| Thursday, 4th February 2021, 6:59 pm

ആരാണ് റിഹാന? ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിതാ ഗായിക ഇന്ത്യയിലെ കര്‍ഷകര്‍ക്കൊപ്പം നിന്നതിന്റെ കാരണങ്ങള്‍

ഷഫീഖ് താമരശ്ശേരി

കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നുള്ള ഗൂഗിള്‍ സെര്‍ച്ച് ലിസ്റ്റില്‍ ഒന്നാമതായി നിന്നത് Is Rihanna Muslim? എന്ന ചോദ്യമായിരിന്നു. എന്താണിതിന് പിന്നിലെ കാര്യം. എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ക്ക് റിഹാനയുടെ മതമറിയേണ്ടത്. ആരാണ് റിഹാന?

ബാര്‍ബേഡിയന്‍ ഗായികയും നടിയും വ്യവസായിയുമായ റോബിന്‍ റിഹാന ഫെന്റി എന്ന റിഹാന ഇന്ത്യക്കാര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് ദല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് അവര്‍ ട്വീറ്റ് ചെയ്തതോടെയാണ്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ലോകത്തെ നാലാമത്തെ വ്യക്തി കൂടിയായ റിഹാന ഇന്ത്യയിലെ കര്‍ഷകസമരത്തിന് പിന്തുണയര്‍പ്പിച്ചെത്തിയത് ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു.

റിഹാനയ്ക്ക് പിന്നാലെ യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, നടന്‍ ജോണ്‍ കുസാക്, യു.എസ് വൈസ് പ്രസിഡണ്ട് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്, ലബനീസ് അമേരിക്കന്‍ മോഡലും നടിയുമായ മിയ ഖലീഫ തുടങ്ങി നിരവധി പ്രശസ്തര്‍ കര്‍ഷക സമരത്തെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്നു.

പതിവുപോലെ സംഘപരിവാര്‍ വൃത്തങ്ങള്‍ റിഹാനയ്‌ക്കെതിരെ വ്യാപക സൈബര്‍ ആക്രമണവുമായി രംഗത്ത് വന്നു. റിഹാനയുടെ വംശം, നിറം തുടങ്ങിയവയെല്ലാം പരാമര്‍ശിച്ചുകൊണ്ടുള്ള വംശീയവും അശ്ലീലം നിറഞ്ഞതുമായ അധിക്ഷേപങ്ങളായിരുന്നു ട്വിറ്ററില്‍ നടന്നത്.

റിഹാനയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി, നേരത്തെ അവരെ ആക്രമിച്ച മുന്‍പങ്കാളി ക്രിസ് ബ്രൗണിന് പിന്തുണ നല്‍കിക്കൊണ്ടായിരുന്നു തീവ്രവലതുപക്ഷ സംഘങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ക്രിസ് ബ്രൗണ്‍ റിഹാനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചത് 2009ല്‍ അന്താരാഷ്ട്രതലത്തില്‍ വാര്‍ത്തയായിരുന്നു. റിഹാന നേരിട്ട ഗാര്‍ഹിക പീഡനങ്ങളെ ന്യായീകരിച്ചും നിരവധി ട്വീറ്റുകള്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടു.

വിദേശത്തുള്ളവര്‍ ഇന്ത്യയിലെ വിഷയങ്ങളില്‍ ഇടപെടേണ്ട എന്ന പ്രസ്താവനയുമായി ഇന്ത്യയിലെ സംഘരിവാര്‍ അനുകൂലികളായ താരങ്ങളും രംഗത്ത് വന്നു. സച്ചിന്‍ ടെന്‍ഡുല്‍കര്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, കങ്കണ റണാവത്, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, സുരേഷ് റെയ്‌ന, അനില്‍ കുംബ്ലെ, ശിഖര്‍ ധവാന്‍, ആര്‍.പി സിങ് എന്നിവരാണ് റിഹാനയ്‌ക്കെതിരെ പരാമര്‍ശങ്ങളുമായി രംഗത്ത് വന്നത്. അതേ സമയം അനുഭവ് സിന്‍ഹ, സ്വരാ ഭാസ്‌കര്‍, വിശാല്‍ ദഡ്ലാനി, തപ്‌സി പന്നു, പ്രകാശ് രാജ്, കുനാല്‍ കമ്ര എന്നിവര്‍ റിഹാനയെ അനുകൂലിച്ചും രംഗത്ത് വന്നു.

ഇന്ത്യയിലെ അനേകം സെലിബ്രിറ്റികള്‍ മൗനത്തിലാഴ്ന്നിരിക്കുമ്പോഴും രാജ്യത്തെ അടിസ്ഥാന ജനതയുടെ അതിജീവന സമരത്തെ ലോകത്തിന് മുന്നില്‍ കൊണ്ടുവന്നതിലുള്ള സന്തോഷമറിയിച്ചുകൊണ്ട് റിഹാനയ്ക്ക് പിന്തുണയുമായും സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു.

600 മില്യണ്‍ ഡോളറിലധികം വാര്‍ഷിക വരുമാനമുള്ള വ്യവസായിയും ഗായികയും നടിയുമായ റിഹാന ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നത് എന്തുകൊണ്ടായിരിക്കുമെന്നത് അവരുടെ ജീവിതവും രാഷ്ട്രീയവും നിലപാടുകളും പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകാവുന്നതേയുള്ളൂ. വര്‍ണ വംശീയ വിവേചനങ്ങള്‍ക്കെതിരായ രാഷ്ട്രീയ നിലപാടുകള്‍ ജീവിതത്തില്‍ കൈക്കൊള്ളുകയും അത് ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്തിട്ടുള്ള റിഹാന അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയും കൂടിയാണ്.

എയിഡ്‌സ് ബാധിതരായ കുട്ടികള്‍, ക്യാന്‍സര്‍ ബാധിതര്‍ എന്നിവര്‍ക്ക് വേണ്ടി വര്‍ഷം തോറും കോടികള്‍ ചിലവഴിക്കുന്ന റിഹാന കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിഹാന തന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പേരിലാരംഭിച്ച ക്ലാര ആന്റ് ലിയോണല്‍ ഫൗണ്ടേഷന്‍ 60ഓളം രാജ്യങ്ങളിലെ പിന്നോക്കക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കിവരുന്നത്.

ബാര്‍ബഡോസിലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച റിഹാന തന്റെ കുട്ടിക്കാലത്ത് ദാരിദ്യത്തോടും പട്ടിണിയോടും പൊരുതിയാണ് ജീവിച്ചത്. കുടുംബം പോറ്റാനായി കഷ്ടപ്പെട്ട പിതാവിനോടൊപ്പം തൊപ്പിയും ബെല്‍റ്റും വില്‍ക്കാനായി റിഹാന തെരുവിലലഞ്ഞു. തന്റെ സമപ്രായക്കാരായ കുട്ടികള്‍ അനുഭവിക്കുന്ന ദാരിദ്ര്യവും കഷ്ടപ്പാടുകളും അന്ന് റിഹാനയെ വേദനിപ്പിച്ചിരുന്നു.

ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് കുടുംബത്തിന്റെ പട്ടിണി മാറിക്കഴിഞ്ഞാല്‍ വരുന്നതിന്റെ ബാക്കി ചില്ലറ നാണയുത്തുട്ടുകള്‍ റിഹാന സ്വരൂപിച്ചുവെച്ചു. തന്നെപ്പോലെ തന്നെ പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്ക് നല്‍കി. കരീബിയന്‍ ദ്വീപസമൂഹങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ക്കായി തനിക്കെന്തെല്ലാം ഭാവിയില്‍ ചെയ്യാന്‍ കഴിയുമെന്ന് സ്വപ്നം കണ്ടായിരുന്നു റിഹാന തന്റെ ബാല്യം കഴിച്ചുകൂട്ടിയത്.

വളര്‍ന്നു സമ്പന്നയാകുമ്പോള്‍ ഈ കുട്ടികളെയെല്ലാം ഞാന്‍ രക്ഷിക്കുമെന്നായിരുന്നു കുട്ടിക്കാലത്ത് റിഹാന പറഞ്ഞിരുന്നത്. 17ാമത്തെ വയസ്സില്‍ തന്റെ കരിയര്‍ ആരംഭിച്ച റിഹാന 18ാമത്തെ വയസ്സില്‍ തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

പോപ് മ്യൂസികില്‍ ചുവടുവെച്ച റിഹാന വലിയ താരമായി വളര്‍ന്നു. 2005ല്‍ പുറത്തിറങ്ങിയ മ്യൂസിക് ഓഫ് ദ സണ്‍ എന്ന റിഹാനയുടെ ആദ്യ ആല്‍ബം തന്നെ വലിയ ഹിറ്റായി മാറി. ആല്‍ബത്തിന്റെ 2 മില്യന്‍ കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. ഗുഡ് ഗേള്‍ ഗോണ്‍ ബാഡ് എന്ന തന്റെ മൂന്നാമത്തെ ആല്‍ബത്തിലൂടെ റിഹാന ലോകപ്രശസ്തിയിലേക്കുയര്‍ന്നു. 2020ല്‍ യു.കെയിലേക്ക് മാറിയ ശേഷം അവര്‍ ലോകത്തെ ഏറ്റവും ധനികയായ വനിതാ സംഗീതജ്ഞയായി മാറി.

കറുത്ത വംശജര്‍ ചുവന്ന ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിനെ പരിഹാസപൂര്‍വം വീക്ഷിച്ചിരുന്ന വരേണ്യ പൊതുബോധത്തിനെതിരെ പ്രതിഷേധ സൂചകമായി അവര്‍ ചുവന്ന ലിപ്സ്റ്റിക് ഉപയോഗിച്ച് ഒരു ക്യാംപയിന്‍ പോലെ രംഗത്ത് വന്നിരുന്നു. പിന്നീട് റിഹാന ലിപ്സ്റ്റിക് എന്ന രീതിയില്‍ അത് ഒരു ബ്രാന്റായി പോലും മാറുകയുണ്ടായി.

സ്ത്രീ സെലിബ്രിറ്റികളെത്തുന്ന അഭിമുഖങ്ങളിലെ സെക്സിസ്റ്റ് കമന്റുകളോടും ചോദ്യങ്ങളോടും ശക്തമായ ഭാഷയില്‍ റിഹാന പ്രതികരിച്ചിട്ടുണ്ട്. നിങ്ങള്‍ കാണുക പോലും ചെയ്യാത്ത സെലിബ്രിറ്റികളുമായി ചേര്‍ത്ത് പല കഥകളും പുറത്തുവരുന്നതിനെ എങ്ങനെയാണ് കാണുന്നത് എന്ന ഇന്റര്‍വ്യൂവറുടെ പരിഹാസം നിറഞ്ഞ ചോദ്യത്തിന് ആ കഥകളും അതിനെപ്പറ്റി ചോദിക്കുന്നതും ഒരുപോലെ ഫ്രസ്ട്രേറ്റിംഗ് ആണെന്നായിരുന്നു റിഹാനയുടെ മറുപടി.

ഫീമെയ്ല്‍ സെലിബ്രിറ്റികളോട് സ്ഥിരം ചോദിക്കുന്ന ബോയ്ഫ്രണ്ടിന്റെയും ആഗ്രഹിക്കുന്ന പുരുഷന്മാരുടെയും ഗുണങ്ങളെന്തൊക്കെ എന്ന ചോദ്യത്തോട് ഐ ആം നോട്ട് ലുക്കിംഗ് ഫോര്‍ എ മാന്‍, ലെറ്റ്സ് സ്റ്റാര്‍ട്ട് ദേര്‍ എന്ന കുറിക്കുകൊള്ളുന്ന മറുപടിയായിരുന്നു റിഹാന മറ്റൊരു ഇവന്റില്‍ നല്‍കിയത്.

പണത്തിന്റെയും പ്രശസ്തിയുടെയും താരപ്പകിട്ടിലും റിഹാന തന്റെ ഭൂതകാലവും നിലപാടുകളും മറന്നില്ല. അടിമത്വത്തിനെതിരെ, വംശീയതയ്‌ക്കെതിരെ, വര്‍ണവിവേചനങ്ങള്‍ക്കെതിരെയുള്ള പ്രചാരണങ്ങള്‍ക്കെല്ലാം തന്റെ പ്രശസ്തിയെ അവര്‍ വിനിയോഗിച്ചു. പാട്ടുകളിലും രാഷ്ട്രീയം പറഞ്ഞു.

Content Highlight: Who is Rihanna – Why She Stands for Farmers

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more