗത്തെത്തിയിരിക്കുന്ന ഓരോരുത്തരും. സഹോദരി സമീയ സഫൂറക്കെഴുതിയ കത്തില്‍ പറയുന്നതുപോലെ ‘മമ്മയും പപ്പയും നമ്മളെ നല്ല കരുത്തരായ പെണ്‍കുട്ടികളായി വളര്‍ത്തിയത് വെറുതെയല്ല, കാരണം നമ്മളെ അങ്ങിനെ എളുപ്പത്തില്‍ പേടിപ്പിക്കാനാകില്ല. ഇനിയത് എത്രത്തന്നെ വേദനജനകമായാലും നിനക്കും നമ്മുക്കും നേരിടാനാകാതാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞങ്ങളെയെല്ലാവരെയും വിഡ്ഢികളാക്കിക്കൊണ്ട മുന്‍പ് എല്ലാ പരീക്ഷകളിലും ഒന്നാമതത്തെത്തുന്ന പോലെ ഈ പരീക്ഷയിലും നീ വിജയിക്കുമെന്ന് എനിക്ക് ഉറപ്പാണ്.’ ഇത് സമീയയുടെ മാത്രമല്ല, ഇന്നാട്ടിലെ അവശേഷിക്കുന്ന ജനാധിപത്യത്തിന്റെ തന്നെ പ്രതീക്ഷയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.