| Monday, 4th May 2020, 3:37 pm

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ദല്‍ഹിയിലെ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍; ആരാണ് സഫറുല്‍ ഇസ്‌ലാം ഖാന്‍, എന്താണ് അദ്ദേഹം ചെയ്ത കുറ്റം

ഷഫീഖ് താമരശ്ശേരി

ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോക്ടര്‍ സഫറുല്‍ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്സെടുത്ത വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദല്‍ഹിയില്‍ മുസ്ലിങ്ങള്‍ക്കെതിരായി നടന്ന വംശീയ ആക്രമണങ്ങളുടെയും കൊവിഡ് 19 നുമായി ബന്ധപ്പെട്ട തബ്ലീഗ് വേട്ടയുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയ്‌ക്കെതിരെ അറബ് രാജ്യങ്ങള്‍ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തതിനാണ് സഫറുല്‍ ഇസ്ലാം ഖാനെതിരെ കേസ്സെടുത്തിരിക്കുന്നത്.

ദല്‍ഹി സര്‍ക്കാറിലെ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഈ ലോക്ഡൗണ്‍ കാലത്തും വേട്ടയാടപ്പെടുമ്പോള്‍ നാം അറിയേണ്ടതുണ്ട്. ആരാണ് ഈ സഫറുല്‍ ഇസ്ലാം ഖാന്‍ എന്ന്. എന്തുകൊണ്ടാണ് അദ്ദേഹം മറ്റുള്ളവരാല്‍ ലക്ഷ്യം വെയ്ക്കപ്പെടുന്നത് എന്നത്.

രാജ്യത്തെ അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനും മുസ്‌ലിം ബുദ്ധിജീവിയുമാണ് സഫറുല്‍ ഇസലാം. ഇന്ത്യന്‍ മുസ്ലിങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ലോകമാസകലമുള്ള ചര്‍ച്ചകളിലും സെമിനാറുകളിലുമെല്ലാം സ്ഥിര സാന്നിധ്യം. ഉറുദു, ഹിന്ദി, അറബി, ഇംഗ്ലീഷ്, എന്നീ ഭാഷകളിലെല്ലാം അഗാധമായ പാണ്ഡിത്യത്തിന്റെ ഉടമ. അല്‍ജസീറ, ബി.ബി.സി തുടങ്ങിയ അന്താരാഷ്ട മാധ്യമങ്ങളില്‍ ഇസ്ലാമിക വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം പ്രത്യക്ഷപ്പെടുന്നയാള്‍. 50 ലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. വിവിധ വിദേശ സര്‍വകലാശാലകളിലെ വിസിറ്റിംഗ് പ്രൊഫസര്‍. നിലവില്‍ അരവിന്ദ് കെജ്‌രിവാളിന് കീഴില്‍ ദല്‍ഹി സര്‍ക്കാറിലെ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍.

കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയിലുള്ള സഫറുല്‍ ഖാന്‍ ഇസ്ലാം ഖാന്റെ പ്രവര്‍ത്തനങ്ങള്‍ മുസ്ലിങ്ങള്‍ക്കിടയില്‍ മാത്രമല്ല, സിഖ്, ജൈന, ക്രൈസ്തവ, പാര്‍സി വിഭാഗങ്ങള്‍ക്കിടയിലും അദ്ദേഹത്തെ സ്വീകാര്യനാക്കിയിരുന്നു. തുടക്കത്തില്‍ അരവിന്ദ് കെജ്‌രിവാളിന് ഏറെ പ്രിയപ്പെട്ടവനായിരുന്നു സഫറുല്‍ ഇസ്ലാം. എന്നാല്‍ സമീപകാലത്തായി ദല്‍ഹി സര്‍ക്കാറിന്റെയും കേന്ദ്രസര്‍ക്കാറിന്റെയും മുസ്ലിംവിരുദ്ധ നിലപാടുകളോട് തുറന്ന എതിര്‍പ്പുകള്‍ അദ്ദേഹം പ്രകടിപ്പിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് അദ്ദേഹം ഇരുസര്‍ക്കാറുകള്‍ക്കും അനഭിമതനായി തുടങ്ങിയത്.

രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ക്ക് നേരെ വലിയ അടിച്ചമര്‍ത്തലുകള്‍ അഴിച്ചുവിട്ട കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ അദ്ദേഹം രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരുന്നു. ഫെബ്രുവരി അവസാനവാരം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തെ വംശീയാക്രമണം എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്.

ബി.ജെ.പി നേതാക്കളടക്കമുള്ള ഏതാനും ഹിന്ദുത്വവാദികളുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം വരുന്ന സ്വകാര്യ കമാന്‍ഡോകള്‍ പ്രദേശത്തെ മുസ്ലിങ്ങള്‍ക്ക് നേരെ നടത്തിയ ഏകപക്ഷീയമായ ആക്രമണത്തെ എങ്ങിനെ കലാപമെന്ന് വിശേഷിപ്പിക്കുമെന്നായിരുന്നു അദ്ദേഹം ചോദിച്ചിരുന്നത്. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ആ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി തന്റെ വാദങ്ങള്‍ ശരിയാണന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ഡല്‍ഹി വംശീയാക്രമണത്തിന്റെ ഇരകള്‍ക്ക് കെജ്‌രിവാള്‍ പ്രഖ്യാപിച്ച സഹായത്തുക പര്യാപ്തമല്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ആക്രമണത്തിന്റെ ആദ്യ ദിവസം തന്നെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ താന്‍ നിര്‍ദേശിച്ചിട്ടും കെജ്‌രിവാള്‍ ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടില്ലെന്നും അന്നദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഏറ്റവുമൊടുവില്‍ ഡല്‍ഹി വംശീയാക്രമണത്തിന്റെ ഇരകളെ പ്രതികളാക്കി വ്യാപകമായ അറസ്റ്റ് നടന്നപ്പോഴും അദ്ദേഹം പ്രതികരിച്ചു. ദല്‍ഹി പൊലീസിനോട് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് അദ്ദേഹം നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാമൊടുവിലാണ് ഒരു സോഷ്യല്‍മീഡിയ ട്വീറ്റിന്റെ പേരില്‍ ഇപ്പോള്‍ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്സെടുത്തിരിക്കുന്നത്.

കൊവിഡിന്റെ പേരിലുള്ള തബ്ലീഗ് വേട്ടയ്ക്ക് ശേഷം ഇന്ത്യയില്‍ വ്യാപകമായ ഇസ്ലാമോഫോബിയയ്‌ക്കെതിരെ അറബ് രാജ്യങ്ങള്‍ ശക്തമായി നിലപാട് സ്വീകരിച്ചതിനെ സ്വാഗതം ചെയ്തുകൊണ്ട് ഏപ്രില്‍ 28 ന് അദ്ദേഹം നടത്തിയ ട്വീറ്റാണ് വിവാദമായത്. സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള സംഘപരിവാര്‍ ആക്രമണത്തിന് അദ്ദേഹം ഇരയായി. ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ താമസിക്കുന്ന ഒരാളുടെ പരാതിപ്രകാരമാണ് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ രാജ്യദ്രോഹത്തിനുള്ള വകുപ്പും വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുന്നതിനുള്ള വകുപ്പും ചേര്‍ത്ത് കേസ്സെടുത്തത്. ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പിന്നീട് സ്‌പെഷ്യല്‍ സെല്ലിന് കൈമാറുകയും ചെയ്തു.

സഫറുല്‍ ഇസ്ലാം ഖാന് നേരെ കേസ്സെടുത്തതിന് പിന്നാലെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചുവെന്നും ട്വീറ്റ് ഡിലീറ്റ് ചെയ്തുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തന്റെ ട്വീറ്റ് ഇപ്പോഴും അവിടെതന്നെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രാജ്യത്ത് നിലനില്‍ക്കുന്ന വിദ്വേഷരാഷ്ട്രീയത്തിനെതിരായ പോരാട്ടങ്ങളില്‍ താന്‍ എക്കാലവും ഉറച്ചുനില്‍ക്കുന്നുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യന്‍ഭരണഘടനയെയും ഇവിടുത്തെ മതേതരത്വത്തെയും സംരക്ഷിക്കാനുള്ള തന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കേസ്സുകള്‍ക്കെന്നല്ല അറസ്റ്റുകള്‍ക്കോ തടവറകള്‍ക്കോ പോലും സാധിക്കില്ലെന്നും അദ്ദേഹം തന്റെ സോഷ്യല്‍മീഡിയ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിരമിക്കാന്‍ വെറും മൂന്ന് മാസം മാത്രം കാലാവധി ബാക്കി നില്‍ക്കെ അദ്ദേഹത്തിനെതിരായുള്ള ഈ സര്‍ക്കാര്‍ നീക്കത്തിനെതിരെ രാജ്യത്തെ നിരവധി മനുഷ്യാവകാശപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും സംയുക്തപ്രസ്താവനയിലൂടെ രംഗത്ത് വന്നിരിക്കുകയാണ്.

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more