കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധിക്കുന്ന കുട്ടികളുടെ പങ്കാളിത്തം; പരാജയം നീതിന്യായ വിഭാഗത്തിനോ സമൂഹത്തിനോ?
Child Rights
കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധിക്കുന്ന കുട്ടികളുടെ പങ്കാളിത്തം; പരാജയം നീതിന്യായ വിഭാഗത്തിനോ സമൂഹത്തിനോ?
ഗോപിക
Thursday, 21st December 2017, 10:44 am

2012 ല്‍ ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ദല്‍ഹി നിര്‍ഭയ കേസില്‍ പിടിയിലായ 4 പ്രതികളില്‍ ഒരാളുടെ പ്രായം പിന്നീട് നിയമവിദഗ്ദരുടെ ഇടയില്‍ നിരന്തര ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. പതിനാറുവയസ്സുകാരന്‍ ഉള്‍പ്പെട്ട
ബലാത്സംഗ കേസില്‍ എങ്ങനെ വിധി നടപ്പാക്കണമെന്നത് നീതിന്യായ വിഭാഗത്തെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. നിര്‍ഭയ സംഭവം കഴിഞ്ഞ് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷവും പുറത്തുവരുന്ന കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത് ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ എര്‍പ്പെടുന്നത് വര്‍ദ്ധിക്കുന്നുവെന്നാണ്.

സമാനമായി തന്നെ ദല്‍ഹിയില്‍ സ്്കൂളില്‍ നാലരവയസ്സുകാരന്‍ സഹപാഠിയായ നാലുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയത് ഈയടുത്താണ്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തതെങ്കിലും എങ്ങനെ മറ്റ് നിയമനടപടികള്‍ കുട്ടിക്ക് നേരേ പ്രയോഗിക്കും എന്ന ആശയകുഴപ്പത്തിലാണ് ്അന്വേഷണ ഉദ്യോഗസ്ഥര്‍. മാത്രമല്ല ഇത്രയും ചെറിയ പ്രായത്തില്‍ ലൈംഗികതയെക്കുറിച്ചുള്ള അറിവുകള്‍ കുട്ടിക്ക് എങ്ങനെ ലഭിച്ചുവെന്ന ആശങ്കയിലാണ് പൊലീസ്

ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളുടെ എണ്ണം സമൂഹത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. ചൈല്‍ഡ്ലൈന്‍, ജുവൈനല്‍ ഹോം തുടങ്ങിയ സംവിധാനങ്ങളും കൗണ്‍സിലിംഗ് സെന്ററുകളും ധാരാളമുണ്ടെങ്കിലും സാമൂഹികാന്തരീക്ഷത്തില്‍ കുട്ടികളുടെ സ്വഭാവവൈകല്യങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളീയ പശ്ചാത്തലത്തില്‍ നോക്കുകയാണെങ്കിലും സ്ഥിതി മോശമല്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയകേസുകളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് ഇരകളാക്കപ്പെടുന്നത്. കണക്കുകള്‍ പ്രകാരം കേരളത്തില്‍ നിന്ന് കാണാതാവുന്ന കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. കുട്ടികളിലുണ്ടാകുന്ന ഇത്തരം സ്വഭാവ വൈകല്യങ്ങള്‍ക്ക് കാരണം
അണുകുടുംബങ്ങളുടെ ആവിര്‍ഭാവം ആണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അണുകുടുംബങ്ങളുടെ ഉത്ഭവത്തോടെ കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ കാര്യമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. കുട്ടികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് ഉണ്ടായ വീഴ്ചകളാണ് കുറ്റവാസനകള്‍ അവരില്‍ വളര്‍ത്തുന്നതിന് സാഹചര്യമൊരുക്കുന്നത് എന്നാണ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനായ മനേഷ് അഭിപ്രായപ്പെടുന്നത്. കുഞ്ഞുങ്ങളിലെ ചെറിയമാറ്റം വരെ നിരീക്ഷിക്കാന്‍ ഇന്നത്തെ മാതാപിതാക്കള്‍ സമയം മാറ്റിവയ്ക്കുന്നില്ലയെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. മാത്രമല്ല പിയര്‍ ഗ്രൂപ്പിന്റെ സ്വാധീനം വളരെയധികം കുട്ടികളുടെ സ്വാഭാവരൂപീകരണത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.

ഒരേ വയസ്സുകളില്‍പെട്ട പിയര്‍ ഗ്രൂപ്പുകളില്‍ നിന്ന വിവിധ തരത്തിലുള്ള അറിവുകളാണ് ലഭിക്കുന്നത്. ലഭിക്കുന്ന അറിവുകളെ വ്യക്തമായി തരം തിരിക്കാന്‍ കുട്ടികള്‍ക്ക പ്രായോഗിക ജ്ഞാനം കുറവാണ്. ഈ അവസരത്തില്‍ അവര്‍ക്ക് മുതിര്‍ന്നവരുടെ സഹായം ആവശ്യമായി വരുന്നുണ്ട്. അത്തരം ഘട്ടത്തിലാണ് കൂട്ടുകുടുംബത്തിന്റെയും മുതിര്‍ന്നവരുടെയും വേണ്ട ഇടപെടല്‍ ആവശ്യമായി വരുന്നത്. ഈ സാഹചര്യങ്ങള്‍ നമ്മുടെ സാമൂഹികസ്ഥിതിയില്‍ കുറവായതുകൊണ്ടാണ് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ എണ്ണം കൂടുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

 

സാങ്കേതികവിദ്യയിലെ മുന്നേറ്റം സമൂഹത്തിന്‍ ധാരാളം ഗുണങ്ങളാണ് സൃഷ്ടിച്ചതെങ്കിലും എറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന വിഭാഗമായി കുട്ടികള്‍ സാങ്കേതികത ഇടത്തെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് മനേഷ് അഭിപ്രായപ്പെടുന്നത്. സാങ്കേതികത പരിജ്ഞാനം എത്രമാത്രം ഉണ്ടെങ്കിലും അവയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് കാര്യത്തിലുള്ള അസന്നിഗ്ധതയാണ് കുട്ടികളുടെ സ്വഭാവവൈകല്യങ്ങള്‍ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വളരെയധികമാണിന്ന്. ഇത് കുട്ടികളില്‍ ഒരു തരം മായികത സൃഷ്ടിക്കുന്നു. അത് തന്നെയാണ് പല സെക്സ് റാക്കറ്റുകളും, ഓണ്‍ലൈന്‍ ക്രിമിനല്‍ ഗ്രൂപ്പുകളും വളരുന്നതിനും അതില്‍ കുട്ടികളുടെ പ്രാതിനിധ്യം വര്‍ദ്ധിക്കുന്നതിന് പ്രധാനകാരണം എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നു.

മാത്രമല്ല വീടിനുള്ളില്‍ നിന്നുണ്ടാകുന്ന സ്ട്രെസ്സ് പലപ്പോഴും കുട്ടികളുടെ സ്വഭാവത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. പഠനത്തെ കുട്ടിയുടെ തലയില്‍ മാത്രം വച്ചുകൊണ്ട് രക്ഷിതാക്കള്‍ പെരുമാറുന്നത് കുട്ടികളിലെ വീട് എന്ന സുരക്ഷിതബോധത്തെ ഇല്ലാതാക്കുന്നു. ഇതില്‍നിന്ന് പലപ്പോഴും പഠനഭാരം തന്നെയാണ് കുട്ടികളും മാതാപിതാക്കളുമായുളള ബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നത്. ഇതൊക്കെത്തന്നെ കുട്ടികളില്‍ അക്രമവാസന വളര്‍ത്തുവാനുളള പ്രധാനകാരണങ്ങളാണ്. ദല്‍ഹി റയാന്‍ സ്‌കൂളിലെ കൊലപാതകം ഈ അഭിപ്രായത്തെ പിന്‍താങ്ങുന്നതാണ്.

ഇതുകുടാതെ ഒരിക്കല്‍ ലൈംഗികാതിക്രമത്തിന് വിധേയമാക്കപ്പെട്ട കുട്ടികളില്‍ മറ്റുകുട്ടികളെ ആക്രമിക്കാനുള്ള പ്രവണത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെ മറ്റുള്ള കുട്ടികളില്‍ പരീക്ഷിച്ചുനോക്കാന്‍ ഇവര്‍ മുതിരുന്നു. ഇത്തരം സ്വഭാവവൈകല്യങ്ങളാണ് കുട്ടികളിലെ ആക്രമവാസന വളര്‍ത്തുവാനുള്ള സാമൂഹിക സാഹചര്യം ഒരുക്കി നല്‍കുന്നത്. മാത്രമല്ല നേരത്തേ പറഞ്ഞപോലെ സാങ്കേതിക വിദ്യയുടെ വികസനത്തിന്റെ ഭാഗമായി വ്യാപകമാകുന്ന പോണ്‍സൈറ്റുകളുടെ ഉപയോഗം കുട്ടികളില്‍ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Related image

 

മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവയുടെ ലഭ്യതയാണ് ഇത്തരം വിവരങ്ങളിലേക്ക് കുട്ടികളെ എത്തിക്കുന്നത്. മൊബൈല്‍ ഫോണകകള്‍, മറ്റ് സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ലഭ്യത ഇന്ന് കുട്ടികള്‍ക്ക ധാരാളമുണ്ട്. അശ്ലീല സിനിമകളും ദൃശ്യഅഹങ്ങളും കാണാനും അവയ്ക്ക അടിമപ്പെടാനും കുട്ടികളെ ഈ സംവിധാനങ്ങള്‍ പ്രേരിപ്പിക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വേഗത്തില്‍ ദുരുപയോഗം ചെയ്യാന്‍ കഴിയുന്ന പ്രായം കൂടിയാകുമ്പോള്‍ പുറമേയുള്ള ഇടപെടലുകളും അവരില്‍ സ്വഭാവ വൈകൃതങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇത്തരം സംവിധാനങ്ങളുടെ ശരിയായ ഉപയോഗത്തെപ്പറ്റി അവരെ ബോധ്യപ്പെടുത്തുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നുമില്ലയെന്നത് വസ്തുതയാണ്. സാങ്കേതികതവിദ്യയെ ക്രിയാത്മകമായി നിയന്ത്രിക്കുന്നതില്‍ മാതാപിതാക്കളും അധ്യാപകരും പൂര്‍ണ്ണപരാജയമാണ്. ഇതെല്ലാം തന്നെ കുട്ടികളില്‍ ആക്രമവാസന വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.

കഴിഞ്ഞ ആറുമാസത്തിനിടയില്‍ പത്തനാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രേഖപ്പെടുത്തിയത് 150 ലധികം മിസ്സിംഗ് കേസുകളാണ്. തൊണ്ണൂറു ശതമാനം കേസുകളിലും പ്രധാന പ്രതി പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് പത്തനാപുരം എസ്.ഐ മനാഫ് പറയുന്നത്. പ്രായപൂര്‍ത്തിയാവാത്ത പ്രതികളെ കൗണ്‍സിലിംഗിന് വിധേയമാക്കുകയാണ് എക മാര്‍ഗ്ഗം. കേരളത്തിലാകെ മൊത്തത്തില്‍ നാല്‍പ്പതിലധികം കൗണ്‍സിലിംഗ് സെന്ററുകളാണുള്ളത്.

Related image

 

1000 താഴെ സ്‌കൂളുകളില്‍ ഫാമിലി കൗണ്‍സിലിംഗ് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് പലര്‍ക്കും കഴിയുന്നില്ലയെന്നതാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നം. കുട്ടികളിലെ കുറ്റകൃത്യ മനോഭാവത്തെ ചെറുക്കാന്‍ മികച്ചരീതിയില്‍ കൗണ്‍സിലിംഗ് നടത്തണമെന്ന വിദഗ്ദരുടെ നിര്‍ദ്ദേശം പലപ്പോഴും മാതാപിതാക്കള്‍ അംഗീകരിക്കാറില്ലയെന്നാണ് വ്യക്തമാകുന്നത്. തങ്ങളുടെ സാമൂഹിക പദവിയെ ബാധിക്കുന്നതാണെന്നതിനാല്‍ ഈ സംവിധാനങ്ങളെ എതിര്‍ക്കുന്ന രീതിയാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ്ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനായ മനേഷ് പറയുന്നുണ്ട്.

കുട്ടികളിലെ കുറ്റകൃത്യവാസന വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം അവരുടെ ജീവിതാന്തരീക്ഷമാണെന്നാണ് കുട്ടികളുടെ സൈക്കോളജിസ്റ്റ് ആയ ഡോ. അനീസ പറയുന്നത്. സ്‌കൂളുകളില്‍ മികച്ച രീതിയില്‍ ലൈംഗിക വിദ്യാഭാസം നല്‍കുന്നതിലെ ആലംഭാവം കുട്ടികളുടെ സ്വഭാവരൂപീകരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ലൈംഗികാതിക്രമകേസുകളിലാണ് കൂടുതലായും കുട്ടികളുടെപങ്കാളിത്തം കാണുന്നത്.

അതിന് കാരണം പല വെബ്‌സൈറ്റുകളില്‍നിന്നും മറ്റും ലഭിക്കുന്ന തെറ്റായ അറിവുകളാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഇവയെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പിഴവുകളും നേരത്തേ പറഞ്ഞ കണക്കുകള്‍ കൂട്ടുന്നതിന് കാരണമാകുകയാണ് ചെയ്യുന്നത്.

Image result for CHILD ABUSE

 

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വസ്തുക്കളുടെ വില്‍പ്പന നിയമം മൂലം തടഞ്ഞിട്ടുണ്ടെങ്കിലും മറ്റ് രീതികളില്‍ ഇവ സുലഭമായി ലഭിക്കുന്നുണ്ട്. ഷാഡോ പൊലീസിന്റെ സഹായം ഇത്തരം കേസുകളില്‍ ഉപയോഗിക്കാറുണ്ടെങ്കിലും ചില അവസരങ്ങളില്‍ ഇത് പരിമിതമാണെന്നാണ് പല ഉദ്യോഗസ്ഥരും പറയുന്നത്.

ലൈംഗികാതിക്രമം കഴിഞ്ഞാല്‍ കുട്ടികള്‍ എറ്റവും കൂടുതല്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യമേഖല കഞ്ചാവ്, തുടങ്ങിയ മയക്കുമരുന്നുകളുടെ വില്‍പ്പനകണ്ണികളായിട്ടാണ്. പണത്തിനും, മറ്റ് ആഡംബര വസ്തുക്കള്‍ വാങ്ങാനുള്ള ഭ്രമവുമാണ് കുട്ടികളെ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത്. സാമൂഹിക ചുറ്റുപാടില്‍ ഇവ അത്യാവശ്യമാണെന്ന പൊതുധാരണ കുട്ടികളില്‍ നിര്‍മ്മിക്കപ്പെടുന്നതാണ് മയക്കുമരുന്ന ശൃംഖലകളില്‍ വരെ ഇവരെയെത്തിക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരെ തിരുത്തുവാന്‍ ഉള്ള സംവിധാനങ്ങളാണ് സംസ്ഥാനത്ത് വ്യാപകമായിട്ടുള്ള ജുവനൈല്‍ ഹോമുകള്‍. പലപ്പോഴും ക്രിമിനല്‍ വാസന വളര്‍ത്താനാണ് ഇത്തരം സ്ഥാപനങ്ങള്‍ കാരണമാകുന്നതെന്നാണ് പൊതുവെയുള്ള അഭിപ്രായമെങ്കിലും ഇത് തെറ്റായ ധാരണയെന്നാണ് പത്തനാപുരം പൊലീസ്സ്റ്റേഷന്‍ ഉദ്യോഗസ്ഥനായ മനാഫ് പറയുന്നത്. ജുവനൈല്‍ ഹോമുകള്‍ വഴി കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കുക മാത്രമേ ചെയ്യുന്നുള്ളു.

മാത്രമല്ല വിദ്യാഭ്യാസം, മറ്റ് മേഖലകളിലെ അറിവുകള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍. സാമൂഹികാന്തരീക്ഷം മെച്ചപ്പെടുത്തി കുട്ടികളില്‍ മൂല്യബോധം വളര്‍ത്താനാണ് മാതാപിതാക്കളും മറ്റ് സാമൂഹിക സ്ഥാപനങ്ങളും ശ്രമിക്കേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. വീടുകളിലെ കുടുംബാന്തരീക്ഷം തന്നെയാണ് കുട്ടികളെ ബാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ അടിസ്ഥാനപ്രശ്നം പരിഹരിച്ചാല്‍ മാത്രമാണ് കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളുടെ പങ്കാളിത്തം കുറയ്ക്കാന്‍ സാധിക്കയുള്ളു.

കൗണ്‍സിലിംഗും ബോധവല്‍ക്കരണപരിപാടികളും കുട്ടികളുടെ മാനസിക മാറ്റത്തിന് സഹായിക്കുമെന്ന നിലപാടിനോട് ഒരിക്കലും യോജിക്കുന്നില്ലെന്നാണ് ചൈല്‍ഡ് പ്രവര്‍ത്തകനായ മനേഷ് പറയുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി നടത്തിയ പല പ്രവര്‍ത്തനങ്ങളും വിജയകരമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ ബോധവല്‍ക്കരണ പരിപാടികള്‍ യാതൊരുവിധത്തിലുള്ള മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുന്നില്ലെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.

സാമൂഹികവും കുടുംബാന്തരീക്ഷത്തിലെ മാറ്റങ്ങളും കൊണ്ടു മാത്രമേ കുട്ടികളിലെ അക്രമവാസന തടയാന്‍ കഴിയുകയുള്ളു. സാങ്കേതിക വ്യതിയാനങ്ങള്‍ നിരവധി മാറ്റങ്ങള്‍ സാമൂഹിക സ്ഥിതിയില്‍ സൃഷ്ടിച്ചെങ്കിലും അവയെ ഫലപ്രദമായി ഉപയോഗിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിലെ പിഴവാണ് പലപ്പോഴും അവരെ ക്രിമിനല്‍ പശ്ചാത്തലത്തിലേക്ക് വളര്‍ത്താന്‍ സഹായിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള ആക്രമങ്ങളെ തടയാനായി പോക്സോ നിയമത്തിന്റെ പരിരക്ഷ നിയമ സംവിധാനത്തില്‍ ഉണ്ടെങ്കിലും കുറ്റകൃത്യങ്ങളില്‍ എര്‍പ്പെടുന്ന കുട്ടികളെ എത് രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് കാര്യത്തില്‍ ഇന്നും ആശങ്കകള്‍ തുടരുന്നുണ്ട്.

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.