ആരാണ് ബിഗ് ബോസിലെ രജിത് കുമാര്‍ ?, കാലടി ശ്രീ ശങ്കര കോളെജിലെ ബോട്ടണി അധ്യാപകന്‍ എന്ന പ്രൊഫൈലില്‍ മാത്രം ഒതുങ്ങുന്ന വ്യക്തിയല്ല അയാള്‍. നിരന്തരം സ്ത്രീവിരുദ്ധതയും അശാസ്ത്രീയതയും ട്രാന്‍സ്ഫോബിക്കുമായ പ്രസ്താവനകള്‍ നിരന്തരം നടത്തുകയും സര്‍ക്കാര്‍ തലത്തില്‍ തന്നെ നടപടികള്‍ നേരിടുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് രജിത് കുമാര്‍.
വിവാദങ്ങളുടെ ഉറ്റത്തോഴനായ ഇയാള്‍ ബിഗ് ബോസ് മത്സരവേദിയില്‍ എത്തിയതോടെയാണ് മലയാളി സമൂഹത്തില്‍ വീണ്ടും ചര്‍ച്ചയായത്. ബിഗ് ബോസ് ഹൗസിനകത്തും തന്റെ പ്രസ്താവനകളില്‍ പലതും ഇയാള്‍ തുടര്‍ന്നിരുന്നു.
2013 ല്‍ തിരുവനന്തപുരം വിമണ്‍സ് കോളേജിലെ പൊതുപരിപാടിക്കിടെ പെണ്‍കുട്ടികളെ അപമാനിച്ച് സംസാരിച്ചാണ് രജിത് കുമാര്‍ ആദ്യം വിവാദത്തിലാവുന്നത്. സര്‍ക്കാരിന്‍റെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളുടെ മൂല്യബോധന ജാഥയുടെ ക്യാപ്റ്റനും സ്റ്റുഡന്റ്‌സ് കേഡറ്റ് പരിശീലകനുമായിരുന്നു ഇയാള്‍.
‘ഞാന്‍ ഉള്‍പ്പെടുന്ന പുരുഷവര്‍ഗത്തിന് പത്ത് മിനുട്ട് മാത്രം മതി സ്പേം പെണ്‍കുട്ടിയുടെ യൂട്രസിലേക്ക് അയക്കാന്‍. പിന്നീട് പത്ത് മാസക്കാലം കുട്ടി വളരേണ്ടത് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലാണ്. ആണ്‍കുട്ടികളെ പോലെ പെണ്‍കുട്ടികള്‍ ഓടിച്ചാടി നടന്നാല്‍ പെണ്‍കുട്ടികളുടെ ഗര്‍ഭപാത്രം തിരിഞ്ഞു പോകും. ശാലീന സുന്ദരികള്‍ക്കാണ് ഭര്‍ത്താവിന്റെ സ്നേഹവും ബഹുമാനവും പിടിച്ചു പറ്റാന്‍ കഴിയുക. മേക്കപ്പ് ഒലിച്ചുപോകുമ്പോള്‍ ഭര്‍ത്താവിന്റെ സ്നേഹവും ഇല്ലാതാവും. ആണ്‍കുട്ടികള്‍ ശ്രമിച്ചാല്‍ വളരെ വേഗം വളച്ചെടുക്കാനാവുന്നവരാണ് പെണ്‍കുട്ടികള്‍. തൊണ്ണൂറു ശതമാനം പെണ്‍കുട്ടികളും രക്ഷിതാക്കളോട് കള്ളംപറഞ്ഞ് പ്രേമിച്ച് നടക്കുകയാണ് സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണം. ‘ എന്നൊക്കെയായിരുന്നു രജിത് കുമാറിന്റെ പരാമര്‍ശം.
രജിത് കുമാറിന്റെ ഈ സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച അന്ന് ഗവണ്‍മെന്റ് വിമന്‍സ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന ആര്യ സുരേഷ് എന്ന പെണ്‍കുട്ടി പൊതുവേദിയില്‍ അദ്ദേഹത്തെ കൂവി വിളിച്ച് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
എന്നാല്‍ അതേക്കുറിച്ച് രജിത് കുമാറിന്റെ പ്രതികരണം ഇതായിരുന്നു. ”നമുക്കാ മോളോടു ക്ഷമിക്കാം… ഒരു പ്രോബ്ലോമില്ല.. കാരണം എല്ലാം ജീനുകളുടെ പ്രശ്നങ്ങളാണ്..ഡിഎന്‍എയും ജീനും…മനസ്സിലായോ ?” എന്നുപറഞ്ഞ് രജിത് കുമാര്‍ പൊതുവേദിയില്‍ കുട്ടിയെ അപമാനിക്കുകയും ചെയ്തിരുന്നു. ഇതൊടെയാണ് ഇയാള്‍ മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായി തുടങ്ങിയത്.
ഈ സംഭവത്തോടെ ഡോ. രജിത് കുമാറിനെ കരിമ്പട്ടികയില്‍പ്പെടുത്തിയതായി അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു.സര്‍ക്കാരിന്റെ യാതൊരു പരിപാടിയിലും രജിത് കുമാറിനെ പങ്കെടുപ്പിക്കില്ലെന്നും വിവാദപരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ സേവനം ഇനി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് സ്ത്രീകളെ അപമാനിച്ച് രജിത് കുമാര്‍ വിമന്‍സ് കോളേജില്‍ വെച്ച് നടത്തിയ പ്രസംഗത്തിനെതിരെ ശോഭനാ ജോര്‍ജ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിനായി കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ ഗിരിജാ ദേവിയെ ചുമതലപ്പെടുത്തി.
എന്നാല്‍ സ്ത്രീകളെ ആക്ഷേപിച്ച് പ്രസംഗിച്ച രജിത് കുമാര്‍ ഋഷി തുല്യനാണെന്ന് ആയിരുന്നു ഗിരിജ ദേവിയുടെ റിപ്പോര്‍ട്ട്. പ്രസംഗത്തിനെതിരെ കൂവിയ തിരുവനന്തപുരം വിമന്‍സ് കോളേജ് വിദ്യാര്‍ത്ഥിനി ആര്യയുടെ പ്രവര്‍ത്തി വകതിരിവില്ലാത്തതാണെന്നും ഡെപ്യൂട്ടി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
2018
പിന്നീട് ഒരു ചാനല്‍ ചര്‍ച്ചയിലും കാസാര്‍ഗോഡ് വെച്ച് നടന്ന പരിപാടിയിലും ഇയാള്‍ തന്റെ വാദങ്ങള്‍ തുടരുകയായിരുന്നു. അമ്മമാര്‍ പുരുഷന്മാരെപ്പോലെ വസ്ത്രം ധരിച്ചാല്‍ കുട്ടികള്‍ ട്രാന്‍സ്‌ജെന്‍ഡറാകും. ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ അസുഖം ബാധിച്ച കുട്ടികളുണ്ടാകുന്നത് നിഷേധികളായ അച്ഛനമ്മമാര്‍ക്കാണ് എന്നായിരുന്നു ഇയാളുടെ പ്രസ്താവന.
പെണ്‍കുട്ടികള്‍ ചെറുപ്രായത്തില്‍ ടൈറ്റ് സീന്‍സ് ധരിച്ചാല്‍ ഇടുപ്പെല്ല് ചുരുങ്ങും. അതിനകത്ത് കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാനുള്ള ഗര്‍ഭപാത്രം ചുരുങ്ങും. നല്ല കുടുംബത്തിലെ പയ്യന്റെ വിത്ത് കിടുകിടിലമായിരിക്കും. ആക്രി പിള്ളേരുടേത് ഇപ്പോഴൊന്നും അങ്ങനെ ആയിരിക്കില്ലെങ്കിലും ശ്രമിച്ചാല്‍ ആവും. നല്ല വിത്ത് അത്തരമൊരു ഗര്‍ഭപാത്രത്തിലെത്തിയാല്‍ കുഞ്ഞ് വളര്‍ന്ന് തുടങ്ങുമ്പോള്‍ അതിന് കൊള്ളാതാവും. പിന്നീട് സിസേറിയന്‍ മാത്രമാകും പോംവഴി.’
സിസേറിയന്‍ ബ്രെസ്റ്റ് കാന്‍സറിന് കാരണാകും. കേരളത്തില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ വന്ന പത്ത് പേരില്‍ ഏഴ് പേരും സിസേറിയന്‍ ചെയ്തവരാകുമെന്നും രജിത് കുമാര്‍ പറഞ്ഞിരുന്നു. സിസേറിയന്‍ ചെയ്തവര്‍ക്ക് നാല്പത്തിയഞ്ച് വയസ്സിനുള്ളില്‍ ക്യാന്‍സര്‍ വരും. ടൈറ്റ് ജീന്‍സ് ഇടുന്നത് ഗര്‍ഭപാത്രത്തില്‍ ക്യാന്‍സറുണ്ടാകാനും മൂത്രാശയ രോഗങ്ങള്‍ക്കും കാരണമാകും. കൂടാതെ സന്താനോല്‍പ്പാദന ശേഷിയേയും ബാധിക്കും. ആണ്‍വേഷം ധരിക്കുന്ന സ്ത്രീക്കുണ്ടാകുന്ന കുഞ്ഞ് ആണും പെണ്ണും അല്ലാത്തതായിരിക്കും. അവരെ വിളിക്കുന്ന പേരാണ് ട്രാന്‍സ്ജെന്‍ഡര്‍. നിഷേധികളായവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ ഓട്ടിസമുള്ളവരായിരിക്കും’ എന്നും രജിത് കുമാര്‍ പ്രസ്താവിച്ചിരുന്നു.
ഇതോടെ 2018 ഏപ്രില്‍ മാസം രജിത് കുമാറിനെ ബോധവത്ക്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഉത്തരവിട്ടിരുന്നു.
മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും പരിപാടികളിലേക്ക് തന്നെ വേണ്ടെന്നു വച്ചാല്‍ ഒരു വിരോധവും ഇല്ലെന്നുമായിരുന്നു ഇതിനെ കുറിച്ച് രജിത് കുമാര്‍ പറഞ്ഞത്.
കെട്ടിച്ചമച്ചുണ്ടാക്കിയ വിവാദത്തില്‍ ഏതെങ്കിലും മാതാപിതാക്കള്‍ക്കോ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയ സുഹൃത്തുക്കള്‍ക്കോ എന്തെങ്കിലും വിഷമം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് വളച്ചൊടിച്ചവര്‍ക്ക് വേണ്ടി മാപ്പു ചോദിക്കുന്നു. ഇനി അതല്ല ഞാന്‍ നിങ്ങളോട് തെറ്റ് പ്രവര്‍ത്തിച്ചെന്ന് തോന്നുന്നുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും രജത് കുമാര്‍ പറയുന്നു
പത്ത് പതിനഞ്ച് വര്‍ഷമായി സമൂഹത്തിലെ നന്മ മാത്രം ഉദ്ദേശിച്ച് പുതിയ തലമുറ വഴി തെറ്റാതിരിക്കാനും അടുത്ത തലമുറ നന്നായി ജനിക്കാനും വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍ എന്നും ഇയാള്‍ പറഞ്ഞു.
2019
തന്റെ മുന്‍ നിലപാടുകളില്‍ നിന്ന് പിന്മാറാന്‍ തയ്യാറല്ലെന്ന് തെളിയിക്കുന്നതായിരുന്നു 24 ചാനലിലെ ജനകീയ കോടതി എന്ന ടോക്ക് ഷോയിലെ രജിത് കുമാറിന്റെ പ്രസ്താവനകള്‍.
കുട്ടികളോട് സത്യം പറഞ്ഞ് ബോധ്യപ്പെടുത്തണോ അവരെ നമ്മള്‍ തെറ്റിദ്ധരിപ്പിക്കണോ എന്നാണ് ഓട്ടിസത്തെ കുറിച്ചും സെറിബ്രല്‍ പള്‍സിയെ കുറിച്ചും ഇയാള്‍ ആവര്‍ത്തിച്ചത്.
അവരുടെ മാതാപിതാക്കള്‍ തെറ്റായത് കൊണ്ടാണോ കുട്ടികള്‍ക്ക് ഓട്ടിസം ബാധിച്ചത് എന്ന അവതാരകന്റെ ചോദ്യത്തിന്, പാരമ്പര്യമായി പരിശോധിക്കുമ്പോള്‍ നമ്മള്‍ കേട്ടിട്ടുണ്ട് പാരമ്പര്യമായി കാന്‍സര്‍ വാരാറുണ്ട് എന്ന്. അതുകൊണ്ട് എനിക്ക് കാന്‍സര്‍ വന്നാല്‍ എന്റെ അമ്മയെ കുറ്റം പറയാന്‍ പറ്റോ എന്ന വിചിത്രമായ മറുപടിയാണ് രജിത് കുമാര്‍ നല്‍കിയത്.
ഇവരുടെ മാതാപിതാക്കളെ കുറിച്ച് എത്ര പഠനം കയ്യിലുണ്ട്. കേരളത്തിലുള്ള ഓട്ടിസ്റ്റിക് ആളുകളെ കുറിച്ച് എത്ര പഠനം കയ്യിലുണ്ട് എന്ന അവതാരകന്റെ ചോദ്യത്തിന് ഇതുമുഴുവന്‍ ഞാന്‍ ചെയ്താല്‍ എനിക്ക് കേരളരത്നം പുരസ്‌ക്കാരം കിട്ടേണ്ടേ എന്ന മറുപടിയാണ് രജിത് കുമാര്‍ നല്‍കിയത്. ഇത് കിട്ടാതെ ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് അങ്ങ് നടത്താന്‍ പാടുണ്ടോ എന്ന് അവതാരകന്‍ ചോദിച്ചിരുന്നു.
രക്ഷിതാക്കളുടെ ജനിതക തകരാറു കൊണ്ടോ അവരുടെ പെരുമാറ്റ തകരാറു കൊണ്ടോ ഓട്ടിസം അവരുടെ കുട്ടികള്‍ക്ക് ഉണ്ടാകുന്നു എന്ന് തെളിയിച്ച പഠനം എന്തെങ്കിലും ഉണ്ടോ എന്ന് അവതാരകന്‍ വീണ്ടും ചോദിച്ചു. ”ഞാനും താങ്കളും കോളെജിലെ അധ്യാപകരാണ്. നമ്മള്‍ ക്ലാസില്‍ ചെല്ലുമ്പോള്‍ ബഹളം വെക്കുന്ന കുട്ടികളെ എന്താ പറയുക. അനുസരണ ഇല്ലാത്ത കുട്ടികള്‍ എന്ന് നമ്മള്‍ പറയും. അതുകൊണ്ട് അവരുടെ മാതാപിതാക്കള്‍ അനുസരണ ഇല്ലാത്തവരാണെന്ന് പറയോ. ഇല്ല ഒരിക്കലും പറയില്ല.
കാലില്‍ വേദനയുണ്ടാകുമ്പോള്‍ വേദനസംഹാരി കഴിച്ചാല്‍ ആ മരുന്നിന്റെ രാസവസ്തുക്കള്‍ രക്തത്തിലൂടെ കാലിന്റെ പാദത്തില്‍ വന്നിട്ടാണ് വേദന മാറ്റുന്നത്”- തുടങ്ങിയ പരസ്പര വിരുദ്ധവും വിചിത്രവുമായ മറുപടിയാണ് രജിത് കുമാര്‍ നല്‍കിയത്.
തീര്‍ത്തും ശാസ്ത്രത്തിന് വിരുദ്ധമായ പരാമര്‍ശങ്ങളായിരുന്നു രജിത് കുമാര്‍ ചര്‍ച്ചയില്‍ ഉടനീളം നടത്തിയത്. ശാസ്ത്രത്തെ വികലീകരിച്ച് സ്ത്രീ വിരുദ്ധവും ട്രാന്‍സ് ജെന്‍ഡര്‍ വിരുദ്ധവുമായ പരാമര്‍ശങ്ങളും രജിത് കുമാര്‍ നടത്തുന്നുണ്ട്. ”ജീന്‍സ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും ധരിച്ചാല്‍ അടുത്ത തലമുറയുണ്ടാകുമ്പോള്‍ ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികള്‍ ജനിക്കും.
ശാസ്ത്രം വേദത്തില്‍ അതിഷ്ഠിതമാണ്. വേദവും വസ്ത്രവും തമ്മില്‍ ബന്ധമുണ്ട്. ബൈബിളില്‍ പറഞ്ഞിട്ടുണ്ട് സ്ത്രീ പുരുഷന്റെ വേഷമോ പുരുഷന്‍ സ്ത്രീയുടെ വേഷമോ അണിയാന്‍ പാടില്ല എന്ന്. ചിന്തക്ക് അനുസരിച്ച് ജീനില്‍ വ്യത്യാസങ്ങള്‍ വരും. പട്ടുപാവാടയും ബ്ലൗസും ഇട്ടു നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് ഉണ്ടാകുന്ന ചിന്തപോലെയാവോ പെണ്‍കുട്ടി ജീന്‍സും ഷര്‍ട്ടും ഇട്ടു നടക്കുമ്പോള്‍. പെണ്‍കുട്ടികള്‍ അടങ്ങി ഒതുങ്ങി ഇരുന്നില്ലെങ്കില്‍ ഗര്‍ഭപാത്രം പുറത്തുവരും”- എന്നീ വാദങ്ങളും രജിത് കുമാര്‍ ആവര്‍ത്തിച്ചിരുന്നു.
ഹോര്‍മോണ്‍ ട്രീറ്റ്മെന്റ് ചെയ്താണ് ആണ്‍കുട്ടി പെണ്‍കുട്ടിയായത്. നിങ്ങള്‍ക്ക് ഗര്‍ഭപാത്രമില്ല. നിങ്ങള്‍ക്ക് കുട്ടിയെ പ്രസവിക്കാന്‍ കഴിയില്ല. സ്ത്രീകളായാല്‍ പ്രസവിക്കണം. പുരുഷന്‍ പുരുഷന്റെ സ്വഭാവങ്ങള്‍ അധപതിപ്പിക്കുമ്പോള്‍ സ്ത്രീയുടെ സ്വഭാവങ്ങള്‍ വരും, അത് തിരിച്ചും അങ്ങനെ തന്നെയാണ് തുടങ്ങിയ ട്രാന്‍സ്ജെന്‍ഡര്‍ വിരുദ്ധ പരാമര്‍ശങ്ങളാണ് രജിത് കുമാര്‍ നടത്തിയത്.
DoolNews Video